ग्रहणीदोषचिकित्सा - ഗ്രഹണീ ചികിത്സ

ग्रहणीदोषचिकित्सा -  ഗ്രഹണീ ചികിത്സ

तिक्तामूलेन निष्क्वाथो
ग्रहण्यां परमं हित : ।
പുത്തിരിച്ചുണ്ടവേരിന്മേൽതൊലി - ഇതു കൊണ്ടുള്ള കഷായം ഗ്രഹണിയിങ്കൽ അത്യുത്തമമാണ്.
व्योषसैन्धवपथ्यानां
चूर्णं तक्रेण पाययेत् ।
ചുക്ക്, മുളക്, തിപ്പലി, ഇന്തുപ്പ്, കടുക്ക ഇവയുടെ പൊടി മോരിൽ സേവിക്കുക. ഗ്രഹണിയിൽ ഫലപ്രദമാണ്.

शान्तपित्तोधिकं चैवं
कुष्ठोक्तं तिक्तकं पिबेत् ।
ഇപ്രകാരം പിത്തം ശമിച്ചവനായാൽ കുഷ്ഠചികിത്സയിൽ പറയപ്പെടുന്ന തിക്തകഘൃതത്തെ സേവിക്കണം. അധികം എന്നതു പിബേൽ എന്നതിനോട് അന്വയിക്കുന്നു. പിത്തഗ്രഹണിയിങ്കൽ പിത്തം ശമിച്ചാൽ പിന്നേയും അതിനെ ഭയപ്പെടേണ്ടതുകൊണ്ടു തന്നിവാരണത്തിന്നായി തിക്തകം നെയ്യ് കുറേ കാലത്തേക്കു സേവിപ്പിക്കണമെന്നു താല്പര്യം.

चित्रकग्रन्थिपूतीक
पुनर्नवमहौषधात् ।
तुलां पचेत् जलद्रोणे
चतुर्भागावशेषिते ॥
तत्कषाये घृतप्रस्थं
षट्पलेन पचेत् भिषक् ।
क्षीरद्विगुणितं तद्धि
ग्रहणीदीपनंपरम् ॥
കൊടുവേലിക്കിഴങ്ങ്, കാട്ടുതിപ്പലിവേര്, ആവൽതൊലി, തവിഴാമവേര്, ചുക്ക് ഇവ സമം ഒരു തുലാം, 16 ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് നാലൊന്നാക്കി ഇടങ്ങഴി നെയ്യും അതിലിരട്ടി പാലും ചേർത്തു ഷൾപലം കല്ക്കമായി കാച്ചി അരിക്കുക. ഈ നെയ് സേവിച്ചാൽ ഗ്രഹണിയിങ്കൽ അഗ്നിദീപ്തിയുണ്ടാകും.
ഷൾപലം :- തിപ്പലി കാട്ടു തിപ്പലിവേര് കാട്ടുമുളകിൻവേര് കൊടുവേലിക്കിഴങ്ങ്‌ ചുക്ക്, ഇന്തുപ്പ്

शूले निरन्नो बलवान्
कोष्णोद्भिश्चूर्णिता : पिबेत् ।
हिंगुप्रतिविषाव्योष -
वचासौवर्च्चलाभया : ॥
ശൂലമുണ്ടാകുമ്പോൾ ബലവാനായരോഗി അന്നം ഭക്ഷിക്കാതെ കണ്ട്, കായം, അതിവിടയം, ചുക്ക്, മുളക്, തിപ്പലി, വയമ്പ്, തുവർച്ചിലക്കാരം, കടുക്ക എന്നിവ പൊടിച്ച് ചൂടു വെള്ളം കൊണ്ട് സേവിക്കണം.

വില്വാജമോജാദി കഷായം

विल्वाजमोजघननागरवाळकोग्रा -
पूतीकधान्यकश्रृतंसलिलं हितञ्च ।
കൂവളവേര്, അയമോദകം, മുത്തങ്ങ, ചുക്ക്, ഇരുവേലി, വയമ്പ്, ആവൽതൊലി, കൊത്തമ്പാലയരി ഇവ കൊണ്ടുള്ള കഷായം ഹിതമാകുന്നു.

