കാളിദാസനും ആയുർവേദവും

പ്രകൃതിയേയും മനുഷ്യജീവിതത്തേയും അതിന്റെ ദൈനംദിന സ്പന്ദനങ്ങളേയും അഗാധമായി നിരീക്ഷിച്ചിരുന്ന കവിയാണ് മഹാകവി കാളിദാസൻ. സംഗീതസൗന്ദര്യമാർന്ന അദ്ദേഹത്തിന്റെ രചനകളിൽ വെറും സാഹിത്യഭാവമല്ല; മറിച്ച് ആയുർവേദസിദ്ധാന്തങ്ങളെ തഴുകി തലോടുന്ന സൂക്ഷ്മമായ പ്രകൃതി നിരീക്ഷണം നിറഞ്ഞുകിടക്കുന്നു. കാളിദാസന്റെ കാലഘട്ടം ആയുർവേദത്തിന്റെ വളർച്ചയുടെയും വൈദ്യശാസ്ത്രഗ്രന്ഥങ്ങളുടെ സമഗ്രാവതരണത്തിന്റെയും കാലമായിരുന്നു. അതുകൊണ്ട് പ്രകൃതിയെയും സസ്യജാലങ്ങളെയും സംബന്ധിച്ച അദ്ദേഹത്തിന്റെ പരാമർശങ്ങൾ ശാസ്ത്രജ്ഞാനത്തിന്റെ പാരമ്പര്യവുമായി ചേർന്നു നിൽക്കുന്നു.

കാളിദാസൻ വാത-പിത്ത-കഫ ദോഷങ്ങളുടെ പ്രവർത്തനങ്ങളെ നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും പ്രകൃതിയുടെ മാറ്റങ്ങൾ മനുഷ്യനിൽ ഉണ്ടാക്കുന്ന സ്വാധീനത്തെ വളരെ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്.
ऋतुसंहार എന്ന കൃതിയിൽ ആറു ഋതുക്കളുടെ വ്യത്യാസങ്ങൾ, ദേഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, മധുരം , തിക്ത, കഷായം പോലെയുള്ള രസങ്ങൾ പ്രകൃതിയിൽ എങ്ങനെ പ്രബലമാകുന്നു തുടങ്ങിയ വിവരണങ്ങൾ ആയുർവേദത്തിലെ ऋतुचर्या-ദിനചര്യാ സിദ്ധാന്തങ്ങളോട് ചേർന്നിരിക്കുന്നു.

ഉദാഹരണമായി, ग्रीष्म ऋतुയിൽ ദേഹത്തിലെ പിത്തവർദ്ധനത്തെ ഓർമ്മിപ്പിക്കുന്ന ചൂടിന്റെ വർണ്ണനയും, वर्षा ऋतुയിൽ കഫ-വാത പ്രകോപണങ്ങളെ അനുസ്മരിപ്പിക്കുന്ന മർദ്ദമുള്ള കാറ്റുകളും മഴയുടെ സ്വഭാവവും കവി സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. ഇതെല്ലാം ദോഷചലനങ്ങളെക്കുറിച്ചുള്ള ആയുർവേദജ്ഞാനത്തിന്റെ സാഹിത്യരൂപങ്ങളാണ്.

കാളിദാസന്റെ കൃതികൾ ഔഷധസസ്യങ്ങളുടെ സുന്ദരവും യാഥാർത്ഥ്യമുള്ള ചിത്രീകരണങ്ങളാൽ പ്രശസ്തമാണ്. कुमारसम्भवम्, मेघदूतम्, अभिज्ञानशाकुन्तलम् തുടങ്ങിയ കൃതികളിൽ अशोक, कदम्ब , बिल्व, कुमुद, नागकेसर തുടങ്ങിയ സസ്യങ്ങളെ കുറിച്ച് വർണ്ണിച്ചിട്ടുണ്ട്.ശകുന്തള വളരുന്ന തപോവനം ഔഷധസസ്യങ്ങളുടെ പുണ്യഭൂമിയായി കവി അവതരിപ്പിക്കുന്നു. 

