മൂലക്കുരു ഒറ്റമൂലി കൊണ്ട് ചികിത്സിക്കുന്ന വൈദ്യനെ വെട്ടി നുറുക്കി


മൂലക്കുരു ഒറ്റമൂലി കൊണ്ട് ചികിത്സിക്കുന്ന വൈദ്യനെ വെട്ടി നുറുക്കി കശാപ്പു ചെയ്തു എന്നുള്ള വാർത്ത നിങ്ങളെല്ലാവരും വായിച്ചു കാണും. ഒരുപാട് മൂലക്കുരുവും മൂലയില്ലാത്ത കുരുവും ചികിത്സിച്ചിട്ടുണ്ട് എന്തായാലും ഭാഗ്യം ഒറ്റമൂലി ഒന്നുമറിയാത്തതുകൊണ്ട് എന്നെ ആരും വെട്ടി നുറുക്കിയില്ല. 

ഒറ്റമൂലി വിറ്റ് പൈസയുണ്ടാകുന്ന ഒരുപാട് ലാട വൈദ്യന്മാരാൽ ചുറ്റപ്പെട്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഒറ്റമൂലി കഴിച്ചാൽ മൂലക്കുരു മാറും എന്നുള്ള ചിന്താഗതി ഒരു പൊട്ടത്തരമാണ്. ഈ മൂലക്കുരു ഉണ്ടാകുന്നത് നമ്മുടെ തെറ്റായ ഒരു ജീവിതശൈലി കൊണ്ടു തന്നെയാണ്. 

തോന്നിയപോലെ ജീവിച്ച് ഒറ്റമൂലി വിഴുങ്ങി മൂലക്കുരു ശമിപ്പിക്കാം എന്ന് കരുതുന്നത് തന്നെ ഒരു വിഡ്ഢിത്തമാണ്. മൂലക്കുരു ഉള്ള ഒരുപാട് രോഗികളെ മരുന്നുകൊണ്ട് ചികിത്സിച്ച അനുഭവം ഉള്ളതുകൊണ്ട് പറയുകയാണ് ഒറ്റമൂലി വിഴുങ്ങി മൂലക്കുരു മാറ്റാം എന്ന് ചിന്തിക്കുന്നത് തികച്ചും വിഡ്ഢിത്തമാണ്.
 
പിന്നെ മൂലക്കുരുവിന് ചികിത്സിക്കുന്ന വൈദ്യനെ കശാപ്പ് ചെയ്ത് ആ വിദ്യ സ്വന്തമാക്കി പൈസ ഉണ്ടാക്കാം എന്ന് ചിന്തിക്കുന്നത് അതിലും വലിയ വിഡ്ഢിത്തമാണ്. സ്വന്തം ആഹാരരീതിയും ജീവിതശൈലിയും ചിട്ടപ്പെടുത്തിയാൽ ഈ മൂലക്കുരു എന്ന അസുഖം തനിയെ ശമിക്കും . എന്നിട്ടും മാറിയില്ലെങ്കിൽ ഔഷധങ്ങൾ സേവിക്കണം അപ്പോൾ അത് ശമിക്കും. ഔഷധങ്ങൾ കഴിച്ചിട്ടും ഒരു കുറവും ഇല്ലെങ്കിൽ ശസ്ത്രക്രിയ ചെയ്യണം ആയുർവേദത്തിലും അത് തന്നെയാണ് പറയുന്നത്. 

അല്ലാതെ ലാട വൈദിന്റെ അടുത്തുപോയി മരുന്നു വിഴുങ്ങിയാൽ കയ്യിലെ പൈസയും പോകും മൂലക്കുരു ആ മൂലയ്ക്ക് തന്നെ ഇരിക്കും. നമ്മുടെ നാട്ടിൽ പലതരത്തിലുള്ള ലാട വൈദ്യന്മാരുണ്ട്. ജനങ്ങളെ പലതരത്തിലും കബളിപ്പിക്കുന്ന ഇത്തരം വൈദ്യന്മാരുടെ അടുത്ത് പോയി പൈസ കളയുക എന്നു പറയുന്നത് പ്രത്യേകിച്ചും കേരളത്തിലുള്ള ജനങ്ങളുടെ ഒരു വിനോദമാണ്. 

നമ്മുടെ നാട്ടിൽ പൈൽസിന് നൂലുകെട്ടി ചികിത്സിക്കുന്ന ഒരുപാട് ബംഗാളികൾ ഉണ്ട് പത്താം ക്ലാസും ഗുസ്തിയും ഉള്ള അവരുടെ അടുത്തുപോയി ആസനത്തിൽ നൂലുകെട്ടി ആത്മനിർവൃതിടയുന്ന ഒരുപാട് രോഗികളും നമുക്ക് ചുറ്റുമുണ്ട്. ആന്ധ്രയിൽ നിന്നും ബംഗാളിൽ നിന്നുമുള്ള ഒറ്റമൂലിയും ലാടവൈദ്യത്തിലും ആണ് നമ്മുടെ നാട്ടുകാർക്ക് കൂടുതൽ താല്പര്യം

മൂലക്കുരു ഉണ്ടായാൽ ഇത്തരത്തിലുള്ള ലാട വൈദ്യന്മാരെ കൊണ്ട് ആസന രോഗങ്ങൾ ചികിത്സിച്ചാൽ മാത്രമേ പലർക്കും സൗഖ്യം ലഭിക്കുകയുള്ളൂ എന്നുള്ള മനോവിശ്വാസമാണ് ഇവിടെയുള്ള പല വ്യാജ ചൂഷണങ്ങൾക്കും മൂല കാരണം.മൂലക്കുരു ചികിത്സിക്കുന്ന ലാട വൈദ്യന്മാർ മാത്രമല്ല മഞ്ഞപിത്തത്തിന് ഒറ്റമൂലി, നടുവേദനയ്ക്ക് ഒറ്റമൂലി, പൊള്ളലിന് ഒറ്റമൂലി, ചെന്നിക്കുത്തിന് ഒറ്റമൂലി എന്ന് വേണ്ട എല്ലാത്തിനും നമ്മുടെ നാട്ടിൽ ഒറ്റമൂലി ചികിത്സ ലഭ്യമാണ്.

അതുകൂടാതെ ലാട വൈദ്യനെ കശാപ്പ് ചെയ്തത് ഒറ്റമൂലി സ്വന്തമാക്കി പൈസ ഉണ്ടാക്കാം എന്ന് കരുതുന്ന പൊന്മാനുകളെ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക "അതിബുദ്ധിയുള്ള പൊന്മാൻ കിണറ്റിൽ മുട്ടയിടും".

❤️

ഡോ.പൗസ് പൗലോസ്

Comments