ദന്തസംസ്കാരചൂർണം

ദന്തസംസ്കാരചൂർണം ആയുര്‍വേദത്തിൽ ദന്തങ്ങളുടെയും ദന്തമാംസത്തിന്റെയും ആരോഗ്യസംരക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരു സുപ്രധാന ഔഷധയോഗമാണ്. ഭൈഷജ്യരത്നാവലിയിലെ മുഖരോഗചികിത്സാ അധ്യായത്തിൽ വിവരിച്ചിരിക്കുന്ന ഈ ചൂർണം, ദന്തഹർഷം, ദന്തശൂലം, ദന്തമാംസശോഥം, ദന്തമാംസസ്രാവം, വായ്ദുർഗന്ധം തുടങ്ങിയ വിവിധ ദന്താസ്യരോഗങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കുന്നു. ദിനചര്യയിലെ ദന്തധാവനയ്ക്ക് അനുയോജ്യമായ ഒരു പ്രതിരോധ–ചികിത്സാ ഔഷധമായാണ് ദന്തസംസ്കാരചൂർണം കണക്കാക്കപ്പെടുന്നത്.

ഈ ഔഷധയോഗത്തിൽ ശുണ്ഠി, ഹരീതകി, മുസ്ത, ഖദിര, ഘനസാരക (കർപ്പൂരം), ഗുവാകഭസ്‌മം(അടയ്ക്കകത്തിച്ചഭസ്മം)
, മരിചം, ദേവപുഷ്പം (കരയാമ്പൂ), ത്വക് (ഇലവംഗത്തൊലി) എന്നിവ സമഭാഗത്തിൽ ചേർത്ത് ചൂർണമാക്കി, അതിൽ കഠിനചൂർണം (ചുണ്ണാമ്പുപൊടി) സമപ്രമാണത്തിൽ ചേർക്കുന്നതായാണ് ഗ്രന്ഥനിർദേശം. ഇതിലെ ദ്രവ്യങ്ങൾ കഷായ–കടു–തിക്ത രസപ്രധാനവും കഫനാശകവും ക്രിമിഘ്നവും ദന്തമാംസബലവർധകവുമായ ഗുണങ്ങൾ ഉള്ളവയാണ്.

ശുണ്ഠിയും മരിചവും വായിലെ കഫസങ്കലനം കുറച്ച് ശുദ്ധി നൽകുകയും ക്രിമിനാശനം നടത്തുകയും ചെയ്യുന്നു. ഹരീതകിയും മുസ്തയും ദന്തമാംസത്തിലെ ശോഥം കുറച്ച് മുറിവുകൾ ഭേദമാക്കുന്നതിന് സഹായിക്കുന്നു. ഖദിരം ദന്തമാംസത്തെ ദൃഢമാക്കുന്ന ഒരു പ്രധാന ഔഷധമാണ്. കർപ്പൂരം, കരാമ്പൂ, ഇലവംഗത്തൊലി എന്നിവ വായ്ദുർഗന്ധം നീക്കുകയും തണുപ്പും ശുദ്ധിയും നൽകുകയും ചെയ്യുന്നു. ഗുവാകഭസ്‌മവും കഠിനചൂർണവും ദന്തങ്ങളെ ശക്തിപ്പെടുത്തി ദന്തഹർഷം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

ദന്തസംസ്കാരചൂർണം സാധാരണയായി പല്ലുതേയ്ക്കുന്നതിനായി ഉപയോഗിക്കുന്നു. അല്പം ചൂർണം വിരലിലോ ദന്തകാഷ്ടത്തിലോ എടുത്ത് ദന്തങ്ങളും ദന്തമാംസവും മൃദുവായി മസാജ് ചെയ്ത ശേഷം വായ നന്നായി കഴുകുന്നതാണ് ഉപയോഗരീതി. ദിവസേന രാവിലെയോ രാവിലെയും വൈകിട്ടും ഉപയോഗിക്കാവുന്നതാണ്. ദീർഘകാല ഉപയോഗം ദന്തങ്ങളുടെ ദൃഢത വർധിപ്പിക്കുകയും ദന്താസ്യരോഗങ്ങൾ വരാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ആയുര്‍വേദത്തിന്റെ പ്രതിരോധചികിത്സാ ആശയത്തിൽ ദന്തസംസ്കാരചൂർണം ഒരു മികച്ച ദിനചര്യ ഔഷധമായി കണക്കാക്കപ്പെടുന്നു. ആധുനിക ജീവിതശൈലിയിൽ വർധിച്ചുവരുന്ന ദന്തപ്രശ്നങ്ങൾക്കു പ്രകൃതിദത്തവും സുരക്ഷിതവുമായ പരിഹാരമായി ഈ ഔഷധയോഗം ഇന്നും വലിയ പ്രസക്തി നിലനിർത്തുന്നു.

     ഡോ.പൗസ് പൗലോസ് 
(അസോസിയേറ്റ് പ്രൊഫസർ)

Comments