Random Post

നസ്യം

നസ്യം
---------

പഞ്ചകർമ്മ ചികിത്സയിലെ പ്രധാന ഒരു ചികിത്സയാണ് നസ്യം എന്ന് പറയുന്നത്. മൂക്കിൽക്കൂടിയുള്ള ഔഷധപ്രയോഗമാണ് നസ്യം ഇത് നാവനം എന്നും അറിയപ്പെടാറുണ്ട്. മൂക്കിൽ ഒഴിക്കപ്പെട്ട ഔഷധം ശിരസ്സിന്റെ മധ്യഭാഗത്ത് എല്ലാ സ്രോതസ്സുകളും വന്നു ചേരുന്ന സ്ഥലത്ത് എത്തി ശിരസ്സിലാകമാനവും കണ്ണ്, ചെവി, നാക്ക്, കഴുത്ത് എന്നിവയുടെ സ്രോതസ്സുകളുടെ ദ്വാരങ്ങളിലും വ്യാപിച്ച് അവിടങ്ങളിൽ പറ്റിപ്പിടിച്ച് രോഗകാരണമായിത്തീരാനിടയുള്ള ദോഷങ്ങളെ ശിരസ്സിൽ നിന്ന് വേർപെടുത്തി വായിൽക്കൂടി പുറത്തേക്കു കളയുന്നു. ഇപ്രകാരം ചെയ്യുന്നതുകൊണ്ട് കഴുത്തിനുമുകളിൽ ഉണ്ടാകാവുന്ന മിക്ക വ്യാധികളെയും തടുക്കുന്നതിനു കഴിയും. ശിരസ്സ്, ഇന്ദ്രിയങ്ങളുടെയും പ്രാണന്റെയും മനസ്സിന്റെയും സ്ഥാനമാകയാൽ ഉത്തമാംഗത്തിലുണ്ടാകുന്ന രോഗങ്ങളുടെ മുഖ്യചികിത്സയായി നസ്യകർമത്തെ ആയുർവേദം വിവക്ഷിക്കുന്നു. 

മസ്തിഷ്കത്തിൽനിന്നു പുറപ്പെടുന്ന അനേകം നാഡികളുടെ അഗ്രങ്ങൾ നാസാന്തർഭാഗത്ത് വ്യാപിച്ചുകിടക്കുന്നു. തന്മൂലം മൂക്കിൽ പ്രയോഗിക്കുന്ന ഔഷധം പ്രസ്തുത തന്ത്രികളിൽക്കൂടി സ്വശക്തിയെ ഉദ്ദീപിപ്പിച്ച് പ്രവർത്തനക്ഷമമാകുന്നു. അല്പമാത്രയിലുള്ള ഔഷധംകൊണ്ട് വളരെ വലിയഫലത്തെ ഉണ്ടാക്കാൻ കഴിയുന്നു എന്നുള്ളത് നസ്യകർമത്തിന്റെ പ്രത്യേകതയാണ്.

നസ്യ വിഭജനം 
☘️☘️☘️☘️☘️

കർമത്തിനനുസരിച്ച് നസ്യത്തെ വിരേചനം, ബൃംഹണം, ശമനം എന്നിങ്ങനെ മൂന്നായി തിരിക്കാം. 

1 ) കഫം ദോഷപ്രധാനമായി ഉണ്ടാകുന്ന രോഗങ്ങളിലാണ് വിരേചനനസ്യം സാധാരണയായി പ്രയോഗിക്കുന്നത്. ഇത് ശ്വാസമാർഗ്ഗത്തിലും കഴുത്തിലും മറ്റുമുള്ള ദോഷങ്ങളെ സ്രവിപ്പിച്ച് പുറത്തേക്ക് കളയുന്നതുമൂലം ശിരസ്സിനും ഇന്ദ്രിയങ്ങൾക്കും ലാഘവത്തെ ഉണ്ടാക്കുന്നു.

2) ബൃംഹണനസ്യം ക്ഷീണം സംഭവിച്ചിരിക്കുന്ന തന്ത്രികളെ പോഷിപ്പിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു.

3) ഓരോ രോഗത്തിന്റെയും ശമനത്തിനായി അവസ്ഥാനുസരണം ഉപയോഗിക്കുന്ന നസ്യങ്ങളെയാണ് ശമനനസ്യങ്ങൾ എന്നു വിവക്ഷിക്കുന്നത്. സർവ സാധാരണമായി നസ്യത്തിനായി ഉപയോഗിക്കുന്നത് ഔഷധസിദ്ധമായ സ്നേഹദ്രവ്യങ്ങൾ ആണ്.

4) സ്നേഹദ്രവ്യങ്ങളുപയോഗിച്ചുള്ള നസ്യത്തെ മർശനസ്യമെന്നും പ്രതിമർശനസ്യമെന്നും മാത്രാഭേദമനുസരിച്ച് രണ്ടായി തിരിക്കാം. മർശനസ്യം കൂടിയ അളവിൽ പൂർവകർമങ്ങൾക്കുശേഷം മാത്രമേ ചെയ്യാൻ വിധിയുള്ളു. ഇത് രോഗ ചികിത്സയ്ക്കായിട്ടാണ് പ്രധാനമായും ഉദ്ദേശിച്ചിട്ടുള്ളത്. പ്രതിമർശ നസ്യത്തിന്റെ അളവ് രണ്ടു തുള്ളിയാണ്. ഇത് എല്ലാവർക്കും എപ്പോഴും പ്രത്യേക നിഷ്കർഷ കൂടാതെ ചെയ്യാവുന്ന ഒന്നാണ്. ആരോഗ്യസംരക്ഷണകാര്യത്തിൽ താത്പര്യമുള്ളവർ ദിനചര്യയുടെ ഭാഗമായി പ്രതിമർശനസ്യം നിത്യേന ശീലിക്കുന്നത് പല രോഗങ്ങളെയും തടഞ്ഞുനിർത്തുന്നതിനും ഇന്ദ്രിയശക്തി, ഓർമശക്തി, ബുദ്ധിശക്തി എന്നിവയെ വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.

നസ്യം എപ്പോൾ ചെയ്യണം
☘️☘️☘️☘️☘️☘️☘️☘️☘️

രാത്രി, പകൽ, ഭക്ഷണം, ഛർദി, പകലുറക്കം, വഴിനടക്കുക, അധ്വാനം, സ്ത്രീസംഗമം, അഭൃംഗസ്നാനം, കവിൾകൊള്ളുക, മൂത്രം ഒഴിക്കുക, കണ്ണിൽ അഞ്ജനം ചെയ്യുക, മലശോധന, പല്ലുതേപ്പ്, ഉറക്കെച്ചിരിക്കുക ഇതിന്റെയെല്ലാം അവസാനത്തിൽ രണ്ടു തുള്ളി സ്നേഹം കൊണ്ടുള്ള പ്രതിമർശം ചെയ്യണമെന്ന് ആയുർവേദം നിർദ്ദേശിക്കുന്നു. മരുന്ന് അരച്ച് എടുത്ത കല്ക്കം, കഷായം, ചൂർണം, ഔഷധങ്ങളുടെ സ്വരസം, തേൻ, ഇന്ദുപ്പ്, മദ്യം, ഇല, പാൽ, മാംസരസം, പിത്തരസം, മൂത്രം, രക്തം എന്നിവകൾകൊണ്ട് രോഗാവസ്ഥയ്ക്ക് അനുസരിച്ച് നസ്യകർമം നടത്താൻ വിധിയുണ്ട്. കല്ക്കം കൊണ്ട് ചെയ്യുന്ന നസ്യത്തിന് അവപീഡമെന്നും ചൂർണം കൊണ്ട് ചെയ്യുന്നതിനെ ധ്മാനം എന്നും പറയുന്നു.

വെള്ളം, മദ്യം, സ്നേഹദ്രവ്യങ്ങൾ എന്നിവ കഴിച്ച ഉടനെയും ഉടനെതന്നെ കഴിക്കാൻ ഉദ്ദേശിക്കുന്നവരിലും നസ്യം ചെയ്യാൻ പാടില്ല. വിഷദ്രവ്യങ്ങൾ കഴിച്ചവരും കുളികഴിഞ്ഞ ഉടനേയുള്ളവരും ഉടൻ കുളിക്കാൻ പോകുന്നവരും മലമൂത്രാദിവേഗങ്ങൾ ഉള്ളവരിലും നസ്യം ചെയ്യാൻ പാടില്ല. സൂതിക, രക്തമോക്ഷം ചെയ്ത് പ്രകൃതിഭോജനം നടത്തുന്നതിനുമുമ്പുള്ളവർ, വമന, വിരേചന, വസ്തി കർമങ്ങൾ ചെയ്തിരിക്കുന്നവരിലും കാസം, ശ്വാസം, പീനസം എന്നീ രോഗങ്ങളുടെ നവാവസ്ഥയിലും നസ്യം നിഷിദ്ധമാണ്.

