മുത്തിൾ - Centella asiatica


ആയുര്‍വേദത്തിന്‍റെ പ്രമാണഗ്രന്ഥങ്ങളിലെല്ലാം ഈ ഔഷധിയുടെ മാഹാത്മ്യം വര്‍ണ്ണിക്കപ്പെടുന്നുണ്ട്.

മണ്ഡൂകപര്‍ണ്യാഃ സ്വരസഃ പ്രയോജ്യഃ ക്ഷീരേണ യഷ്ടീമധുകസ്യ ചൂര്‍ണ്ണം |
രസോ ഗുഡൂച്യാസ്തു സമൂലപുഷ്പ്യാഃ കല്‍കഃ പ്രയോജ്യഃ ഖലു ശംഖുപുഷ്പ്യാഃ||
ആയുഃ പ്രദാന്യാമയനാശനാനി ബലാഗ്നിവര്‍ണ്ണസ്വരവര്‍ദ്ധനാനി|
മേധ്യാനി ചൈതാനി രസായനാനി മേധ്യാ വിശേഷേണ ച ശംഖപുഷ്പീ||
(ഇതി മേധ്യാരസായനാനി) – എന്ന് ചരകസംഹിത.

മുത്തിളിന്‍റെ സ്വരസം മേധ്യാരസായനമാണ്. ഇത് ആയുസ്സിനെ നല്‍കുന്നതാണ്. ആമയനാശകമാണ്.ബലം, അഗ്നി, നിറം, സ്വരം എന്നിവയെ വര്‍ദ്ധിപ്പിക്കുന്നതാണ്. ബുദ്ധിയെ വളര്‍ത്തുന്നതാണ്.  ചരകസംഹിതയിലെ ബ്രാഹ്മരസായനയോഗങ്ങളിലും മുത്തിള്‍ ഒരു പ്രധാന ചേരുവയാണ്.

ബ്രാഹ്മീ കപോതവംഗാ സ്യാത് സോമവല്ലീ സരസ്വതീ
മണ്ഡൂകപര്‍ണ്ണീ മാണ്ഡൂകീ ത്വാഷ്ട്രീ ദിവ്യാ മഹൌഷധീ
ബ്രാഹ്മീ ഹിമാ സരാ തിക്താ ലഘുര്‍മധ്യാ ച ശീതളാ
കഷായാ മധുരാ സ്വാദുപാകായുഷ്യാ രസായനീ
സ്വര്യാ സ്മൃതിപ്രദാ കുഷ്ഠപാണ്ഡുമേഹാസ്രകാസജിത്
വിഷശോഥജ്വരഹരീ തദ്വന്‍മണ്ഡൂകപര്‍ണ്ണിനീ
– ഇങ്ങനെ ഭാവപ്രകാശനിഘണ്ടു

ഇത് രസായനമാണ്. സ്വരത്തെ ശക്തമാക്കുന്നതാണ്. ഓര്‍മ്മയെ ശക്തിപ്പെടുത്തുന്നതാണ്. ത്വക്രോഗങ്ങള്‍, പാണ്ഡുത, പ്രമേഹം, ചുമ എന്നിവയെ ശമിപ്പിക്കുന്നതാണ്. വിഷഹരമാണ്. ശോഥഹരമാണ്.

“മുത്തിള്‍ നന്നായരച്ചിട്ടു പാലില്‍ ചേര്‍ത്തു ഭുജിക്കുകില്‍
ബുദ്ധി നന്നായ് തെളിഞ്ഞിടും, വിക്കലിന്നും ഗുണം വരും”
എന്ന് നാട്ടുവൈദ്യം.

രക്തപിത്തഹരാണ്യാഹുര്‍ഹൃദ്യാനി സുലഘൂനി ച
കുഷ്ഠമേഹജ്വരശ്വാസകാസാരുചിഹരാണി ച
കഷായാ തു ഹിതാ പിത്തേ സ്വാദുപാകരസാഹിമാ
ലഘ്വീ മണ്ഡൂകപര്‍ണ്ണീ തു തദ്വദ്ഗോജിഹ്വികാ മതാ.
എന്ന് സുശ്രുതസംഹിത.

മണ്ഡൂകപര്‍ണ്ണീ രക്തപിത്തത്തെ ശമിപ്പിക്കുന്നു.ഹൃദയത്തിന് ആരോഗ്യദായകമാണ്.  ത്വക്-രോഗങ്ങള്‍,പ്രമേഹം, ജ്വരം, കാസശ്വാസങ്ങള്‍, അരുചി എന്നിവയില്‍ ഫലദായകമാണ്.

ഇങ്ങനെ മുത്തിളിന്‍റെ ഔഷധഗുണങ്ങള്‍ മറ്റനവധി ആയുര്‍വേദ ഗ്രന്ഥങ്ങളിലും പ്രതിപാദിക്കപ്പെടുന്നുണ്.

അഷ്ടാംഗഹൃദയത്തില്‍ വിവക്ഷിതമായ മണ്ഡൂകപര്‍ണ്ണ്യാദി രസായനം ബുദ്ധിവര്‍ദ്ധനവിന് ഏറ്റവുമധികം സഹായകമാണ്.

Comments