കല്യാണക ഘൃതം, ക്ഷീരകല്യാണക ഘൃതം

കല്യാണക ഘൃതം ക്ഷീരകല്യാണക ഘൃതം


കാട്ടുവെള്ളരിവേര്, ത്രിഫലത്തോട്, അരേണുകം, ദേവതാരം, ഏലാവാലുകം, ഓരിലവേര്, തകരം, മഞ്ഞൾ, മരമഞ്ഞൾത്തൊലി, നറുനീണ്ടിക്കിഴങ്ങ്, പാല്‍വളളിക്കിഴങ്ങ്, ഞാഴൽപ്പൂവ്, കരിങ്കൂവളക്കിഴങ്ങ്, ഏലത്തരി, മഞ്ചട്ടി, നാഗദന്തിവേര്, മാതളത്തോട്, നാഗപ്പൂവ്, താലീസപത്രം, വഴുതിനവേര്, പുതിയ പിച്ചകപ്പൂവ്, വിഴാലരിപ്പൂവ്, മൂവിലവേര്, വെളളക്കൊട്ടം, ചന്ദനം, പതുമുകം, ഇവ മൂന്നുകഴഞ്ചുവീതം. നാലിടങ്ങഴി വെളളത്തില്‍ അരച്ചുകലക്കി ഇടങ്ങഴി നെയ്യു ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക; അപസ്മാരം, ജ്വരം,ചുമ ,ശോഷം, അഗ്നിമാന്ദ്യം, ക്ഷയം, വാതരക്തം, പീനസം, തൃതീയകജ്വരം ,ചാതുര്‍ത്ഥകജ്വരം, ഛര്‍ദ്ദി, അര്‍ശസ്സ്, മൂത്രകൃഛ്റം, വിസര്‍പ്പം, ചൊറി, പാണ്ഡ്, ഉന്മാദം, വിഷം, പ്രമേഹം, കൂട്ടുവിഷം, ഭൂതബാധ, ഗദ്ഗദം, ബീജദോഷം, ഇവ ശമിക്കും. പ്രസവിക്കാത്ത സ്ത്രീകള്‍ പ്രസവിക്കും. ഈ ഘൃതം ശ്രേഷ്ഠവും ആയുസ്സിനേയും ബലത്തെയും പ്രദാനം ചെയ്യുന്നതുമാണ്. അലക്ഷ്മി, പാപം, രക്ഷോബാധ, ഗൃഹബാധ, ഇവയേയും ശമിപ്പിക്കും. പുംസവനവുമാണ്. ഈ നെയ്ക്ക് കല്യാണഘൃതമെന്നു പേര്‍. ഇതിന്റെ മരുന്നുകള്‍തന്നെ രണ്ടിടങ്ങഴി വെളളത്തില്‍ അരച്ചുകലക്കി നാലിടങ്ങഴി പാലും ഇടങ്ങഴി നെയ്യും ചേര്‍ത്തു കാച്ചിയെടുക്കുന്നതിന് ക്ഷീരകല്യാണകഘൃതമെന്നു പേര്‍ പറയുന്നു.

Comments