ചേന ( Elephant Foot Yam)


ചേന ( Elephant Foot Yam) 

ഭാരതത്തിലെ‍ എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ ഒരു കിഴങ്ങുവർഗ്ഗത്തിൽ പെട്ട പച്ചക്കറിയാണ് ചേന.

ശാസ്ത്രീയ നാമം : Amorphophallus paeoniifolius

തെക്ക് കിഴക്ക് ഏഷ്യയിൽ ഉൽഭവിച്ച ഒരു വിളയായ ചേനയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ ആഫ്രിക്കയും ഇന്ത്യയുമൊക്കെയാണ് . ഇന്ത്യയിൽ കേരളം കൂടാതെ അന്ധ്ര, മഹാരാഷ്ട്ര , ഒറീസ്സ എന്നിവിടങ്ങളിലും ചേന കൂടുതലായി ഉപയോഗിക്കുന്നുണ്ട് .
 
നാട്ടുചേന, കാട്ടുചേന എന്നീ രണ്ടുതരം ചേനകളാണ് നമ്മുടെ നാട്ടില്‍ കാണപ്പെടുന്നത്.
വെന്തു കഴിഞ്ഞാല്‍ വെണ്ണപോലിരിക്കുന്നവയ്ക്ക് നെയ്ചേന എന്ന ഓമനപ്പേരുമുണ്ട്.

കർക്കിടകത്തിൽ ചേന കട്ടിട്ടെങ്കിലും തിന്നണം.
കുംഭത്തില്‍ നട്ട ചേന തുലാം-വൃശ്ചികമാസത്തില്‍ മാത്രമേ വിളവെടുപ്പിനു പാകമാകുമെങ്കിലും കര്‍ക്കടകത്തില്‍ പറിച്ചെടുക്കുന്ന ചേന നല്ല വെണ്ണപോലെ വേകും. ഇതിന്‍റെ സ്വാദോര്‍ത്തിട്ടാകാം കര്‍ക്കിടകത്തില്‍ കട്ടിട്ടായാലും ചേന കഴിക്കണമെന്നു പഴമക്കാർ പറയുന്നത്.

ചേന പല പോഷകങ്ങളുടെയും ഉറവിടമാണ്.അന്നജം, നാരുകള്‍ കൂടാതെ കാൽസ്യം, ഇരുമ്പ്‌, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, കോപ്പർ പോലുള്ള മിനറലുകളുടെയും, തയമൈൻ, നിയാസിൻ, റൈബോഫ്ലേവിൻ, ജീവകം എ തുടങ്ങിയ 
വിറ്റാമിനുകളുടെയും ശേഖരമാണ്.ചേനയില്‍ ധാരാളം  കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീര വളര്‍ച്ചയ്ക്കും എല്ലുകള്‍ക്ക് ശക്തി നല്‍കാനും പ്രയോജനകരമാകും.

പുളിവെള്ളത്തില്‍ കഴുകി ചേന കറി വെച്ചാല്‍ ചേന ചൊറിയാതിരിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല ഇത് ചേനക്കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

നമ്മുടെ ആഹാരരീതിയിൽ നിന്ന് ഒരിക്കലും ഒഴിവാക്കപ്പെടാനാവാത്ത ഒരു ഭക്ഷണപദാർത്ഥമാണ് ചേന.
സദ്യയിലെ വിഭവങ്ങളുണ്ടാക്കാൻ ചേന ഉപയോഗിക്കുന്നു.
സാമ്പാർ, അവിയൽ, എരിശ്ശേരി, മെഴുക്ക്പുരട്ടി, കാളൻ, മൊളോഷ്യം എന്നിങ്ങനെ സ്വാദിഷ്ഠമായ കറികളിലേയും ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ചേന.
സൂരണാദി ലേഹ്യത്തിലെ സൂരണം കാട്ടുചേനയാണ്.


നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം (Constipation)പരിഹരിക്കപ്പെടുന്നു. വിരശല്യത്തിനു൦ ഉത്തമം. ദഹനം സുഗമമാക്കുന്നതിനൊപ്പം  അർശസ്( Piles),ഫിസ്റ്റുല പോലുള്ള മലാശയ രോഗങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ്.

Comments