ഞാനറിഞ്ഞ ക്രിസ്തു

ഇടയ്ക്ക് ഞാൻ ചിന്തിക്കാറുണ്ട് ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത ക്രിസ്തുവിനെ ഒരു നല്ല മനുഷ്യൻ എന്ന നിലയിൽ ഞാൻ എന്തുകൊണ്ടാണ് ഇത്രയധികം ഇഷ്ടപെടുന്നത് എന്നത്. ഒരുപക്ഷേ ഞാൻ ക്രിസ്തുവിനെ കാണുന്നത് ഒരു 
നല്ല സുഹൃത്തിനെ പോലെ ആയതുകൊണ്ടാകാം അതിന് 
കാരണമുണ്ട് അദ്ദേഹം മനുഷ്യരെ ഹൃദയം കൊണ്ട് സ്നേഹിച്ചിരുന്ന വളരെ നല്ലൊരു മനുഷ്യനായിരുന്നു. അതുപോലെതന്നെ ക്രിസ്തു ഹൃദയം കൊടുത്ത് സ്നേഹിച്ചിരുന്നവർക്ക് വേണ്ടി ഹൃദയം നുറുങ്ങി രക്തം ഇറ്റിറ്റ് വീണ് പ്രാർത്ഥിച്ച ഒരു പാവം മനുഷ്യനായിരുന്നു. എനിക്ക് ഇടയ്ക്ക് ആ മനുഷ്യൻ്റെ നിഷ്കളങ്ക ഹൃദയം അടുത്ത് അനുഭവിച്ച് അറിയാൻ സാധിക്കും അത് വേറൊന്നും കൊണ്ടല്ല ചില നിമിഷങ്ങളിൽ എൻ്റെ ഹൃദയവും മുറിഞ്ഞ് രക്ത തുള്ളികൾ ഇറ്റിറ്റ് വീഴുമ്പോഴും ഞാനത് അവഗണിച്ച് മറ്റുള്ളവരോട് കൂടെ അവരുടെ സന്തോഷത്തിൽ പങ്കുചേർന്ന് സമയം ചെലവഴിക്കാറുണ്ട്. എനിക്കും ഇടക്ക് തോന്നിയിട്ടുണ്ട് ക്രിസ്തുവും അത് തന്നെയാണ് ചെയ്തതെന്ന് കാരണം അദ്ദേഹം മനുഷ്യരെ വളരെയധികം സ്നേഹിച്ചിരുന്നു ഒരുപക്ഷേ വാക്കുകൾ കൊണ്ട് അവർണനീയമായ രീതിയിൽ സ്നേഹിച്ചിരുന്നു. അദ്ദേഹം സ്നേഹിച്ചിരുന്നവർക്ക് വേണ്ടി വ്യാകുലപ്പെട്ട് ഹൃദയത്തിൽ നിന്ന് രക്തം ഇറ്റിറ്റു വീണ് നൊമ്പരപ്പെട്ടിരുന്നു എന്നതാണ് വാസ്തവം. എന്നാലും ക്രിസ്തു എന്ന മനുഷ്യൻ തന്റെ വേദനകളെല്ലാം അവഗണിച്ച് മറ്റുള്ളവരോട് കൂടെ അവരുടെ സന്തോഷത്തിൽ പങ്കുചേർന്ന് അവസാന നിമിഷം വരെ ജീവിച്ചു. ആ മനുഷ്യൻ ജീവനുതുല്യം സ്നേഹിച്ചവർ തന്നെ അയാളെ കുരിശിലേറ്റുക എന്ന് ഒരേ സ്വരത്തിൽ വിളിച്ചുപറഞ്ഞ് അയാളെ ക്രൂശിലേറ്റൊന്ന നിമിഷവും അയാൾ അവരെയെല്ലാം നിഷ്കളങ്കമായി സ്നേഹിച്ചു. പിന്നെ ക്രിസ്തുവിന്റെ ഹൃദയത്തിന്റെ ഭംഗി എന്നു പറയുന്നത് കുരിശിൽ ചതിക്കപ്പെട്ട് ക്രൂശിതനായി കിടക്കുമ്പോഴും ആ വേദനകളെല്ലാം അവഗണിച്ച് തന്നെ ചതിച്ചവരെ, വഞ്ചിച്ചവരെ, വേദനിപ്പിച്ചവരെ, തള്ളി പറഞ്ഞവരെ ഹൃദയത്തോട് ചേർത്തു നിർത്തി സ്നേഹിച്ചു എന്നതാണ് പിന്നെ ഞാൻ എങ്ങനെ ആ മനുഷ്യനെ ഒരു നല്ല മനുഷ്യൻ എന്ന നിലയിൽ സ്നേഹിക്കാതിരിക്കും.

(ഡോ.പൗസ് പൗലോസ്)

Comments