Random Post

മുറിവെണ്ണ - ക്ഷതാന്തക തൈലം


മുറിവെണ്ണ - ക്ഷതാന്തക തൈലം

‘മുറിവെണ്ണ’ ഒരു നാടൻ പേരാണ്‌. 
ഇതിന്റെ സംസ്കൃത നാമം - 
ക്ഷതാന്തക തൈലം. 
ഈ പേരിലാണ്‌ പണ്ട്‌ ശ്രീ ധന്വന്തരി മഠം മുറിവെണ്ണ പുറത്തിറക്കിയിരുന്നത്‌.

തമിഴ്‌ പാരമ്പര്യമാണ്‌ മുറിവെണ്ണയ്ക്ക്‌. നെയ്യാറ്റിൻകര, പാറശാല, നാഗർകോവിൽ തുടങ്ങിയ പ്രദേശങ്ങളുൾപ്പെടുന്ന തെക്കൻ തിരുവിതാംകൂറിലെ നാട്ടു ചികിത്സ കർക്കിടയിൽ വ്യാപക പ്രചാരത്തിലുണ്ടായിരുന്ന ഈ ഔഷധം കേരളത്തിലുട നീളം ആയുർവേദ ചികിത്സകർ ഉപയോഗിച്ചു തുടങ്ങിയതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്‌.

1970 കളിൽ വരെ, തിരുവനന്തപുരം ആയുർവേദ കോളജ്‌ ആശുപത്രിയിൽ ആവശ്യമായിരുന്ന ഔഷധങ്ങൾ മുഴുവനും അവിടെത്തന്നെ നിർമിക്കുകയായിരുന്നു പതിവ്‌. ഇതിനാവശ്യമായ പച്ചമരുന്നുകൾ മിക്കതും തെക്കൻ തിരുവിതാംകൂറിലെ മലമ്പ്രദേശങ്ങളിൽ നിന്നായിരുന്നു കൊണ്ടുവന്നിരുന്നത്‌. മരുന്നുവണ്ടികളുമായി ആഴ്ചയിലൊരിക്കൽ എത്തിയിരുന്ന ‘കാളവണ്ടി ആശാൻ’ എന്നു വിളിപ്പേരുള്ള 
ഒരു വൈദ്യനുണ്ടായിരുന്നു , അറുപതുകളുടെ തുടക്കത്തിൽ. തെക്കൻ തിരുവിതാംകൂറിലെ അറിയപ്പെട്ട ഒരു മർമ ചികിത്സകനായിരുന്ന അദ്ദേഹത്തിന്റെ പക്കൽ നിന്നും അന്നത്തെ കോളജ്‌ പ്രിൻസിപ്പാൾ ഡോ. കെ. കെ. നമ്പ്യാർ നിർബന്ധിച്ചു സംഘടിപ്പിച്ചതാണ്‌ മുറിവെണ്ണയുടെ കൂട്ട്‌. തുടർന്നാണ്‌ ഈ മരുന്ന്‌ ആയുർവേദ കോളജിൽ തന്നെ തയാറാക്കാനാരംഭിക്കുന്നത്‌.  
( ഈ കഥയ്ക്കു കടപ്പാട്‌ - യശശ്ശരീരനായ ബഹു. പ്രഫസർ ഡോ. സോമനാഥൻ പിള്ള)

1961 ൽ പുറത്തിറങ്ങിയ തിരു . ആയുർവേദ കോളജ്‌ ഫാർമക്കോപ്പിയയിലാണ്‌ മുറിവെണ്ണയെപ്പറ്റിയുള്ള 
ആദ്യ മലയാള ഗ്രന്ഥ പരാമർശം കാണുന്നത്‌. ഇന്നു ലഭ്യമായ ശ്ളോക ഭാഗം - “കറ്റാർവാഴ പുറംതണ്ട്‌ അരുണിമയെഴുമൊരുള്ളിയും......” ഇക്കാലത്തിനു ശേഷം ആരോ എഴുതിയുണ്ടാക്കിയതാണ്‌. ഇത്‌ ആധികാരികമല്ല. 

മുറിവെണ്ണയുടെ ലഭ്യമായ യോഗത്തിൽ എന്തൊക്കെ ചേരുന്നു ? 
ഉങ്ങിൻപട്ട, കറ്റാർവാഴ, വെറ്റിലക്കൊടി, മുരിക്കില, ചുവന്നുള്ളി, വെളുത്ത താർതാവൽ, മുരിങ്ങയില എന്നിവയുടെ സ്വരസം; ശതാവരിക്കിഴങ്ങ്‌ കൽക്കം; വെളിച്ചെണ്ണ. കേരളത്തിലെ മിക്ക ഫാർമസികളും 
ഈ കൂട്ടനുസരിച്ചാണ്‌ മുറിവെണ്ണയുണ്ടാക്കുന്നത്‌.

