മഹാകൂശ്മാണ്ഡക ഘൃതം

മഹാകൂശ്മാണ്ഡക ഘൃതം

പഴയ നെയ്ക്കുമ്പളങ്ങ, പാല്‍മുതക്കിന്‍കിഴങ്ങ്, കരിമ്പ്, ആടലോടകവേര്, പച്ചനെല്ലിക്ക, ശതാവരിക്കിഴങ്ങ്, കദളിവാഴമാണം, ആടലോടകമൊഴിച്ചുളളവ ഇടിച്ചുപിഴിഞ്ഞ നീരെടുക്കണം. നായ്ക്കരുണവേര്, അടവതിയൻകിഴങ്ങ്, അമുക്കരം, വലിയ കുറുന്തോട്ടിവേര്,നറുനീണ്ടിക്കിഴങ്ങ്, ഇവയും ആടലോടകവും കഷായം വച്ച് നീരെടുക്കണം. കരിക്കിന്‍വെളളം ഇടങ്ങഴി ഒന്ന്. പശുവിന്‍നെയ്യ് ഇടങ്ങഴിരണ്ട്. എല്ലാം കൂടി ചേര്‍ത്ത് മുന്തിരിങ്ങാപ്പഴം, താളിമാതളപ്പഴം, ഈന്തപ്പഴം, കൊത്തമ്പാലരി, ജീരകം, ചന്ദനം , ഇരട്ടിമധുരം, ഏലത്തരി, ഇലവര്‍ങ്ഗം, പച്ചില, മുത്തങ്ങാക്കിഴങ്ങ്, കാട്ടുമുളകിന്‍വേര്, കാട്ടുതിപ്പലിവേര്, തിപ്പലി, ചുക്ക്, കൊടുവേലിക്കിഴങ്ങ്, ഗ്രാമ്പൂവ്, വിഴാലരിപ്പരിപ്പ്, തക്കോലം, പതുമുകം, രാമച്ചം, ഏലാവാലുകം, വരട്ടുമഞ്ഞള്‍, ത്രിഫലത്തോട്, വെളളക്കൊട്ടം, നറുനീണ്ടിക്കിഴങ്ങ്, നാഗപ്പൂവ്, അരേണുകം, അയമോദകം, ആടലോടകവേര്, കുരുമുളക്, കരിംജീരകം, ഇവ കല്‍ക്കമായി അരച്ചുകലക്കി പാകത്തില്‍ കാച്ചിയരിച്ചെടുക്കണം. തണുത്തതിനു ശേഷം ഇടങ്ങഴി തേന്‍ചേര്‍ത്തു കടഞ്ഞുവെച്ചിരുന്നു രാവിലെ രാവിലെ സേവിക്കുക; ജ്വരം, കാസം, ക്ഷയം, ശ്വാസം, വാതരക്തം, വിഷം, ഇവ ശമിക്കും. രക്തഗുന്മം , രക്തപിത്തം, അസ്ഥിസ്രാവം, അസൃഗ്ദരം, മൂത്രകൃഛ്റം, അശ്മരി, കാമില, പ്രമേഹം, വാതപിത്തജങ്ങളായ ഇതരരോഗങ്ങള്‍ മുതലായവയും ശമിക്കും.

Comments