ഇലന്ത

ഇലന്ത

സിസിഫസ് ജുജൂബ എന്നാണ് ഇലന്തയുടെ സസ്യനാമം. ജീവന്റെ പഴം, അമരത്വത്തിന്റെ പഴം എന്നൊക്കെയാണ് ഇലന്തപ്പഴത്തിന്റെ വിളിപ്പേരുകള്‍. ഇലന്തയുടെ സ്വദേശം ചൈനയാണ്. നാനൂറിലേറെ ഇലന്തയുണ്ട്. ബനാറസി, കരക, ഉമ്രാന്‍, ഗോല എന്നിവ അവയില്‍ പ്രധാനികളാണ്. ശരീരത്തിലെ കോശതലങ്ങളില്‍ പോലും സന്ദേശവാഹകരായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മോണോ ഫോസ്ഫേറ്റുകള്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന പഴമാണ് ഇലന്ത. പ്രധാന ജീവകങ്ങള്‍ വേണ്ടുവോളമുണ്ടിതില്‍. ആപ്പിളിനേക്കാള്‍ നൂറിരട്ടി ജീവകം സി, ധാതുലവണങ്ങളുടെ കലവറ, ജൈവാമ്ലങ്ങളുടെ നീണ്ടനിര എന്നീ പ്രത്യേകതകളൊക്കെയുണ്ട് ഇലന്തയില്‍.

സമുദ്രനിരപ്പില്‍ നിന്നും 1650 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നതാണ് ഇലന്ത. കുരു വീണു മുളച്ചും പതിവെച്ചും ഒട്ടിച്ചെടുത്ത തൈകള്‍ നട്ടും ഇലന്ത വളര്‍ത്താം. പരമാവധി 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന സസ്യമാണ് ഇലന്ത. സൂര്യപ്രകാശം സമൃദ്ധമായ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വളരാന്‍ ഏറ്റവും അനുയോജ്യമാണ്. മണല്‍ കലര്‍ന്ന നീര്‍വാര്‍ച്ചയുള്ള കൃഷിയിടമാണ് ഇലന്തയ്ക്കിഷ്ടം. ചെടികള്‍ തമ്മില്‍ 11-12 മീറ്റര്‍ ഇടയകലം വേണം. ചെടി വളരുന്നതിനനുസരിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ 17:17:17 പോലുള്ള ഏതെങ്കിലും രാസവള മിശ്രിതം നേരിയ തോതില്‍ തടത്തില്‍ വിതറി മണ്ണില്‍ ഇളക്കിച്ചേര്‍ത്താല്‍ വളര്‍ച്ച ത്വരിതമാകും. ആദ്യവര്‍ഷം തന്നെ കൊമ്പുകോതല്‍ നടത്താം. ആരോഗ്യമുള്ള ഒരു പ്രധാന ശിഖരം മാത്രം നിര്‍ത്തി ചെടിയുടെ പ്രധാന തടിയില്‍ 75 സെന്റീമീറ്ററിനു താഴെ വളരുന്ന കൊമ്പുകള്‍ നീക്കം ചെയ്യണം. നല്ല വെളിച്ചം കിട്ടിയാല്‍ നന്നായി കായ് പിടിക്കും. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ ഇലന്തപ്പഴം വിളവെടുപ്പു നടത്താം. മൂക്കാത്ത കായ്ക്കള്‍ക്ക് പച്ചനിറമായിരിക്കുകയും പഴുക്കുമ്പോള്‍ മഞ്ഞകലര്‍ന്ന പച്ചയായി മാറുകയും ചെയ്യും. നന്നായി പഴുത്താല്‍ നല്ല ചുവപ്പുനിറവും പുറംതൊലി മൃദുവാകുകയും ചുളിയുകയും ചെയ്യും. കാഴ്ചക്ക് ഈന്തപ്പഴം പോലെയായതുകൊണ്ടാണ് ഇതിനെ ഇന്ത്യന്‍ ഈന്തപ്പഴം എന്ന പേര് വിദേശികള്‍ നല്കിയത്. മഞ്ഞകലര്‍ന്ന പച്ചനിറവും ചുവപ്പുനിറവും മാറുന്നതിനിടയ്ക്ക് ഒരു ദശയുണ്ട്. ഇതാണു കഴിക്കാന്‍ ഏറ്റവും മികച്ച സമയം. ഈ ഘട്ടത്തില്‍ അകക്കാമ്പിന് നല്ല മധുരവും മുരുമുരുപ്പുമുണ്ടാകും. ചുവന്ന കാതലുള്ള തടി ഉറപ്പുള്ളതിനാല്‍ ഫര്‍ണിച്ചറും കാര്‍ഷിക പണിയായുധങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം

Comments