കാളിദാസൻ ദേശ വിവരണങ്ങളിൽ സവിശേഷമായ “देशस्वभाव” മനോഹരമായി പ്രതിപാദിക്കുന്നു. मेघदूतम् എന്ന കൃതിയിൽ യക്ഷൻ മേഘത്തോട് പറയും:
"മലനിരകളിൽ ശീതളവായു കൂടുതലാണെന്നും സമതലപ്രദേശങ്ങളിൽ ചൂട് വർദ്ധിക്കുന്നുവെന്നും."
ഇതു ആയുർവേദത്തിലെ ദേശ വ്യത്യാസത്തിന്റെ (जाङ्गल, आनूप, सादारण देश) കൃത്യമായ വിവരണമാണ്.
ജലത്തിന്റെ ഗുണഗണങ്ങളെയും ഭക്ഷ്യസസ്യങ്ങളുടെ പാകസ്വഭാവത്തെയും കുറിച്ചുള്ള ചിത്രീകരണങ്ങൾ ആഹാര-പാനീയങ്ങളുടെ സ്വഭാവത്തെ തിരിച്ചറിയുന്ന വൈദ്യപരമായ നിരീക്ഷണങ്ങളുമായി പൂർണ്ണമായും ഒത്തുപോകുന്നു.

കാളിദാസൻ മനുഷ്യന്റെ മനോഭാവങ്ങളെ പ്രകൃതിയുമായി ബന്ധിപ്പിച്ചു. मेघदूतम्‐ലുള്ള വിയോഗ-വ്യഥ, शाकुन्तलम्‐ലുള്ള ശോകവും വാത്സല്യവും, ऋतुसंहार‐ത്തിലെ ഉത്സാഹവും ക്ഷീണവും എല്ലാം സാത്വിക-രാജസ-താമസ ഗുണങ്ങളുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നു.
ആയുർവേദത്തിൽ प्रसन्नचित्तता ही स्वास्थ्यलक्षणम् എന്നും പറയുന്നപോലെ, കാളിദാസനും മനുഷ്യന്റെ മനസ്സിനെ പ്രകൃതിയുടെ സുഖദുഃഖങ്ങളോട് കൂട്ടിചേർക്കുന്നു.

अभिज्ञानशाकुन्तलम्‐ലെയുള്ള ദുശ്യന്ത-ശകുന്തള ദമ്പതികളുടെ ഗർഭലക്ഷണങ്ങളുടെ വിവരണങ്ങൾ ഗർഭാവസ്ഥയിലെ മാനസിക-ദേഹിക മാറ്റങ്ങളെക്കുറിച്ചുള്ള ആയുർവേദവിചാരങ്ങളോട് യോജിച്ചവണ്ണമാണ്.ശകുന്തളയുടെ ക്ഷീണം, സ്നേഹം, ആഗ്രഹങ്ങൾ എന്നിവ ആയുർവേദത്തിൽ വർണ്ണിക്കുന്ന ദൗഹൃദ ലക്ഷണങ്ങളോട് ചേർന്നിരിക്കുന്നു.

കാളിദാസൻ പ്രകൃതിയോട് ചേർന്ന് ജീവിക്കുന്ന ജീവിതരീതിയെ സ്തുതിക്കുന്നു ശുദ്ധവായു, നദീതീരങ്ങൾ, വനം, ശീതജലം, സസ്യങ്ങൾ, മൃദുസ്വഭാവമുള്ള ജീവികൾ ഇവയെല്ലാം മനസ്സിനും ശരീരത്തിനും ഗുണകരമാണെന്ന് അദ്ദേഹം നിരന്തരം സൂചിപ്പിക്കുന്നു. ഇത് ആയുർവേദത്തിലെ സ്വസ്ഥവൃത്തരീതികൾ (दिनचर्या, ऋतुचर्या, आचाररसायन) പറയുന്നതിന്റെ കവിതാരൂപമാണ്. കാളിദാസന്റെ കൃതികൾ വെറും സാഹിത്യസൃഷ്ടികളല്ല; ആയുർവേദത്തിന്റെ പ്രകൃതിജ്ഞാനം, ദേശ-കാല-പാനീയ ശീലങ്ങൾ, ദോഷചിന്ത, ഔഷധസസ്യജ്ഞാനം, മനഃശാസ്ത്രം എന്നിവയുടെ ഒരു കവിതാഭിഷേകം കൂടിയാണ്.

                    💚

ഡോ.പൗസ് പൗലോസ്

Comments