രസങ്ങൾ ആയുർവേദത്തിൽ
രസങ്ങൾ--മധുരം, അമ്ലം, ലവണം, തിക്തം, ഊഷണം (കടു), കഷായം ഇങ്ങിനെ ആറാകുന്നു. ഇവയിൽ മധുരം അമ്ലത്തേക്കാളും, അമ്ലം ലവണത്തെക്കാളും ഇങ്ങിനെ മുമ്പേമുമ്പേ പറയപ്പെട്ടവ പിന്നെപ്പിന്നെ ഉള്ളവയേക്കാൾ അധികമധികം ബലപ്രദങ്ങളാണു. അതിൽതന്നെ ആദ്യം പറഞ്ഞ മൂന്നു രസങ്ങൾ വാതത്തെ ശമിപ്പിക്കുന്നവയും, കഫത്തെ വർദ്ധിപ്പിക്കുന്നവയുമാണു. ശേഷമുള്ള മൂന്നെണ്ണം കഫത്തെ ശമിപ്പിക്കും; എന്നാൽ വാതത്തെ വർദ്ധിപ്പിക്കുകയും ചെയ്യും. കഷായം, തിക്തം, മധുരം ഈ മൂന്നു രസങ്ങൾ പിത്തത്തെ ശമിപ്പിക്കുന്നവയാണു; പക്ഷേ അമ്ലം, ലവണം, കടുകം എന്നിവ പിത്ത വൃദ്ധികരങ്ങളുമാകുന്നു. മേല്പറഞ്ഞ ആറു രസങ്ങളിൽ ഓരോന്നിന്റേയും ഗുണങ്ങൾ ഓരോ വിധത്തിലാണു. അവയുടെ വിവരണം താഴേ കാണിക്കാം.
മധുരരസം
സകലധാതുക്കളേയും പുഷ്ടി വരുത്തുന്നതും, മുലപ്പാൽ ധാരാളമുണ്ടാക്കുന്നതും, കണ്ണിന്നു നല്ലതും, ബലകരവും, കൃമികളെ വർദ്ധിപ്പിക്കുന്നതുമാകുന്നു. അതു ബാലന്മാൎക്കും, വൃദ്ധന്മാൎക്കും, ക്ഷതന്മാൎക്കും (മുറിയേറ്റവർ), ക്ഷീണന്മാൎക്കും ഹിതമായിട്ടുള്ളതാണു. അത് അധികമായി ശീലിച്ചാൽ പ്രമേഹം, ഗണ്ഡമാല, അൎബ്ബുദം മുതലായ രോഗങ്ങളുണ്ടായിത്തീരുകയും ചെയ്യും.
അമ്ലം (പുളി)
ദീപനത്തിന്നു നല്ലതും, രുചികരവുമാണു. അതു തൊട്ടാൾ തണുപ്പുള്ളതായി (ഹിമസ്പർശം) തോന്നും; പക്ഷെ ഫലത്തിൽ ചൂട് (ഉഷ്ണവീൎയ്യം) ആയിരിക്കുകയും ചെയ്യും. അതു പിന്നെ വാതശമനവും, ശോധനവും, ക്ലേദനവും (നുലവുണ്ടാക്കുന്നതു) ആകുന്നു. അത് മാത്രമായി ശീലിച്ചിരുന്നാൽ അതുതന്നെ തിമിരം, പാണ്ഡ് മുതലായ രോഗങ്ങൾക്കു കാരണമായിത്തീരുന്നതുമാണു.
ലവണം (ഉപ്പ്)
ബലകരവും,ശോധനവും, പിത്തകഫങ്ങളെ വർദ്ധിപ്പിക്കുന്നതും,ശൈഥില്യകരവും (അയവുണ്ടാക്കുന്നത്) സകല ശരീരാവയവങ്ങൾക്കും മാർദ്ദവമുണ്ടാക്കുന്നതും, സ്വേദനവും (വിയൎപ്പിക്കുന്നത്) ആകുന്നു. അധികമായി ഉപയോഗിച്ചാൽ അതു നര, കുഷ്ഠം, വിസർപ്പം മുതലായതെല്ലാം ഉണ്ടാക്കിത്തിൎക്കുന്നതാണു.
കടു (എരിവ്)
ഉഷ്ണവും, കൃമിഘ്നവും, സ്തന്യഹരവും (മുലപ്പാലില്ലാതാക്കുന്നത്), നാസികയെ ശോഷിപ്പിക്കുന്നതുമാകുന്നു. അതു രുചിയെ വർദ്ധിപ്പിക്കുകയും, മേദസ്സിനെ ക്ഷയിപ്പിക്കുകയും ചെയ്യും. ഈവക ഗുണങ്ങളെല്ലാം ഉണ്ടെങ്കിലും അത് അധികമായി ശീലിച്ചുപോയാൽ തൃക്ഷ്ണ, ധാതുക്ഷയം, മോഹാലസ്യം, അരക്കെട്ട് പുറം മുതലായ പ്രദേശങ്ങളിൽ വേദന ഈവക ഉപദ്രവങ്ങളെല്ലാം ഉണ്ടാക്കിത്തീൎക്കും.
തിക്തം. (കയ്പ്)
ശീതവീൎയ്യവും, തൃഷ്ണ, മോഹാലസ്യം, പനി, ചുട്ടുനീറൽ ഇവകളെ ശമിപ്പിക്കുന്നതും,ത്വൿപ്രസാദനവുമാകുന്നു. അതു രക്തസംബന്ധമായ രോഗങ്ങളെ ശമിപ്പിക്കുകയും, വാതത്തെ വൎദ്ധിപ്പിക്കുകയും ചെയ്യും. ഇതും മാത്ര കവിഞ്ഞു ശീലിച്ചിരുന്നാൽ ശിരശ്ശൂലയും (തലവേദന), വാതരോഗം, മുതലായതും ഉണ്ടായിത്തീരുവാനിടയുണ്ട്.
കഷായ (ചവർപ്പ്) രസം
രോപണവും (വ്രണങ്ങളെ ഉണക്കുന്നതും), സംഗ്രാഹിയും (മലബന്ധമുണ്ടാക്കുന്നതും), ത്വൿപ്രസാദനവുമാകുന്നു. ഈ കഷായരസമായ ദ്രവ്യങ്ങൾതന്നെ നിയമേന ശീലിച്ചിരുന്നാൽ ദേഹത്തിന്നു സ്തംഭനവും, ആദ്ധ്മാനവും (വയർവീൎക്കുക), ഹൃദ്രോഗവും ഉണ്ടായിത്തീരും.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW