നല്ല ഇടയൻ


ഇന്നു വൈകുന്നേരം ചുമ്മാ കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞിരിക്കുമ്പോൾ ഒരു പയ്യൻ ഞങ്ങൾ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് പുറത്ത് ബുള്ളറ്റ് നിർത്തി അകത്തോട്ടു കയറി വന്നു. അവൻ്റെ മുഖത്ത് നിരാശയും ആവലാതിയും തളംകെട്ടി നിൽക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു. അപരിചിതനെ കണ്ടപ്പോൾ ''എന്തുപറ്റി'' എന്ന് ഞാൻ ചോദിച്ചു. "രാവിലെ മേയാൻ പോയ ആടുകളിൽ മൂന്നെണ്ണം തിരിച്ച് വീട്ടിലെത്തിയില്ല അതിനെ അന്വേഷിച്ച് ഇറങ്ങിയതാണ്" എന്ന് അവൻ വളരെ സങ്കടത്തോടെ മറുപടി പറഞ്ഞു. അവൻ അടുത്തുള്ള സ്ഥലങ്ങളിൽ എല്ലാം അന്വേഷിച്ചു അടുത്തുള്ള കുറ്റിക്കാട്ടിൽ എല്ലാം അരിച്ചുപെറുക്കി. ശേഷം വളരെ നിരാശപ്പെട്ട് ഞങ്ങളോട് "ഇവിടെ മേഞ്ഞുനടന്ന ആളുകളെ കണ്ടോ" എന്ന് ചോദിച്ചു. അവനോട് ഞങ്ങൾ ആടിനെ ഒന്നും ഇവിടെ കണ്ടില്ല ചിലപ്പോൾ അടുത്തുള്ള കാട്ടിലോട്ടോ മലമുകളിലോ തീറ്റ തേടി പോയി കാണും ഇതിന്റെ പിന്നിലൂടെ ഒരു വഴിയുണ്ട് അതുവഴി ആട് മേഞ്ഞ് പോകുന്നത് കാണാറുണ്ട് എന്ന് പറഞ്ഞു. ഇവിടെ ഇടയ്ക്ക് കാട്ടിൽ നിന്നു വരുന്ന ചെന്നായ്ക്കളുടെ ശല്യം ഉള്ളതിനാൽ ചിലപ്പോ ആടുകളെ ചെന്നായ പിടിച്ചു കാണും എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു. അവനെ കണ്ടപ്പോൾ എനിക്ക് ബൈബിളിൽ വഴിതെറ്റിപ്പോയ ആടിനെ അന്വേഷിച്ച് നടക്കുന്ന ക്രിസ്തുവിനെ പെട്ടെന്ന് ഓർമ്മ വന്നു. അവൻ വീണ്ടും ബുള്ളറ്റ് എടുത്ത് കാട്ടിലേക്ക് പോകുന്ന വഴിയെ ആടിനെ അന്വേഷിച്ച് പോയി. സമയം ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു ദൂരെ നിന്ന് ബുള്ളറ്റിൻ്റെ ശബ്ദം കേട്ടപ്പോൾ പെട്ടെന്ന് തന്നെ ഞാൻ ജനലരികിൽ ഓടിച്ചെന്ന് നോക്കി. ആ കാഴ്ച കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി, നഷ്ടപ്പെട്ടുപോയ മൂന്ന് ആടുകളെ തേടി കണ്ടുപിടിച്ച് അതിനെ ബുള്ളറ്റിൽ ഇരുന്ന് മേച്ചുകൊണ്ടു വരുന്ന ഒരു ന്യൂ ജനറേഷൻ ആട്ടിടയൻ. അവനോട് ഞാൻ ആടുകളെ എവിടെ നിന്ന് കിട്ടി എന്നു ചോദിച്ചു. അവൻ വളരെ സന്തോഷത്തോട് കൂടി " മലമുകളിൽ ആടുകൾ മേഞ്ഞു നടക്കുകയായിരുന്നു" എന്നു പറഞ്ഞു. ഇപ്പോൾ അവൻ്റെ മുഖത്ത് മുന്നേ ഞാൻ കണ്ട നിരാശയോ വ്യാകുലതയുടെ ഇല്ല ഒരുപാട് സന്തോഷം ആ മുഖത്ത് എനിക്ക് കാണുവാൻ സാധിച്ചു. എന്തായാലും ബുള്ളറ്റിൽ ആടിനെ മേച്ച് കൊണ്ടുപോകുന്ന ആ ന്യൂജൻ ആട്ടിടയനായ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അവൻ അറിയാതെ ആടിനെ ബുള്ളറ്റിൽ ഇരുന്ന് മേച്ച് കൊണ്ടുപോകുന്ന ആ മനോഹരമായ കാഴ്ച എൻ്റെ മൊബൈൽ ക്യാമറയിൽ ഞാൻ പകർത്തി.

Comments