നസ്യം ചെയ്യേണ്ട സമയം
☘️☘️☘️☘️☘️☘️☘️☘️

ദോഷവ്യാധികാലം മുതലായവയെ അടിസ്ഥാനപ്പെടുത്തി നിർണയിക്കണം. കഫവൃദ്ധിയിൽ പ്രഭാതത്തിലും പിത്തവൃദ്ധിയിൽ മധ്യാഹ്നത്തിലും വാതവൃദ്ധിയിൽ സായാഹ്നത്തിലും നസ്യം ചെയ്യുന്നതാണ് ഉത്തമം. ശരത്, വസന്തകാലങ്ങളിൽ രാവിലെയും ഹേമന്തശിശിരങ്ങളിൽ മധ്യാഹ്നത്തിലും ഗ്രീഷ്മകാലത്ത് വൈകിട്ടും വർഷകാലത്ത് വെയിലുള്ള സമയം നോക്കിയും വേണം നസ്യകർമം ചെയ്യേണ്ടത്. രോഗാവസ്ഥകളിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് നസ്യം ചെയ്യേണ്ടത്. എന്നാൽ ചില പ്രത്യേക രോഗാവസ്ഥകളിൽ രാവിലെയും വൈകിട്ടും നസ്യം ചെയ്യാനും വിധിയുണ്ട്. തുടർച്ചയായി ഏഴുദിവസത്തിൽ കൂടുതൽ ചെയ്യാൻ പാടില്ല. ഏഴു വയസ്സിനു മുമ്പും എൺപതു വയസ്സിനുശേഷവും മർശനസ്യം ചെയ്യാൻ പാടില്ല. പ്രതിമർശം ആകട്ടെ ജനനം മുതൽ മരണംവരെ ഏതു പ്രായത്തിലും ശീലിക്കാവുന്നതാണ്. ശരിയായവിധം ദിർഘകാലം ശീലിക്കുന്നതുകൊണ്ട് മർശനസ്യംകൊണ്ട് മാറ്റാവുന്ന മിക്ക രോഗങ്ങളും പരിപൂർണമായി മാറ്റാൻ കഴിയും. കൂടാതെ, ഇപ്രകാരം നിയമേന നസ്യം ശീലിക്കുന്നവരുടെ ചുമൽ, കഴുത്ത്, മുഖം തുടങ്ങിയ ഭാഗങ്ങൾ ഉയർന്ന രക്തപ്രസാദത്തോടുകൂടിയിരിക്കും. തൊലിക്ക് മാർദവവും ഇന്ദ്രിയങ്ങൾക്ക് ദൃഢതയും പ്രദാനം ചെയ്യുകയും ചെയ്യും. ജരാനരകളെ വൈകിപ്പിക്കാനും അതിനു കഴിയും.

നസ്യം എങ്ങനെ ചെയ്യണം
☘️☘️☘️☘️☘️☘️☘️☘️☘️

നസ്യം ചെയ്യാൻ യോഗ്യനാണെന്ന് കണ്ടു കഴിഞ്ഞാൽ രോഗത്തിന്റെ ദോഷദൂഷ്യാവസ്ഥയും കാലവും വിശകലനം ചെയ്ത് ഏതുതരത്തിലുള്ള നസ്യമാണ് പ്രയോഗിക്കേണ്ടതെന്നും ഏതുമാത്രയിൽ ഏതു കാലത്ത് പ്രയോഗിക്കണമെന്നും നിശ്ചയിക്കണം. തുടർന്ന് സ്നേഹസ്വേദങ്ങൾ ചെയ്ത് നസ്യം ചെയ്യാൻ പാകത്തിൽ തയ്യാറെടുപ്പിച്ചശേഷം, നേരിട്ട് കാറ്റു കടക്കാത്ത ഒരു മുറിയിൽ രോഗിയെ കയറ്റി മൂർധാവിൽ തളവും കർണപൂരണവും ചെയ്തശേഷം രോഗിയുടെ ചുമലിനുമേല്പോട്ടുള്ള ഭാഗത്ത് രോഗാനുസാരേണ നിശ്ചയിച്ച തൈലം പുരട്ടി മൃദുവായി തടവിയശേഷം വിയർപ്പിക്കണം. ആവണക്കില, പുളിയില, കരിനൊച്ചിയില തുടങ്ങിയ വാതഹരങ്ങളായ ഇലകളോ, കുറുന്തോട്ടിവേര്, കരിംകുറിഞ്ഞിവേര് തുടങ്ങിയ ഔഷധങ്ങളോ ഇട്ട് തിളപ്പിച്ച് ഉണ്ടാകുന്ന ആവി കൊണ്ട് വിയർപ്പിക്കുന്നതാണ് ഉത്തമം. 