कृष्णानिंबाभयाशुण्ठी
सिद्धमंभश्च तत्गुणम् ।
തിപ്പലി, വേപ്പിൻതൊലി, കടുക്ക, ചുക്ക് ഇവ കഷായം മേൽ പറഞ്ഞ വില്വാജമോജാദി കഷായം പോലെ ഗ്രഹണീ ദോഷത്തിൽ നല്ലതാണ്.

चिञ्चारसं मूर्द्ध्नि सतैलमिष्टं
भृंगांघ्रिलेपः परितश्च नाभे : I
नाभौ प्रलिबेदथ तालमूलं
ज्येष्ठांबुपिष्टञ्च विषूचिकासु ॥
പുളിയിലയുടെനീര് എണ്ണയും കൂട്ടി കടഞ്ഞ് യോജിപ്പിച്ച് ശിരസ്സിൽ ഇടുക. കഞ്ഞുണ്ണിയുടെവേര് അരച്ച് നാഭിയുടെ നാലുപുറവും പുരട്ടുക. കരിമ്പനവേര് ത്രിഫല കഷായത്തിൽ അരച്ച് നാഭിയിൽ പുരട്ടുക. ഇവയെല്ലാം വിഷൂചികയിൽ ഹിതമാകുന്നു

नागरेणबलाविल्व -
मूलाभ्यां साधिते जले ।
सिद्धां पिबेल्लाजपेयां
दाहतृष्णाप्रपीडित : ॥ 
ചുക്ക്, കുറുന്തോട്ടിവേര്, കൂവളവേര്, ഇവ കൊണ്ടുള്ള കഷായത്തിൽ മലർകഞ്ഞിയുണ്ടാക്കി സേവിക്കുക.
വിഷൂചികയിൽ ഉള്ള ചുട്ടുനീറലും തണ്ണീർദാഹവും ശമിക്കും,

अतिमात्रं विषूचीचेत्
तक्रं दधि हिमं जलम् ।
नाळिकेरांबु पेयां वा
प्राणत्राणाय दापयेत् ॥
വിഷൂചിക അധികം വർദ്ധിച്ചിരുന്നാൽ പ്രാണനെ രക്ഷിപ്പാനായിട്ട് മോര്, തൈര്, തണുത്തവെള്ളം, എളന്നീർവെള്ളം കഞ്ഞി ഇവയിൽ ഏതെങ്കിലും കൊടുക്കാം.
विषूच्यामतिवृद्घायां
पार्ष्ण्याद्दाह : प्रशस्यते ।
तदहश्चोपवास्यैनं
विरिक्तवदुपाचरेत् ॥
വിഷൂചിക വളരെ വർദ്ധിച്ചിരുന്നാൽ പർഷ്ണി ( മടമ്പുകൾ) കളിൽ ചൂടിടുന്നതു (അഗ്നികർമം ) വളരെ നല്ലതാകുന്നു.. ആദിവസം മുഴുവൻ രോഗിയെ ഉപവാസം ചെയ്യിച്ചു വിരേചനം വരുത്തിയാലത്തെ മാതിരി ഉപചരിക്കണം.
आमकेरीर्क्किलुलुवा
विल्ववुं मलर् जीरकम् ।
पिलाविलभवं वृन्तं
विषूच्यां क्वाथमुत्तमं ॥
തെങ്ങിന്റെ പച്ച ഈർക്കിൽ പ്ലാവിലഞെട്ടി, ഉലുവ, കൂവളത്തിൻ വേര്, മലര് ജീരകം - ഈ കഷായം വിഷൂചികയിൽ ഉത്തമം
വയർനോവിലുമംഗേഷു
തഥാ കോച്ചിവലിക്കിലും
ഭ്രഷ്ടതണ്ഡുലഖണ്ഡേന
സ്വേദയേദുദരാദികം
ഭ്രഷ്ടത ണ്ഡുലഖണ്ഡം = അരിവറുത്തത്
ഇതുകൊണ്ടു തിരുമ്മി വിയർപ്പിക്കണം. കിഴി കെട്ടിയുമാം.

Comments