പലതരത്തിലുള്ള വ്യക്തിത്വ വൈകല്യങ്ങൾ സ്വന്തം സ്വഭാവത്തിന്റെ മഹത്വം ആയിട്ട് കരുതുന്ന ഒരു കൂട്ടം മനുഷ്യരുടെ ഇടയിലാണ് നമ്മൾ ജീവിക്കുന്നത്. ഇത്തരത്തിലുള്ള വ്യക്തികൾ മാറാൻ കഴിയാത്ത വിധം പലപ്പോഴും പേഴ്സണാലിറ്റി ഡിസോഡർ ഉള്ളവരാകും.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ കാലഘട്ടത്തിൽ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു വ്യക്തിത്വ വൈകല്യമാണ് നാസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോഡർ. മറ്റുള്ളവരുടെ വേദനയിലും ദുഃഖങ്ങളിലും സന്തോഷം കണ്ടെത്തുന്ന ഒരു കൂട്ടം മനുഷ്യരാണിവർ.
സ്വന്തം കുറ്റങ്ങൾ മറ്റുള്ളവരുടെ തലയിൽ ആരോപിക്കുവാനും. നുണ പറഞ്ഞ് പരത്തി മറ്റുള്ളവരെ അപമാനിക്കുവാനും ശ്രമിക്കുന്ന ഇക്കൂട്ടർ മറ്റുള്ളവർക്കുള്ളതെല്ലാം തട്ടിയെടുക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നവരാണ്. അനാവശ്യമായ സംശയങ്ങൾ വെച്ച് പുലർത്തുന്ന ഇവർ മറ്റുള്ളവരുടെ പേരിൽ അനാവശ്യമായ കുറ്റാരോപണങ്ങൾ നടത്താൻ ഒരു മടിയും ഇല്ലാത്തവരാണ്.
സ്വയം തെറ്റുകൾ ഇല്ലാത്തവരായി കരുതുന്ന ഇത്തരം ആളുകൾ വളരെയധികം ഈഗോ വെച്ചുപുലർത്തുന്നവരാണ്. സ്വന്തം തെറ്റുകുറ്റങ്ങൾ മറ്റുള്ളവരുടെ തലയിൽ ആരോപിക്കാൻ വളരെയധികം വെമ്പൽ കൊള്ളുന്ന മനുഷ്യരാണിവർ.
സ്വന്തം സ്വാർത്ഥ ലക്ഷ്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ വേദനിപ്പിക്കുവാനും, അപമാനിക്കുവാനും ഇവർക്ക് ഒരു മടിയുമില്ല. സ്വന്തം സുഖത്തിനുവേണ്ടി മറ്റുള്ളവരെ ചതിക്കുവാനും വഞ്ചിക്കുവാനും ഇക്കൂട്ടർക്ക് അവരുടേതായ ന്യായങ്ങൾ കാണും. ഇത്തരം ആളുകൾ നമ്മുടെ പങ്കാളിയായും, അച്ഛനായും, അമ്മയായും, സുഹൃത്തായും, സഹോദരനും, മരുമകളായും, അമ്മായമ്മയായും, സഹോദരിയായും, ബന്ധുക്കളായും നമ്മുടെ ജീവിതത്തിലോട്ട് കടന്നു വരും.
മറ്റുള്ളവർ തെറ്റ് ചൂണ്ടിക്കാട്ടിയാൽ ഇത്തരം വ്യക്തിത്വ വൈകല്യമുള്ളവർക്ക് അത് യാതൊരു കാരണവശാലും ഉൾക്കൊള്ളുവാനോ അംഗീകരിക്കുവാൻ സാധിക്കില്ല. അങ്ങനെ ചൂണ്ടിക്കാണിക്കുന്നവരെ അവർ വെറുക്കുകയും ഉപദ്രവിക്കുകയും ചെയ്യും.
ഒരു വ്യക്തിയെക്കുറിച്ച് അപവാദം പറഞ്ഞു വരുത്തുക എന്നത് ഇവരുടെ വിനോദമാണ്. ഇതിലൂടെ വളരെയധികം ആഹ്ലാദം ഇവർ കണ്ടെത്തുന്നു എന്നതാണ് വാസ്തവം. ഇവരുടെ ലോകമെന്നു പറയുന്നത് കുറേ നുണകളാൽ കെട്ടിപ്പടുത്തിയ ഒരു ചീട്ടുകൊട്ടാരം ആണ്. ആരെങ്കിലും ആ ചീട്ടുകൊട്ടാരത്തിൽ തൊടുന്നത് ഇവർക്ക് ഇഷ്ടമല്ല.
മനസ്സുള്ളിൽ യാതൊരു വിധത്തിലുള്ള സ്നേഹമോ ആത്മാർത്ഥതയോ സത്യസന്ധതയോ പുലർത്താത്ത ഇത്തരം ആളുകൾ പുറമേ ഒരു മുഖംമൂടി ധരിച്ച് ഒരു പുഞ്ചിരിയുമായി നടക്കുന്ന മാന്യമഹാജനങ്ങളായി നിങ്ങൾക്ക് സമൂഹത്തിൽ കാണാവുന്നതാണ്.