അതിനുശേഷം കാലിന്റെ ഭാഗം അല്പം ഉയർത്തിയും തല അല്പം താഴ്ത്തിയും കയ്യും കാലും നിവർത്തിമലർന്ന് കിടക്കണം. യഥാവിധി തയ്യാറാക്കിയ ഔഷധം ശരിയായമാത്രയിൽ രണ്ടു ഗോകർണത്തിലായി എടുത്ത് ഓരോ മൂക്കിലും ധാരമുറിയാതെ ഒഴിക്കണം. അതിനുശേഷം രോഗിയോട് ഔഷധം ശക്തിയായി മേല്പോട്ട് വലിച്ചുകയറ്റാൻ ആവശ്യപ്പെടുന്നു. വലിച്ചുകയറ്റാൻ വൈഷമ്യമുള്ള രോഗികളിലും ചൂർണം നസ്യം ചെയ്യുമ്പോഴും പരിചാരകൻ തന്നെ ഔഷധം ഊതിക്കയറ്റേണ്ടതാണ്. ഇതിനുശേഷം നെറ്റി, മൂക്കിനുചുറ്റുമുള്ള പ്രദേശങ്ങൾ, ചെവികൾ, ഉള്ളംകൈകൾ, ഉള്ളംകാലുകൾ എന്നിവ സുഖമാംവിധം തലോടി ഉത്തേജിപ്പിക്കേണ്ടതാണ്. 

കാർക്കിച്ച് തുപ്പുവാൻ തോന്നിത്തുടങ്ങിയാൽ ഇടതുവലതു ഭാഗങ്ങളിലേക്ക് തിരിഞ്ഞ് പ്രത്യേകപാത്രത്തിൽ തുപ്പുവാൻ നിർദ്ദേശിക്കണം. തുപ്പാനുള്ള കഫം ഏതാണ്ട് അവസാനിച്ചാൽ തൊണ്ടയിലും വായിലും ബാക്കിയുള്ള കഫം മാറ്റി ശുദ്ധിവരുത്തുന്നു. രോഗാനുസാരേണയുള്ള ധൂമപാനവും (ഔഷധ പുക) ചൂടുവെള്ളംകൊണ്ടുള്ള കബളവും (കവിൾകൊൾക) ചെയ്യണം. നസ്യം ചെയ്യുന്നവർ മുഖം കഴുകുന്നതിനും മറ്റും ചൂടുവെള്ളം ഉപയോഗിക്കണം. വിശപ്പുവന്നാൽ ലഘുവായ ആഹാരം കഴിക്കാം. അധികമായി ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കരുത്.

സമ്യക് നസ്യ ലക്ഷണം
☘️☘️☘️☘️☘️☘️☘️☘️

നസ്യം ചെയ്തത് ശരിയായ മാത്രയിലാണോ എന്നു നിശ്ചയിക്കുവാൻ ചില ലക്ഷണങ്ങൾ സഹായിക്കുന്നു. സ്നേഹം കൊണ്ടുള്ള നസ്യം ചെയ്ത് സ്നിഗ്ധത വന്നിട്ടുണ്ടെങ്കിൽ ശ്വാസത്തിന്റെ ഗതിക്ക് തടസ്സിമല്ലാതെയാകും, കണ്ണിനു ചിമ്മുവാനും മിഴിക്കുവാനും വൈഷമ്യം ഉണ്ടാവില്ല, ഇന്ദ്രിയങ്ങൾക്ക് വിഷയഗ്രഹണശക്തി കൂടും. എന്നാൽ നസ്യം മതിയാവാതിരുന്നാൽ കണ്ണുകൾക്ക് സ്തബ്ധത, മൂക്കിലും വായിലും വരൾച്ച, ശിരസ്സ് ശൂന്യമായി തോന്നുക എന്നിവ ലക്ഷണങ്ങൾ. നസ്യമധികമായാൽ തലയ്ക്കു കനം, ചൊറി, വായിൽ വെള്ളം വരിക, അരുചി, പീനസം മുതലായ ഉപദ്രവങ്ങളുണ്ടാകും.

