ഒമിക്രോണ്‍ ഭാരതത്തിൽ

ദക്ഷിണാഫ്രിക്കയിൽ പുതിയ കൊവിഡ് 19 വകഭേദം കൂടുതൽ രാജ്യങ്ങളിലേയ്ക്ക് പടരുകയാണ് എന്ന് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. ആഫ്രിക്കൻ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്പിലും ഹോങ്കോങിലും ഒമിക്രോൺ എന്നറിയപ്പെടുന്ന പുതിയ കൊവിഡ് 19 വകഭേദം കണ്ടെത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ നോവൽ കൊറോണ വൈറസ് വകഭേദമാണ് ഒമിക്രോൺ. ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമായ ഒമിക്രോൺ ആണ് ബി.1.1.529 എന്ന പുതിയ വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര്. 2021 നവംബര്‍ ഒന്നിന് ബോട്സ്വാനയിലാണ് ഈ വകഭേദദം ആദ്യമായി കണ്ടെത്തിയത്. ചൈനയിൽ 2019ൽ കണ്ടെത്തിയ നോവൽ കൊറോണ വൈറസിൽ നിന്ന് ഒട്ടേറെ തവണ ജനിതകമാറ്റം സംഭവിച്ചാണ് ഒമിക്രോൺ വകഭേദം ഉണ്ടായിരിക്കുന്നത്.

പലവട്ടം ജനിതകമാറ്റം സംഭവിക്കുകയും കൂടുതൽ രോഗവ്യാപനമോ രോഗതീവ്രതയോ സൃഷ്ടിക്കാൻ കഴിയുകയും ചെയ്യുന്ന വൈറസ് വകഭേദങ്ങളെയാണ് ആശങ്കപ്പെടേണ്ട വകഭേദമായി മുദ്ര കുത്തുന്നത്. കൂടാതെ ശരീരത്തിൻ്റെ രോഗപ്രതിരോധശേഷിയെയും വാക്സിനുകളെയും മറികടക്കാൻ കഴിയുന്നവയാണോ എന്ന കാര്യവും പരിഗണിക്കും. കൊവിഡ് 19 കേസുകള്‍ കുറഞ്ഞു നിന്നിരുന്ന ദക്ഷിണാഫ്രിക്കയിലെ വിവിധ പ്രദേശങ്ങളിൽ കേസുകളുടെ എണ്ണം ഉയരാൻ പുതിയ വകഭേദം കാരണമായിട്ടുണ്ട്.

നേരത്തെ കൊവിഡ് ബാധിച്ചിരുന്നവരില്‍ കണ്ടിരുന്ന പനി പോലുള്ള ലക്ഷണങ്ങളൊന്നും പുതിയ വകഭേദം ബാധിച്ചവരില്‍ ഉണ്ടാകുന്നില്ല. മറിച്ച് കടുത്ത ക്ഷീണം, ചെറിയ തോതില്‍ പേശി വേദന, തൊണ്ട വേദന, ചുമ എന്നിവ കാണുന്നുണ്ട്. ചിലരില്‍ മാത്രമേ നേരിയ തോതിലുള്ള ചൂട് അനുഭവപ്പെടുന്നുള്ളൂ.

അതേസമയം 30ലധികം സ്വഭാവ സവിഷേതകള്‍ (മ്യൂട്ടേഷനുകള്‍) ഒമിക്രോണ്‍ കാണിക്കും. ഇത് ഡെല്‍റ്റയേക്കാള്‍ ഇരട്ടിയാണ്. അതുകൊണ്ട് തന്നെ ആരോഗ്യപരിചരണ വിദഗ്ധര്‍ ഒമിക്രോണിനെ 'സൂപ്പര്‍ സ്ട്രെയിന്‍' എന്നും വിളിക്കുന്നുണ്ട്. മാത്രമല്ല ഈ സ്വാഭാവ സവിശേഷതകള്‍ വാക്‌സിന്റെ ഫല പ്രാപ്തിയെ 40 ശതമാനത്തോളം കുറക്കുമെന്നും പുതിയ പഠനങ്ങള്‍ പറയുന്നുണ്ട്. വാക്‌സിനുകള്‍ മൂലമുണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കാനുള്ള പ്രതിരോധശേഷി ഒമിക്‌റോണ്‍ വൈറസുകള്‍ക്ക് ഉണ്ടെന്നും ഗവേഷകര്‍ പറയുന്നു.

R203K, G204R എന്നീ രണ്ട് മ്യൂട്ടേഷനുകളാണ് ഒമിക്രോണ്‍ എന്ന വൈറസിനെ മറ്റുള്ളവരിലേക്ക് എളുപ്പത്തില്‍ പടരാന്‍ സഹായിക്കുന്നത്. H655Y, N679K, P681H തുടങ്ങിയ മൂന്ന് മ്യൂട്ടേഷനുകളാണ് മനുഷ്യശരീരത്തിന്റെ കോശങ്ങളിലേക്ക് വേഗത്തില്‍ കടക്കാന്‍ വൈറസിനെ സഹായിക്കുന്നത്.


Comments