ഇവരുടെ കൂടെ ജീവിക്കുന്നവരുടെ ജീവിതം എന്നു പറയുന്നത് ഒരു ദുരിതമാണ്. മറ്റുള്ളവരോട് യാതൊരു വിധത്തിലുള്ള അനുകമ്പയും പ്രകടിപ്പിക്കാത്ത ഇത്തരം ആളുകൾ സമൂഹത്തിനു മുമ്പിൽ കുഞ്ഞാടിന്റെ മുഖംമൂടി ധരിച്ചവരായിരിക്കും. അവർ ഇങ്ങനെയുള്ള ആളുകളാണെന്ന് അവരെ അടുത്തറിയാവുന്ന ആളുകൾ പറഞ്ഞാൽ മറ്റാരും വിശ്വസിക്കുകയില്ല. കാരണം അതിനുമാത്രം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ കെൽപ്പുള്ള രണ്ടു വ്യക്തിത്വമുള്ള മുഖമുടി ധാരികളാണ് ഇവർ.
ഇത്തരം ആളുകൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകും. ഇവരിൽനിന്ന് എപ്പോഴും ഒരു അകലം പാലിക്കുക എന്നതാണ് നമുക്ക് ഇവരിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു മാർഗ്ഗം. സ്വയം ഒരു വലിയ മനുഷ്യസ്നേഹിയും വിശാല ഹൃദയവും ഉണ്ട് എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം ആളുകൾ മറ്റുള്ളവരുടെ വേദനയിലാണ് കൂടുതൽ സന്തോഷം കണ്ടെത്തുന്നത്.
ഇവരുടെ സ്വഭാവം ഒരിക്കലും ഒരേ പോലെ ആയിരിക്കുകയില്ല അത് എപ്പോഴും മാറിക്കൊണ്ടിരിക്കും. ആദ്യം വളരെ സ്നേഹപ്രകടനവുമായി വരുന്ന ഇവർ കുറച്ചു കഴിഞ്ഞാൽ വെറുപ്പും വിദ്വേഷവും വേദനിപ്പിക്കുന്ന കുത്തുവാക്കുകളുമായി നമ്മുടെ മുന്നിലോട്ട് വരും.
ഇത്തരം ആളുകളുടെ ഒപ്പം ജീവിതം ചെലവഴിക്കുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടാണ്. ഇത്തരം വ്യക്തിത്വ വൈകല്യമുള്ള ആളുകൾ നിങ്ങളുടെ ജീവിതത്തിലും പലപ്പോഴും കടന്നുവരും. ഇവരെ കൈകാര്യം ചെയ്യാൻ പഠിക്കുക എന്നത് നിങ്ങളുടെ മനസ്സമാധാനത്തിന് വളരെ അനിവാര്യമാണ്.
ഈ കൂട്ടം ആളുകളെ അമിതമായ സന്തോഷിപ്പിക്കുവാനോ സുഖിപ്പിക്കുവാനോ പോകാതിരിക്കുക അതുകൊണ്ട് ഒരു കാര്യവുമില്ല. അവരുടെ സ്നേഹത്തിനായും അംഗീകാരത്തിനായും പുറമേ നടക്കാതിരിക്കുക കാരണം അത് ഒരിക്കലും നിങ്ങൾക്ക് കിട്ടുവാൻ പോകുന്നില്ല. നിങ്ങൾ വേദനിക്കുന്നത് കണ്ട് സന്തോഷിക്കുന്ന ഇത്തരം ആളുകൾ നിങ്ങളുടെ സന്തോഷത്തിനായി ഒന്നുതന്നെ ചെയ്യുകയില്ല. അതിനാൽ സ്വന്തം സന്തോഷം കണ്ടെത്തുവാനായി നിങ്ങളുടെ ചുറ്റും ഒന്ന് നോക്കുക നമുക്ക് സന്തോഷിക്കുവാൻ ഒരുപാട് കാര്യങ്ങൾ നമുക്ക് ചുറ്റും തന്നെയുണ്ട്.
അതിനാലിന്റെ പ്രിയ സുഹൃത്തേ നിങ്ങളുടെ സന്തോഷം നിങ്ങൾ തന്നെ കണ്ടെത്താൻ ശ്രമിക്കുക. നമ്മുടെ മനസമാധാനം നമ്മുടെ ഉള്ളിൽ തന്നെയാണ് എന്ന് മനസ്സിലാക്കുക. നിങ്ങളുടെ ജീവിതത്തിലെ ചില ഘട്ടങ്ങളിൽ ഇത്തരം ആളുകൾ നിങ്ങളുടെ ജീവിതത്തിൽ കണ്ടേക്കാം അവരിൽനിന്ന് രക്ഷപ്പെടുവാൻ ഈ ലേഖനം നിങ്ങളെ സഹായിക്കട്ടെ.
🌹❤️
ഡോ.പൗസ് പൗലോസ്
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW