മൂത്രകൃച്ഛ്ര ചികിത്സ

मूत्रकृच्छ्रचिकित्सा
वातानुलोमनं स्निग्द्ध -
मुष्णं स्रोतोविशोधनम् ।
दीपनं यच्च पानान्न - 
भेषजं कृच्छ्रिणां हितम् ॥

വാതത്തെ അനുലോമമാക്കുന്നതും സ്നിഗ്ദ്ധവും ഉഷ്ണവും സ്രോതസ്സുകൾക്കു ശുദ്ധിവരുത്തുന്നതും അഗ്നിക്കു ദീപനം വരുത്തുന്നതുമായ പാനം, അന്നം, ഭേഷജം എന്നിവ മൂത്രകൃച്ഛ്രരോഗികൾക്കു ഹിതമാകുന്നു.

नाभेरधस्ताद्धान्याम्ळ -
सेको मूत्ररुजापह : I
നാഭിയുടെ താഴെ ധാന്യാമ്ലം കൊണ്ടുള്ളധാര കൃച്ഛ്രരോഗികൾക്കു ഹിതമാകുന്നു. ( ഇവയെല്ലാം ഈ രോഗത്തിന്റെ സാമാന്യ ചികിത്സയാണെന്നറിഞ്ഞുകൊൾക )

कृच्छ्रे वातघ्न तैलाक्त -
मधो नाभे : समीरजे ।
सुस्निग्द्धै : स्वेदयेदङ्गं
पिण्डसेकावगाहनै : ॥
വാതകൃച്ഛ്രത്തിങ്കൽ ചെയ്യേണ്ടതായ ചികിത്സ പറയുന്നു. ---
നാഭിയുടെ കീഴെ വാതഹരങ്ങളായ തൈലങ്ങൾ പുരട്ടിയ രോഗിയെ ഏറ്റവും സ്നിഗ്ദ്ധതയ്യള്ള കിഴി, ധാര, അവഗാഹനം എന്നിവ കൊണ്ട് ശരീരത്തെ വിയർപ്പിക്കണം.

वातजित्पत्रनिष्क्वाथे
धान्याम्ळे वावगाहयेत् ।
വാതഹരങ്ങളായ ഇലകൾ ഇട്ടു തിളപ്പിച്ച കഷായവെള്ളത്തിലൊ വെപ്പുകാടിയിലൊരോഗിയെ അവഗാഹനം ചെയ്യിക്കണം. (ഇത് അവഗാഹസ്വേദമാകുന്നു.) മൂത്രകൃച്ഛ്രത്തിങ്കൽ ഉത്തമമാകുന്നു. 

जलप्रसादास्थिकपोतपङ्क -
शतावरीगोक्षुरसिद्घमंभ : ।
पुनान्वितं हन्त्यनिलोत्बणानि
कुच्छ्राणिकृच्छ्ण्यपि शर्क्कराञ्च॥
തേറ്റാമ്പരൽ, അടയ്ക്കാമണിയൻവേര്, ശതാവരിക്കിഴങ്ങ്, ഞെരിഞ്ഞിൽ, ഇവ കഷായം ഗുൽഗുലു ശുദ്ധി ചെയ്ത് മേപ്പൊടി ചേർത്തു സേവിക്കുക.
വാതംകൊണ്ടുള്ള മൂത്രകൃച്ഛ്രങ്ങൾ കൃച്ഛ്രസാദ്ധ്യങ്ങളാണെങ്കിലും ശമിക്കും. ശർക്കരാരോഗവും മാറും.

दशमूलबलामूल -
द्राक्षावसुकयष्टिभि : I
वरीविदारीमत्स्याक्षी
चन्दनोपलभेदकै : ॥
सपयस्यै : श्रृतं क्षीरं
सर्वमूत्ररुजापहम् ।
ദശമൂലം പത്ത്, കുറുന്തോട്ടിവേര്, മുന്തിരിങ്ങാപ്പഴം, താർതാവൽ, എരട്ടിമധുരം, ശതാവരിക്കിഴങ്ങ്, പാൽമുതക്കിൻകിഴങ്ങ്, മീനങ്ങാണി , ചന്ദനം, കല്ലൂർവഞ്ഞി , അടപതിയൻ കിഴങ്ങ് ഇവ കൊണ്ട് പാൽ കുറുക്കി സേവിക്കുക. എല്ലാ മൂത്രകൃച്ഛ്രങ്ങളും ശമിക്കും.

