കോവിഡ് കാലത്തെ കുട്ടികളുടെ മാനസികാരോഗ്യം


കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്ന ഒരു വിഭാഗം കുട്ടികളാണ്. ഒരു വർഷത്തിലേറെയായി കുട്ടികൾ സ്‌കൂളിൽ പോയിട്ടില്ല. മുൻപൊരിക്കലും ഇല്ലാത്തവിധം വീട്ടിനുള്ളിൽ അടച്ചിരിക്കേണ്ടിവന്ന അവരിൽ പലരും വിനോദത്തിനായി മൊബൈൽ, ടിവി, കംപ്യൂട്ടർ എന്നിവയെ മാത്രമാണ് ആശ്രയിക്കുന്നത്. ഇത് അവരുടെ പഠനത്തെയും മനസികാരോഗ്യത്തെയും വളരെ സാരമായി സ്വാധീനിക്കുന്നുമുണ്ട്. 

മഹാമാരിക്കാലത്ത് കുട്ടികളിൽ കണ്ടു വരുന്ന ഏറ്റവും പ്രധാന പ്രശ്‌നം ഡിജിറ്റൽ അടിമത്തം ആണ്. മൊബൈൽ, കംപ്യൂട്ടർ, ടാബ്‌ലെറ്റ് തുടങ്ങിയവ മാത്രമായി അവരുടെ ലോകം ചുരുങ്ങി. ഓൺലൈൻ ക്ലാസ്സുകളിൽ ലോഗിൻ ചെയ്യുന്ന കുട്ടികളിൽ പലരും വിഡിയോയും ഓഡിയോയും അണച്ചിട്ട് മറ്റൊരു വിൻഡോ തുറന്ന് ഓൺലൈൻ ഗെയിമുകൾ കളിക്കുകയോ ചാറ്റ് ചെയ്യുകയോ പതിവാണ്. അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നു ശീലമാക്കിയ കുട്ടികളുമുണ്ട്. ക്ലാസിനു ശേഷവും ഹോംവർക്ക്, അസൈൻമെന്റ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് രാത്രി വളരെ വൈകിയും അതിൽ സമയം ചെലവിടുന്നവരുമുണ്ട്. വളരെ വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കുട്ടികളുടെ ദിനചര്യയുടെ താളം തെറ്റുന്നുവെന്നതാണ് ഇതിന്റെ ഫലം.

ഏതാനും വർഷം മുൻപു വരെ, ഐടി ജീവനക്കാരിലും മറ്റും മാത്രം കണ്ടിരുന്ന, Delayed Sleep Wake Phase Onset Disorder എന്ന ഉറക്കപ്രശ്നമാണിത്. വളറെ വൈകി ഉറങ്ങിയാലും പിറ്റേന്ന് ഓൺലൈൻ ക്ലാസിൽ ലോഗിൻ ചെയ്യേണ്ടതിനാൽ രാവിലെ ഉണരാൻ കുട്ടികൾ നിർബന്ധിതരാകുന്നുണ്ട്. തലച്ചോറിന് ആവശ്യത്തിനു വിശ്രമം കിട്ടാൻ വേണ്ടത്ര ഉറക്കം ഇവർക്ക് ഇതുമൂലം ലഭിക്കുന്നുമില്ല. ഉറക്കം കുറയുന്നതു മൂലം രണ്ടു പ്രധാനപ്പെട്ട തകരാറുകൾ സംഭവിക്കുന്നു. ഒന്ന്, പകൽ പഠിക്കുന്ന കാര്യങ്ങൾ തലച്ചോറിൽ വ്യക്തമായി ഉറയ്ക്കുന്നില്ല. രണ്ട്, പകൽ തലച്ചോറിലെ കോശങ്ങളിലെ ചയാപചയ പ്രവർത്തനങ്ങളുടെ ഫലമായി ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ പുറന്തള്ളപ്പെടാത്തതു മൂലം തലച്ചോറിൽ ആ മാലിന്യങ്ങൾ അടിഞ്ഞുകൂടി മന്ദതയും ശ്രദ്ധക്കുറവും ക്ഷീണവും ഉണ്ടാവുന്നു. ഗെയിമുകളിൽ കൂടുതൽ മുഴുകുന്ന കുട്ടികളിൽ അമിത വികൃതിയും പിരുപിരിപ്പും ശ്രദ്ധക്കുറവും എടുത്തുചാട്ടവും പ്രകടമാകുന്നു. 

ദീർഘനേരം ഗെയിം കളിക്കുന്ന കുട്ടികളുടെ തലച്ചോറിലെ ഡോപ്പമിൻ എന്ന രാസവസ്‌തുവിന്റെ അളവിൽ വ്യത്യാസങ്ങളുണ്ടാകുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. തലച്ചോറിന്റെ രണ്ട് അർധഗോളങ്ങളും തമ്മിലുള്ള ഏകോപനക്കുറവിനും ശ്രദ്ധക്കുറവിനും ഇതു കാരണമാകുന്നു. ഇതാണ് എടുത്തുചാട്ട സ്വഭാവവും പിരുപിരുപ്പും ഉണ്ടാകാൻ കാരണമാകുന്നത്. കൗമാരക്കാരായ ചില കുട്ടികളെങ്കിലും സമൂഹമാധ്യമങ്ങൾക്കും അശ്ലീല സൈറ്റുകൾക്കും അടിമയാകുന്ന സാഹചര്യവും കണ്ടു വരുന്നു. 

കൗമാരക്കാരിൽ സമീപകാലത്തു വളർന്നു വരുന്ന മറ്റൊരു ശീലമാണ് ഡേറ്റിങ് ആപ്പുകളുടെ അമിതമായ ഉപയോഗം. ദൂരെയുള്ള, ഇതുവരെ നേരിട്ടു കണ്ടിട്ടില്ലാത്ത ആളുകളുമായി ചാറ്റ് ചെയ്യാനും അടുപ്പമുണ്ടാക്കാനും ഇതു കാരണമാകുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിൽപോലും ചില കുട്ടികൾ അത്തരം പരിചയക്കാർക്കൊപ്പം വീടുവിട്ടു പോയ സംഭവങ്ങളുമുണ്ടായി.

ദീർഘകാല മൊബൈൽ അടിമത്തം ചില കുട്ടികളിലെങ്കിലും വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന സങ്കടം, ഒന്നും ആസ്വദിക്കാൻ കഴിയാത്ത മാനസികാവസ്ഥ, കാരണമില്ലാത്ത ക്ഷീണം, ഉറക്കക്കുറവ്, വിശപ്പില്ലായ്‌മ, ശ്രദ്ധക്കുറവ്, ചിന്തകളുടെയും പ്രവൃത്തികളുടെയും വേഗം കുറയുന്ന അവസ്ഥ, നിരാശയും പ്രതീക്ഷ ഇല്ലായ്‌മയും, ആത്മഹത്യാ പ്രവണത എന്നിവയാണ് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ. ഈ ഒൻപതു ലക്ഷണങ്ങളിൽ അഞ്ചെണ്ണമെങ്കിലും രണ്ടാഴ്‌ച തുടർച്ചയായി നീണ്ടു നിന്നാൽ ആ കുട്ടിക്ക് വിഷാദ രോഗം ഉണ്ടോ എന്ന് സംശയിക്കണം. ചികിത്സിക്കാതെ പോകുന്ന വിഷാദ രോഗം ആത്മഹത്യകൾക്ക് കാരണമാകാറുണ്ട്.

അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷം സ്‌കൂളുകൾ അടഞ്ഞു കിടന്ന കാലത്തു പോലും കുട്ടികളുടെ ആത്മഹത്യാനിരക്കിൽ വലിയ കുറവ് വന്നില്ല എന്നത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്. അക്കാദമികമായോ വീടിനു പുറത്തോ ഉണ്ടാകുന്ന സമ്മർദങ്ങൾക്കു പകരം മൊബൈൽ അടിമത്തവും അനുബന്ധ പ്രശ്‌നങ്ങളും വിഷാദത്തിന് വഴിതെളിക്കുന്നുവെന്നു വേണം ഇതിൽനിന്ന് അനുമാനിക്കാൻ. ചില കുട്ടികളിലെങ്കിലും അമിതമായ ദേഷ്യവും അമിത ഉത്കണ്ഠാ ലക്ഷണങ്ങളും ഈ മൊബൈൽ അടിമത്തം
മൂലം ഉണ്ടാകാറുമുണ്ട് ഒരു ദിവസം മൊബൈൽ ഉപയോഗിക്കാൻ കഴിഞ്ഞില്ല എങ്കിൽ തലവേദന, അമിതമായ നെഞ്ചിടിപ്പ്, കൈകാലുകൾക്ക് വിറയൽ, തലയ്ക്ക് പെരുപ്പ് എന്നിവ തൊട്ട് അക്രമ സ്വഭാവവും സ്വയം മുറിവേൽപിക്കുന്ന പ്രവണതയും വരെ കുട്ടികളിൽ കാണപ്പെടാറുണ്ട്. 

ലോക്ഡൗണിന്റെയും മഹാമാരിയുടെയും ദിനങ്ങളിൽ കുട്ടികളെ വളർത്തുന്നത് വളരെ ശ്രദ്ധാപൂർവം ചെയ്യേണ്ട ഒരു ജോലിയാണ്. ഇതിൽ മാതാപിതാക്കൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങൾ ഇവയൊക്കെയാണ് –ഒന്ന്, കുട്ടികളുടെ ദിനചര്യ കൃത്യമായി നിലനിർത്താൻ സഹായിക്കുക. ഉറങ്ങുന്ന സമയവും ഉണരുന്ന സമയവും നിജപ്പെടുത്തി അത് കൃത്യമായി പാലിക്കാൻ കുട്ടികളെ നിഷ്കർഷിക്കുക. രാത്രിയിൽ ഉറങ്ങുന്ന സമയം 12 മണി കഴിയാൻ പാടില്ല എന്നുള്ളത് കൗമാരപ്രായക്കാർക്ക് പോലും നിർബന്ധം ഉള്ളൊരു കാര്യമാണ്. 

നമ്മളെ ഉറക്കത്തിലേക്കു നയിക്കുന്ന മെലാറ്റോണിൻ (Melatonin ) എന്നൊരു രാസവസ്‌തു തലച്ചോറിലെ പീനിയൽ ഗ്രന്ഥി (Pineal Gland ) പുറപ്പെടുവിക്കുന്നുണ്ട്. സമ്പൂർണമായ അന്ധകാരം ഉണ്ടാകുമ്പോൾ ആണ് മെലാറ്റോണിൻ ഉൽപാദനം ഉണ്ടാകുന്നത്. രാത്രി പതിനൊന്നിനും പന്ത്രണ്ടിനും ഇടയ്ക്ക് മെലാറ്റോണിൻ ഉൽപാദനം പാരമ്യച്ചിലേക്ക് എത്തുകയും രാവിലെ ഏകദേശം ആറുമണി വരെ ഇത് അതേ അളവിൽ നിൽക്കുകയും ചെയ്യും. ആറുമണിക്ക് സൂര്യപ്രകാശം വീഴുന്നതോടെ മെലാറ്റോണിന്റെ ഉൽപാദനം കുറഞ്ഞു വരുന്നതായിട്ടാണ് കണ്ടു വരുന്നത്. 

മെലാറ്റോണിൻ ഉൽപാദനം പാരമ്യത്തിൽ നിൽക്കുന്ന സമയമാണ് തടസ്സമില്ലാത്ത തുടർച്ചയായ സുഖനിദ്ര കിട്ടാൻ ഏറ്റവും നല്ല സമയം. ഇക്കാരണം കൊണ്ട് ഈ സമയത്ത് കുട്ടികളെ ഉറങ്ങാൻ ശീലിപ്പിക്കുന്നതായിരിക്കും അഭികാമ്യം. 

