ജീവിതം ഈ പട്ടം പോലെയാണ്

ഇവിടെ ജമ്മുവിൽ വന്ന ശേഷം ഞാൻ ഏറ്റവുമധികം കണ്ടിട്ടുള്ള ഒരു വിനോദമാണ് പട്ടം പറത്തുന്നതാണ്. പലപ്പോഴും  വീടിന്റെ ടെറസിൽ നിന്നു കൊണ്ട് ഒരുപറ്റം കുട്ടികൾ പട്ടം പറത്തുന്നത് ഞാൻ നോക്കി നിൽക്കാറുണ്ട്. ഒരുപാട് ക്ഷമ വേണ്ട ഒന്നാണ് ഈ പട്ടത്തെ ആകാശത്ത് എത്തിക്കുക എന്നത്. അവർ പട്ടത്തെ പറത്താൻ ശ്രമിക്കുമ്പോൾ അത് വീണ്ടുംവീണ്ടും താഴെ വീഴുന്നു എന്നാൽ ഒട്ടും മടുപ്പില്ലാതെ അവർ പിന്നെയും ശ്രമിക്കുന്നു അത് പിന്നെയും താഴെ വീഴുന്നു. പക്ഷേ അവരുടെ ശ്രമത്തിൽ അൽപ്പം പോലും മടുപ്പില്ലാതെ ആ കുട്ടികൾ വല്ലാത്ത ഒരു അഭിനിവേശത്തോടെ കൂടി ആ പട്ടം ആകാശത്തോട് ഉയരുന്നതും കാത്ത് വീണ്ടുംവീണ്ടും അതിനെ പറപ്പിക്കാൻ ശ്രമിക്കുന്നത് കാണാം.  ഒരുപാട് ശ്രമങ്ങൾക്ക് ശേഷം ആ പട്ടം മെല്ലെ ആകാശത്തോട് ഉയരുന്നത് കാണുവാൻ സാധിക്കും. അത് കണ്ട് തുള്ളിച്ചാടുന്ന ഒരുപറ്റം കുട്ടികളെ കാണാം കാരണം ഒരു പട്ടം പറത്താൻ ശ്രമിക്കുന്നത് രണ്ടോ മൂന്നോ കുട്ടികൾ ഒന്നിച്ചു കൂടിയാണ്. പിന്നീട് അവർ മാറി മാറി പട്ടത്തെ നിയന്ത്രിക്കുന്നു അത് ആകാശത്തോട് ഉയരുന്നതും നോക്കി അതിന്റെ കടിഞ്ഞാൻ അയച്ചു കൊടുക്കുന്നു. പിന്നീട് രണ്ടോ മൂന്നോ മണിക്കൂർ ആ പട്ടം അവർ ആകാശത്തിലൂടെ  പറത്തുന്നു. പിന്നീട് വീശിയടിക്കുന്ന കാറ്റിനെ അതിജീവിക്കുവാൻ കാറ്റിന്റെ ഗതിക്കനുസരിച്ച്  ആ പട്ടത്തെ നിയന്ത്രിച്ച് മെല്ലെമെല്ലെ അവർ അതിനെ താഴെ ഇറക്കുന്നു. ഒരു നിമിഷം നിയന്ത്രണം വിട്ടാൽ ആ പടം മരത്തിന്റെ മുകളിലും ദൂരെ ഉള്ള കുറ്റിക്കാട്ടിലും മറ്റും വന്നു വീഴും. ജീവിതം പലപ്പോഴും ഈ കുട്ടികൾ പറത്തുന്ന പടങ്ങൾ പോലെയാണ് എന്ന് തോന്നിയിട്ടുണ്ട് ക്ഷമയോടുകൂടി നിയന്ത്രിച്ചാൽ അത് മുകളിലോട്ട് ഉയരും ഒരു നിമിഷം നിയന്ത്രണം കൈവിട്ടുപോയാൽ അത് കുറ്റിക്കാട്ടിലും, മരത്തിനുമുകളിൽലും, ചതുപ്പു നിലങ്ങളിലും വന്ന് വീണ്  നാശമായി പോകും. ഇങ്ങനെ ഓരോ ചിന്തകൾ ഈ കുട്ടികൾ പട്ടം പറത്തുമ്പോ എൻ്റെ മനസ്സിലൂടെ കടന്നു പോകാറുണ്ട്.

Comments