അണുതൈലം
☘️☘️☘️☘️☘️

നസ്യം ചെയ്യുവാൻ മാത്രമായി പ്രത്യേകം വിധിച്ചിട്ടുള്ള ഒരു തൈലമാണ് അണുതൈലം. അണുതൈലം കൊണ്ടുള്ള നസ്യം ശിരോരോഗശമനത്തിനു നല്ലതാണ്. രോഗം ഇല്ലാത്തവർക്കും ഈ തൈലനസ്യംകൊണ്ട് ഗുണങ്ങൾ ലഭിക്കുമെന്ന് ആയുർവേദം വിധിച്ചിരിക്കുന്നു. അണുതൈലം തയ്യാറാക്കുന്ന വിധം താഴെക്കൊടുത്തിരിക്കുന്നു അടപൊതിയൻകിഴങ്ങ്, ഇരുവേലി, ദേവതാരം, മുത്തങ്ങാക്കിഴങ്ങ്, ഇലവങം, രാമച്ചം, നറുനീണ്ടിക്കിഴങ്ങ്, ചന്ദനം, മരമഞ്ഞൾത്തൊലി, അതിമധുരം, കുഴിമുത്തങ്ങ, അകിൽ, ശതാവരിക്കിഴങ്ങ്, കണ്ടകാരിച്ചുണ്ടവേര്, ചെറുവഴുതിനവേര്, ചിറ്റീന്തൽവേര്, ഓരിലവേര്, മൂവിലവേര്, വിഴാലരിപ്പരിപ്പ്, വെള്ളക്കൊട്ടം, ഏലത്തരി, അരേണുകം, താമരയല്ലി, കുറുന്തോട്ടിവേര് ഇവ ഓരോന്നും തുല്യ അളവിൽ എടുത്ത് ഇവയുടെ നൂറിരട്ടി ദിവ്യജലത്തിൽ (മഴ പെയ്യുമ്പോൾ തറയിൽ വീഴാതെ എടുക്കുന്ന ജലം) കഷായമാക്കി വറ്റിച്ചു പത്തിൽ ഒന്ന് ആകുമ്പോൾ അതിൽനിന്നും പത്തിൽ ഒരു ഭാഗം കഷായം എടുത്തു സമം എണ്ണയുംചേർത്തു കാച്ചി മന്ദപാകത്തിൽ അരിക്കണം; ഇങ്ങനെ ബാക്കി ഭാഗവും ആവർത്തനക്രമത്തിൽ തൈലം ചേർത്ത് അരിച്ചെടുക്കണം. ഒടുവിലത്തെ ഭാഗത്തിൽ തൈലത്തിനു സമമായി ആട്ടിൻപാലുകൂടി ചേർത്തു കാച്ചി മന്ദപാകത്തിൽതന്നെ അരിച്ചെടുക്കേണ്ടതാണ്.

സംഗ്രഹം
☘️☘️☘️

കഴുത്തിന്‌ മുകളിലോട്ടുണ്ടാകാവുന്ന എല്ലാ വ്യാധികള്‍ക്കും നസ്യം ഏറക്കുറെ അത്യവശ്യം ആണ് . എന്നാല്‍ അധഃ കായത്തിലുള്ള പല രോഗങ്ങള്‍ക്കും ഇത് ഫലപ്രദമാണ് . മോഹാലസ്യം ,സന്നി, പക്ഷവാതം , അപതന്ത്രകം ,ബാഹ്യായാമം , ആന്തരയാമം , അപബാഹുകം തുടങ്ങിയ മഹാ രോഗങ്ങള്‍ക്കും നസ്യം ഫലപ്രദമാണ് നാസാ ഹി ശിരസ്സോ ദ്വാരം" എന്ന് വാഗഭടാചാര്യന്‍ പറയുന്നത് മസ്തിഷ്കം ഇരിക്കുന്ന തലയോടിന്നുള്ളില്‍ മരുന്നുകളുടെ വീര്യം ഏല്‍പ്പിക്കുന്നതിനു ഏറ്റവും സൌകര്യവും അടുപ്പവും ഉള്ള ദ്വാരം നാസാരന്ധ്രമാകുന്നു. ശിരസ്സിലെ പല നെര്‍വുകളുടെയും അഗ്രങ്ങള്‍ മൂക്കിന്റെ അന്തര്‍ ഭാഗത്ത് വ്യാപിച്ചിട്ടുണ്ട് .അത് കൊണ്ട് അവിടെ ഏല്‍പ്പിക്കുന്ന ഔഷധ പ്രയോഗം ഈ തന്ത്രികള്‍ വഴിയായി നേരിട്ടോ മറ്റു വഴിയായോ സ്വശക്തിയെ ശിരസ്സ്‌ മുഴുവനും അധഃ കായത്തിലെ ഏതാനും ഭാഗത്തും ഉതെജിപ്പിച്ചു ഉദ്ദിഷ്ട ഫലത്തെ ഉണ്ടാക്കി തീര്‍ക്കുന്നു.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

Post a Comment

0 Comments