व्याघ्रीगोक्षुरमत्स्याक्षी
पत्मापाषाणभेदकै : I
कपोतपङ्ककतक
वरीवसुकवाळकै : ॥
श्रृतक्षीराद्विशिष्टोयं
कषाय : शरक्करान्वित : ।
मूत्रकृच्छ्राणिसर्वाणि
रक्तस्रावञ्च नाशयेत् ॥
ചെറുവഴുതിനവേർ , ഞെരിഞ്ഞിൽ, മീനങ്ങാണി , ഓരിലത്താമരയില , കല്ലൂർവഞ്ഞിവേർ , അടയ്ക്കാമണിയൻവേർ , തേറ്റാമ്പരൽ, ശതാവരിക്കിഴങ്ങ്, താർതാവൽവേർ , ഇരുവേലിത്തണ്ട്, ഇവ കഷായം. അതിൽ പാൽ കുറുക്കി സേവിക്കുക. പഞ്ചസാര മേമ്പൊടി. എല്ലാ കൃച്ഛ്രങ്ങളും ശമിക്കും. രക്തം സ്രവിക്കുന്നതും ശമിക്കും.

पथ्यागोक्षुरशम्याक
धन्वयाषाक्षिभेषजै : I
क्वाथं पिबेत् सरुग्दाहे
कृच्छ्रे मधुसितायुतम् ॥

കടുക്ക, ഞെരിഞ്ഞിൽ, കൊന്നത്തൊലി, കൊടുത്തുവ്വവേർ , പാച്ചോറ്റിത്തൊലി ഇവ കഷായം തേനും പഞ്ചസാരയും ചേർത്ത് സേവിക്കുക. വേദനയും ചുട്ടുനീറ്റലും ഉള്ളതായ മൂത്രകൃച്ഛ്രറം ശമിക്കും.

वरीविदारीगोकण्ड
मुस्तागोपीजलं तथा ।

ശതാവരിക്കിഴങ്ങ്, പാൽമുതക്കിൻ കിഴങ്ങ്, ഞെരിഞ്ഞിൽ, മുത്തങ്ങ, നന്നാറിക്കിഴങ്ങ് ഇവ കൊണ്ടുള്ള കഷായവും മേൽ പ്രകാരം തന്നെ വേദനയും ചുട്ടുനീറലും ഉള്ളതായ മൂത്രകൃച്ഛ്രത്തെ ശമിപ്പിക്കും.

केरीक्रमुकतालानां
मूलं मूषिकजं मलम् ।
गोक्षुरोर्व्वारुबीजञ्च
काञ्चिकेन प्रपेषयेत् ॥
तेन लिम्बेद्वस्तिदेशे
क्षिप्रं मूत्रयते ध्रुवम् ।
തെങ്ങിൻ വേർ , കവുങ്ങിൻ വേർ , കരിമ്പന വേർ , എലിയുടെമലം, ഞെരിഞ്ഞിൽ, വെള്ളരി വിത്ത്, ഇവ കാടിയിൽ അരച്ച് വസ്തി പ്രദേശത്ത് പുരട്ടുക. മൂത്രത്തിന്റെ തടവ്മാറി വേഗത്തിൽ മൂത്രം ഒഴിഞ്ഞു പോകും.

त्रिफलाक्वाथसंयुक्तं
सैन्धवेन समन्वितम् ।
तैलमैरण्डजं वापि
पिबेन्मूत्रामयी नरः ॥
ത്രിഫലക്കഷായവും ഇന്തുപ്പുകല്ക്കനുമായി എള്ളെണ്ണയൊ ആവണക്കെണ്ണയൊ കാച്ചി സേവിക്കുക. മൂത്രസംബന്ധമായ രോഗത്തിങ്കൽ ഉത്തമം.

ह्रस्वेनपञ्चमूलेन
मत्स्याक्षी मधुकौषधै : I
बलाभद्रा वरीभिश्च
क्षीरपेया प्रसाधिता ॥
मूत्रकृच्छ्रेषु सर्वेषु
कृच्छ्रेषु परमं हिता ।
ചെറുപഞ്ചമൂലം, മീനങ്ങാണി , എരട്ടിമധുരം, ചുക്ക്, കുറുന്തോട്ടിവേര്, ചെറൂളവേര്, ശതാവരിക്കിഴങ്ങ്, ഇവ കൊണ്ട് പാൽക്കഞ്ഞിയുണ്ടാക്കി സേവിക്കുക. കൃച്ഛ്രങ്ങളായ എല്ലാമൂത്രകൃച്ഛ്രങ്ങളിലും ഉത്തമം.

