ആയുർവേദം ശസ്ത്രക്രിയാശാഖ ഉൾപ്പെടുന്ന സമഗ്രമായ ചികിത്സാ ശാസ്ത്രമാണ്.

ആയുർവേദം ശസ്ത്രക്രിയാശാഖ ഉൾപ്പെടുന്ന സമഗ്രമായ ചികിത്സാ ശാസ്ത്രമാണ്. ശസ്ത്രക്രിയാ പ്രവൃത്തികൾ നടക്കുമ്പോൾ രോഗബാധ (Infection) ഒഴിവാക്കുന്നതിനായി ശുദ്ധീകരണവും അണുവിമുക്തീകരണവും (Sterilisation) നിർബന്ധമായും ചെയ്യണം എന്നത് ആചാര്യ സുശ്രുതൻ തന്നെ പ്രത്യേകമായി നിർദേശിച്ചിട്ടുണ്ട്.  

സുശ്രുത സംഹിതയിൽ “ശുദ്ധശസ്ത്രക്രിയ രോഗമുക്തിദായകമാണ്; അശുദ്ധശസ്ത്രക്രിയ രോഗാവസ്ഥയും മരണവും വരുത്തുന്നു” എന്ന് വ്യക്തമാക്കുന്നു.

സുശ്രുതൻ “അശുദ്ധ ശസ്ത്രം രോഗബാധയുടെയും മരണത്തിന്റെയും കാരണമാകുന്നു” എന്ന് മുന്നറിയിപ്പ് നൽകുന്നു. സുശ്രുത സംഹിതയിൽ ശസ്ത്രോപകരണങ്ങളുടെ ശുദ്ധീകരണം നടത്തുവാനായി നിരവധി രീതികൾ പരാമർശിക്കുന്നു.

ലോഹോപകരണങ്ങൾ നേരിട്ട് അഗ്നിയിൽ ചുട്ടെടുത്ത് ശുദ്ധമാക്കുക. ഇത് ഇന്നത്തെ flaming രീതിയുമായി സാമ്യമുള്ളതാണ്. രണ്ടാമതായി ഔഷധകഷായങ്ങളിൽ (ത്രിഫല, നീം, സർജരസാദി) മുക്കി വയ്ക്കുന്നത്. ഇതിനെ ഇന്നത്തെ chemical sterilisation രീതിയുമായി താരതമ്യപ്പെടുത്താം. മൂന്നാമതായി ശുദ്ധജലത്തിലോ ഔഷധജലത്തിലോ കഴുകി വൃത്തിയാക്കൽ. നാലാമതായി ഗുഗ്ഗുലു, ഹിംഗു, ഹരിദ്ര, സരള, നീംപട്ട എന്നിവ കത്തിച്ച് പുകയ്ക്കുക. ശസ്ത്രോപകരണങ്ങളും ചികിത്സാമുറിയും ഇതിലൂടെ അണുവിമുക്തമാക്കുന്നു.

“ഗുഗ്ഗുലു ഹിംഗു സരള ഹരിദ്രാ 
നീംപത്രൈശ്ച ധൂപനം।
ഗൃഹശസ്ത്രോപകരണാദി ശുദ്ധികരമുദാഹൃതം॥”

ആയുർവേദ ഗ്രന്ഥങ്ങളിൽ ഗൃഹം, ആയുധം, വസ്ത്രം, ശസ്ത്രക്രിയാലയം എന്നിവയെല്ലാം ധൂപനത്തിലൂടെ അണുവിമുക്തമാക്കാമെന്ന് പറയുന്നു. പ്രസവശാല ശുദ്ധീകരണം ധൂപനത്തിലൂടെ നടത്തണമെന്നു പറയുന്നു. പ്രത്യേകിച്ച് നവജാതശിശുവിന്റെ വസ്ത്രം, കിടക്ക, പരിസരം എന്നിവ സുവാസനധൂപനം കൊണ്ട് അണുവിമുക്തമാക്കാൻ ആചാര്യൻ നിർദ്ദേശിക്കുന്നു.ശിശുവിന്റെ പരിസരം എന്നും ശുദ്ധവും സുഗന്ധവുമാക്കണമെന്ന് ഗ്രന്ഥങ്ങൾ പറയുന്നു.

വ്രണചികിത്സയിൽ ആചാര്യൻ പ്രത്യേക പ്രാധാന്യം നൽകുന്നു . വ്രണം ശുദ്ധമാകാൻ ത്രിഫല, നീം, ഹരിദ്ര, സർജരസ, ഗോമൂത്ര അർക്കം മുതലായവ ഉപയോഗിക്കാൻ പറയുന്നു. വ്രണം ഉണങ്ങാൻ ജഡാമാംസി,ഗുഗ്ഗുലു, ഹരിദ്ര, യഷ്ടിമധു, ശതാവരി, ഗോക്ഷുര,ചന്ദനം മുതലായവ ഉപയോഗിക്കാൻ പറയുന്നു. വ്രണത്തിന് ചുറ്റുമുള്ള പ്രദേശം ഗുഗ്ഗുലു, ഹിംഗു, ഹരിദ്ര, നീംപട്ട എന്നിവ ഉപയോഗിച്ച് ധൂപനം ചെയ്തു ശുദ്ധമാക്കാൻ ആചാര്യർ നിർദ്ദേശിക്കുന്നു.

വ്രണചികിത്സ ആയുർവേദത്തിലെ ശസ്ത്രക്രിയാശാഖയുടെ (ശല്യ തന്ത്രം) പ്രധാന ഭാഗമാണ്. ശുദ്ധീകരണവും (ശോധനം), ഭേദീകരണവും (രോപണം), രോഗബാധ നിയന്ത്രണവും (ക്രിമിഘ്നചികിത്സ) എല്ലാം ഉൾപ്പെടുത്തിയ സമഗ്രമായ സമീപനം ആയതിനാൽ ഇന്നത്തെ Wound Management Principles നുമായി സാമ്യമുണ്ട്.

ആയുർവേദത്തിലെ ധൂപന-ദഹന- കഷായപ്രയോഗങ്ങൾ ഇന്നത്തെ Autoclaving, Fumigation, Chemical sterilisation എന്നീ രീതികളുമായി സമാനമാണ്.
ആയുർവേദത്തിലെ സ്റ്റെറിലൈസേഷൻ ആശയം, രോഗബാധ നിയന്ത്രണത്തിനുള്ള പുരാതന ശാസ്ത്രീയ സമീപനമാണ്. സുശ്രുദാചാര്യൻ ശസ്ത്രോപകരണങ്ങൾ, വ്രണങ്ങൾ, ആശുപത്രി പരിസരം, പ്രസവശാല തുടങ്ങിയിടങ്ങളിൽ ശുദ്ധീകരണത്തിന്റെ പ്രാധാന്യം വ്യക്തമായി പറഞ്ഞിരിക്കുന്നു. ആധുനിക അണുവിമുക്തീകരണ രീതികളുമായി ഒത്തുപോകുന്ന രീതിയിലാണിവ. അതിനാൽ, ആയുർവേദ സ്റ്റെറിലൈസേഷൻ രീതികൾ ഇന്നും പ്രായോഗിക പ്രസക്തി നിലനിർത്തുന്നു.

                        🙏

     ഡോ.പൗസ് പൗലോസ് 
( അസോസിയേറ്റ് പ്രൊഫസർ)

Comments