ഇതിനായി എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുന്ന സമയവും ഉണരുന്ന സമയവും കൃത്യമായി നില നിർത്തുക.
ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടു മുൻപ് ഉള്ള ഒരു മണിക്കൂർ നേരമെങ്കിലും മൊബൈൽ ഫോൺ അടക്കമുള്ള എല്ലാ ദൃശ്യ മാധ്യമങ്ങളും മാറ്റി വയ്ക്കുക. അതായത് പതിനൊന്നു മണിക്ക് ഉറങ്ങാൻ ഉദ്ദേശിക്കുന്നു എങ്കിൽ പത്തു മണിക്ക് ശേഷം ദൃശ്യ മാധ്യമങ്ങൾ ഒന്നും ഉപയോഗിക്കാൻ പാടില്ല. 
ചെറിയ കുട്ടികൾക്ക് എട്ടു മണിക്കൂർ എങ്കിലും ഉറക്കം ഉറപ്പു വരുത്തേണ്ടതാണ്. മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന കൗമാരപ്രായക്കാർ ആണെങ്കിൽ പോലും ചുരുങ്ങിയത് ആറു മണിക്കൂർ ഉറക്കം അവർ ഉറപ്പു വരുത്തേണ്ടതാണ്. 
ഉച്ചയ്ക്കു ശേഷം ചായ, കാപ്പി, കോള തുടങ്ങി തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന കഫീൻ അടങ്ങിയിട്ടുള്ള പദാർഥങ്ങൾ ഒഴിവാക്കുക. 

അമ്മ പെറ്റ് അച്ഛന്‍ വളര്‍ത്തണം എന്നാണ് പഴമൊഴി. അമ്മയുടെ അളവില്ലാത്ത സ്നേഹവും അച്ഛന്‍റെ സ്നേഹശിക്ഷണങ്ങളുമാണ് മക്കളെ വളര്‍ത്തുന്നതില്‍ പ്രധാനം എന്നര്‍ത്ഥം. മാതാപിതാക്കളുടെ ബന്ധത്തിന്‍റെ ഇഴയടുപ്പവും പ്രധാനം. എത്രയധികം വളര്‍ത്തുദോഷങ്ങളാണ് നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കുന്നത്! ചില മാതാപിതാക്കള്‍ മക്കളുടെ ജീവിതത്തില്‍ അമിതമായി ഇടപെടും. മക്കളുടെ ആഗ്രഹങ്ങളും അഭിരുചികളും മനസ്സിലാക്കാതെ സ്വന്തം ആഗ്രഹങ്ങളും മോഹങ്ങളും അവരുടെ തലയില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കും. മക്കള്‍ എന്തു തന്നെ ആവശ്യപ്പെട്ടാലും അല്‍പം പോലും താമസിക്കാതെ അതൊക്കെ സാധിച്ചു കൊടുക്കുന്ന അച്ഛനമ്മമാരും കുറവല്ല. 

മക്കളുടെ ആവശ്യങ്ങളെക്കുറിച്ച് ഒട്ടും വിവേചനബുദ്ധി പ്രകടിപ്പിക്കാത്ത ഇക്കൂട്ടരുടെ വികലമായ സ്നേഹപ്രകടനങ്ങള്‍ മക്കളെ നശിപ്പിക്കുകയേ ഉള്ളൂ. ശരിതെറ്റുകളെക്കുറിച്ചുള്ള ബോധമൊന്നും പകരാതെ മക്കളെ തോന്നിയപടി വളര്‍ത്തുന്നവരുണ്ട്. ഇനിയൊരു കൂട്ടരുടെ വിചാരം പിള്ളേരോട് തുറന്ന് ഇടപഴകുകയോ സ്നേഹം പ്രകടിപ്പിക്കുകയോ ഒക്കെ ചെയ്താല്‍ അവര്‍ വഷളായിപ്പോകുമെന്നാണ്. മക്കളുടെയടുത്ത് അവര്‍ മസിലുപിടിച്ച് ഗൌരവം നടിച്ചിരിക്കും. അടക്കിയൊതുക്കി കര്‍ശനമായ ശിക്ഷാവിധികള്‍ക്കകത്തു വളര്‍ത്തുന്ന ചിലരുമുണ്ട്. ഇളംമനസ്സു കാണാന്‍ ശ്രമിക്കാതെയുള്ള ഇത്തരം ഇടപെടലുകളൊക്കെ അവരില്‍ പെരുമാറ്റവൈകല്യങ്ങളോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാക്കുകയാണ് ചെയ്യുക.

Comments