എന്നിലെ ശൂന്യത

ചില സായാഹ്നങ്ങളിൽ എനിക്ക്
വല്ലാത്തൊരു ശൂന്യത അനുഭവപ്പെടും
അങ്ങനെയുള്ള നിമിഷങ്ങളിൽ ഇനി
ഒന്നും ചെയ്യാൻ ഇല്ലാത്തതായി തോന്നും
ട്രോളുകൾ ഉണ്ടാക്കാൻ തോന്നുന്നില്ല
കവിതയോ, കഥയോ എഴുതാൻ
തോന്നുന്നില്ല അങ്ങനെ ഒരു പ്രത്യേക
ശൂന്യത തളം കെട്ടി നിൽക്കുന്ന ഒരു അവസ്ഥ. അപ്പോൾ ചുമ്മാ ഒരു ഗ്ലാസ് കട്ടൻ ചായയും നുണഞ്ഞ് ബാൽക്കണിയിൽ ഇങ്ങനെ ഇരിക്കും പിന്നെ പഴയ ചില ഓർമ്മകൾ ഒന്ന് പൊടി തട്ടിയെടുക്കും. അങ്ങനെ ഓർത്തെടുക്കുമ്പോൾ ഒരുപാട് മനോഹരമായ ഓർമ്മകൾ മനസ്സിലേക്ക് കടന്നു വരും. ചില മനോഹരമായ നിമിഷങ്ങൾ ഓർത്തെടുക്കുമ്പോൾ അത് വീണ്ടും കിട്ടാൻ വളരെയധികം കൊതിക്കും. പിന്നെ ജീവിതത്തിൽ സംഭവിച്ച പിഴവുകൾ ഓരോന്നായി പോസ്റ്റ്മോർട്ടം ചെയ്യും , പണ്ട് ഞാൻ എടുത്ത ചില തീരുമാനങ്ങൾ തെറ്റായിരുന്നു വേണ്ടായിരുന്നു എന്നല്ലാം സ്വയം കുറ്റപ്പെടുത്തും. പിന്നെ എന്റെ തീരുമാനങ്ങൾക്ക് ഞാൻ തന്നെയാണ് ഉത്തരവാദി എന്ന് സ്വയം പറഞ്ഞ് ഇനിയും ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ ചെയ്തു തീർക്കാനുണ്ട് എന്ന് ആത്മഗതം ചെയ്യും. ശേഷം അങ്ങുദൂരെ അസ്തമിക്കുന്ന സൂര്യനെ നോക്കി കുറെ നേരം ഇരിക്കും, പാറി പറക്കുന്ന കിളികളെ നോക്കും ദൂരത്ത് പട്ടം പറപ്പിക്കുന്ന കുട്ടികളെ നോക്കും ശേഷം എനിക്ക് ചുറ്റുമുള്ള ശുദ്ധവായു മെല്ലെ ഉള്ളിലോട്ട് എടുത്ത് അതിന്റെ ഗന്ധം ആസ്വദിക്കും. അങ്ങനെ കുറെ നേരം ഇരിക്കുമ്പോൾ മനസ്സിനുള്ളിലെ ശൂന്യത മെല്ലെമെല്ലെ ഇല്ലാതാകുന്നതായി തോന്നും. എവിടെനിന്നോ പുതിയ ഒരു ഊർജ്ജം ലഭിച്ച പോലെ എനിക്ക് ഈ പ്രകൃതിയെ നോക്കിയിരിക്കുമ്പോൾ തോന്നാറുണ്ട്. നമുക്ക് ചുറ്റുമുള്ള പ്രകൃതിക്ക് ഒരുപക്ഷേ നമ്മളെ മനസ്സിലാക്കാൻ കഴിയുന്നുണ്ടാകും നമ്മുടെ ചിന്തകളെ കേൾക്കുവാൻ പറ്റുന്നുണ്ടാവും. ഒരുപക്ഷേ ഈ പ്രകൃതിക്ക് നമ്മളെ ആശ്വസിപ്പിക്കണം എന്നുണ്ടാകും. അതാകും കുളിർതെന്നലായും, കിളി കൊഞ്ചലുകളായും മനോഹരമായ പ്രകൃതിയുടെ ദൃശ്യനുഭവങ്ങളായും നമ്മുടെ മുന്നിലെത്തുന്നത്. പ്രകൃതിയിൽ നിന്ന് വന്ന നമുക്ക് ഒരിക്കൽ ഈ പ്രകൃതിയോട് തന്നെ അലിഞ്ഞു ചേരേണ്ടി വരും. അതാകും ഒരുപക്ഷേ ഞാനീ പ്രകൃതിയിലേക്ക് നോക്കിയിരിക്കുമ്പോ എന്നിലെ ശൂന്യത മാഞ്ഞു പോയി അവിടെ ഒരു ആനന്ദം നിറയ്ക്കാൻ ഈ പ്രകൃതിക്ക് കഴിയുന്നത്.

Comments