മേല്പ്പറഞ്ഞ യോഗം പൂർണമാണോ? അല്ല. ഇവിടെയാണു കഥയുടെ ട്വിസ്റ്റ്‌. പ്രധാനപ്പെട്ട രണ്ട്‌ ഘടകങ്ങൾ ഒഴിവാക്കിയാണ്‌ ഈ കൂട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ഇവ പറഞ്ഞുകൊടുക്കാൻ വൈദ്യൻ തയാറായില്ലത്രേ! കുറെക്കാലത്തെ അന്വേഷണത്തിനു ശേഷം, 
പല മർമ ചികിത്സകരുമായി സംസാരിച്ചതിനെത്തുടർന്ന്‌, അറിയാൻ കഴിഞ്ഞ ഈ രഹസ്യസസ്യങ്ങൾ ഇവിടെ വെളിപ്പെടുത്തുന്നു -  
 ഒന്ന്‌: മലതാങ്ങി 
രണ്ട്‌: കുപ്പമേനി. 
സമൂലമെടുത്തു കാടിയിൽ പിഴിഞ്ഞാണിവ ചേർക്കേണ്ടത്‌.

 മറ്റെന്തെങ്കിലും ചേരുവകളോടെ മുറിവെണ്ണയുണ്ടാക്കാറുണ്ടോ ?  
ഉണ്ട്‌. 
പ്രധാനപ്പെട്ട രണ്ടു ഭേദങ്ങൾ കൂടി ഇവിടെപ്പറയാം.
🌿1. ആദ്യം പറഞ്ഞ കൂട്ടിൽ മുറികൂടിപ്പച്ചയുടെ നീര്‌, വേപ്പിലസ്വരസം എന്നിവ കൂടി ചേർത്താണ്‌ ചിലർ ഈ മരുന്നുണ്ടാക്കുന്നത്‌. 
ഈ മുറിവെണ്ണയ്ക്കു നല്ല പച്ച നിറമായിരിക്കും. ശുദ്ധവ്രണത്തിൽ അത്ഭുതകരമായ പ്രയോജനം ലഭിക്കുന്നത്‌ ഈ യോഗത്തിനാണ്‌.
2.മുറിവെണ്ണയുടെ കൂട്ടിൽ മീറ (പഞ്ചമപ്പഴുക്ക) ചേർക്കുക. വേദനാഹരം. 
💕 ശ്രീ. കുട്ടികൃഷ്ണ മേനോന്റെ ചികിത്സാകൗതുകത്തിൽ ഈ യോഗം പരാമർശിക്കുന്നുണ്ട്‌.

☘️ മുറിവെണ്ണ എന്ന പേരിൽ മറ്റെന്തെങ്കിലും ഔഷധങ്ങളുണ്ടോ ? 
ഉണ്ട്‌. 
ഏതാണ്ട്‌ പത്തിൽ കുറയാത്ത മുറിവെണ്ണകൾ തമിഴ്‌ പാരമ്പര്യവൈദ്യത്തിലുണ്ട്‌.
 1998 ൽ പുറത്തിറങ്ങിയ റിസർച്ച്‌ തീസിസിന്റെ അനുബന്ധമായി ഇവയിൽ ചിലതൊക്കെ ചേർത്തിട്ടുണ്ട്‌. താൽപ്പര്യമുള്ളവർക്ക്‌ 
തിരു. ഗവണ്മെന്റ്‌ ആയുർവേദ കോളജ്‌ ലൈബ്രറിയിൽ തിരയാം. 

അവസാനമായി ഒരു കാര്യം കൂടി-
മുറിവെണ്ണ ഉപയോഗിക്കാത്ത 
ഒരു ബാൻഡേജിംഗ്‌ ഇപ്പോഴില്ലെന്നു തന്നെ പറയാം. ഇതു വരുന്നതിനു മുമ്പ്‌ ആ സ്ഥാനത്ത്‌ എന്താണുപയോഗിച്ച് കൊണ്ടിരുന്നതെന്നറിയുമോ?  
ധാന്വന്തരം തൈലം 

ഡോ. പ്രിൻസ്‌ അലക്സ്

Post a Comment

0 Comments