സുകുമാര ഘൃതം

സുകുമാര ഘൃതം

തഴുതാമവേര് പലം നൂറ്, ദശമൂലം, അടവതിയൻകിഴങ്ങ്, അമുക്കുരം, വെളുത്താവണക്കിന്‍വേര്, ശതാവരിക്കിഴങ്ങ്, ദർഭവേര്, ആറ്റുദര്‍ഭവേര്, അമവേര്, കുശവേര്, കരിമ്പിന്‍വേര്, അടക്കാമണിയൻവേര്, ഇവ പത്തുപലം വീതം. അറുപത്തിനാലിടങ്ങഴി വെളളത്തില്‍ കഷായം വച്ച് എട്ടിലൊന്നാക്കി പിഴിഞ്ഞരിച്ചു മുപ്പതുപലം ശര്‍ക്കരയും ഇടങ്ങഴി ആവണക്കെണ്ണയും രണ്ടിടങ്ങഴി നെയ്യും രണ്ടിടങ്ങഴി പാലും ചേര്‍ത്ത് ചെറുതിപ്പലി, കാട്ടുതിപ്പലിവേര്,ഇന്തുപ്പ്, ഇരട്ടിമധുരം, ഇലിപ്പക്കാതല്‍ ,മുന്തിരിങ്ങാപ്പഴം, ജീരകം, ചുക്ക്, ഇവ ഓരോന്നും ഈ രണ്ടുപലം കല്‍ക്കം ചേര്‍ത്ത് കാച്ചിയരിച്ചു സേവിക്കുക; ഇതിന് സുകുമാരരസായനമെന്നു പറയുന്നു. മറ്റ് രാസായനങ്ങള്‍ സേവിക്കുമ്പോള്‍ ചെയ്യുന്നതുപോലെ കാറ്റേല്‍ക്കാതിരിക്ക, വെയിലേല്‍ക്കാതിരിക്ക, വഴി നടക്കാതിരിക്ക, മുതലായവ അനുഷ്ഠിക്കാതെ ഇതു സേവിക്കാം. സുകുമാരശരീരന്മാര്‍ക്കും സുഖശരീരികള്‍ക്കും അധികം സ്ത്രീകളുടെ ഭര്‍ത്താക്കന്മാരായിരിക്കുന്നവര്‍ക്കും ഇത് ഹിതകരമായിട്ടുളളതാകുന്നു. അലക്ഷ്മിയേയും കലിയേയും ഇല്ലാതാക്കും. ഇതിന്റെ ദീര്‍ഘകാലത്തെ സേവകൊണ്ട് കാന്തി,ലാവണ്യം ,പുഷ്ടി, ഇവ ഉണ്ടാകും. ആന്ത്രവൃദ്ധി, വിദ്രധികള്‍, ഗുന്മം , അര്‍ശസ്സ്, യോനിരോഗങ്ങള്‍, വാതവ്യാധികള്‍, ശോഫം (നീര്), മഹോദരം, പ്ളീഹാവ്, മലബന്ധം, ഇവയേയും ശമിപ്പിക്കും

Comments