तोयेन नाळिकेरस्य
कतकास्थि प्रपेषितम् ।
शर्क्करैला समायुक्तं
पिबेत् कृच्छ्रहरं परम् ॥
തേറ്റാമ്പരൽ നാളികേരവെള്ളത്തിലരച്ച്‌ പഞ്ചസാരയും ഏലത്തരിയുടെ പൊടിയും ചേർത്തു സേവിക്കുക. മൂത്രകൃച്ഛ്രം ശമിക്കും.

സഹസ്രവേധികന്നാരം
കന്മദംഗൈരികം തഥാ
ഏലായഷ്ട്യാഹ്വയം കൃഷ്ണാ
അരത്തയുമമുക്കുരം
ഇവ ചൂർണ്ണിച്ചു സിതയും
ക്ഷൗദ്രവും കൂട്ടി നക്കിയാൽ
മൂത്രകൃച്ഛ്രങ്ങളോടിപ്പോ -
മന്ധകാരം ദിനേ തഥാ .

भूमितालवरीकन्द
तुलाक्वाथे घृतं पचेत् ।
द्राक्षाश्वगन्धामधुक
कदळीफलगोक्षुरै : ॥

चतुर्ग्गुणपयस्सिद्धं
पित्तवातजकृच्छ्रनुत् ।
നിലപ്പന, ശതാവരി ഇവയുടെ കിഴങ്ങ് ഒരു തുലാം കഷായം വെച്ചതിൽ നൈകാച്ചുക.
കല്ക്കം :- മുന്തിരിങ്ങ, അമുക്കുരം, എരട്ടിമധുരം, കദളിവാഴക്ക , ഞെരിഞ്ഞില് ഇവ അരച്ചു ചേർക്കുക. നെയ്യിന്റെ നാലിരട്ടി പാലും കൂട്ടണം . ഈ നെയ്യ് വാതപിത്തങ്ങളെക്കൊണ്ടുള്ള കൃച്ഛ്രത്തെ ശമിപ്പിക്കും.

शतावरीघृतं वैद्य
स्त्रैकण्टकघृतं तथा ।
वस्त्यामयान्तकं चैव
मूत्रकृच्छ्रेषु योजयेत् ॥
ശതാവരീഘൃതം, ത്രൈകണ്ടകഘൃതം, വസ്ത്യാമയാന്തകം ഘൃതം എന്നിവയെ വൈദ്യൻ മൂത്രകൃച്ഛ്രങ്ങളിൽ പ്രയോഗിക്കണം.

अवशस्रुतमूत्रस्तु
पिबेन्मुत्गरसं नर : I
तैलेन सहितं तेन
सुखी भवत : तत्क्षणात् ॥
അവശമാകുംവണ്ണം മൂത്രം പോയിക്കൊണ്ടിരിക്കുന്ന ആൾ ചെറുപയറിന്റെ ചാറ് എണ്ണ ചേർത്തു സേവിക്കുക. ഉടൻ തന്നെ സുഖം കിട്ടും.
चम्पकशिफा कषाय :
पीतो हि रुणद्वि मूत्रमवशगतम् ।
ചമ്പകത്തിന്റെ വേര് കഷായം വെച്ച് സേവിക്കുക.. മൂത്രത്തിന്റെ അവശത ശമിക്കും.

नृत्यत्कोरण्डबीजानां
चूर्णं माक्षिक संयुतं ।
अविक्षीरेण सप्ताहं
पीतमश्मरिपातनम् ॥
ചുരയുടെ വിത്ത് പൊടിച്ച് തേനും ചേർത്ത് ആട്ടിൻ പാലിൽ ഏഴുദിവസം സേവിക്കുക . അശ്മരി പറിഞ്ഞു പോകും.
" നൃത്യൽകുണ്ഡകബീജാനാം, "എന്നു സുന്ദരീ പാഠം. കോരണ്ഡബീജത്തിന്ന് തുവരീ (തുവര) ബീജം എന്ന് അതിൽ അർത്ഥം.
സംഗ്രഹത്തിൽ ഭൃംഗകണ്ടകബീജാനാം -എന്നാണ് പാഠം. സുശ്രുതത്തിൽ " ത്രികണ്ടകസ്യ ബീജാനാം" എന്നു കാണുന്നു. ത്രികണ്ടകബീജം എന്നതിന്ന് ഞെരിഞ്ഞിലിന്റെ ബീജം എന്ന് അർത്ഥം. ഈ യോഗത്തിന്റെ മൂലം സുശ്രുതമാണെന്നും, പാഠഭേദങ്ങൾ സുശ്രുത പാഠത്തിന്റെ അപഭ്രംശങ്ങളാണെന്നും തോന്നുന്നു.

Comments