ഇളനീർ കുഴമ്പ് (Elaneer Kuzhambu)

ഇളനീർ കുഴമ്പ് (Elaneer Kuzhambu) കേരള ആയുർവേദ ചികിത്സാപാരമ്പര്യത്തിലെ, പ്രത്യേകിച്ച് അഷ്ടവൈദ്യ സമ്പ്രദായത്തിൽ, ഏറെ പ്രാധാന്യമുള്ള നേത്രൗഷധമാണ്. ‘ഇളനീർ’ എന്നത് നാളികേരത്തിൻ്റെ വെള്ളത്തെയും ‘കുഴമ്പ്’ എന്നത് സാന്ദ്രമായ ഔഷധസങ്കലനത്തെയും സൂചിപ്പിക്കുന്നു. ഇളനീരിനെ ഔഷധദ്രവ്യങ്ങളോടൊപ്പം കഷായരൂപത്തിൽ പാകപ്പെടുത്തി, സാന്ദ്രമാക്കി തയ്യാറാക്കുന്ന ഈ ഔഷധം പ്രധാനമായും പിത്തജന്യ നേത്രരോഗങ്ങളിൽ ഉപയോഗിക്കപ്പെടുന്നു.

ശാസ്ത്രീയമായി, സഹസ്രയോഗത്തിൽ പ്രതിപാദിച്ചിരിക്കുന്ന ശ്ലോകപ്രകാരം ദാർവി, വരാ (ത്രിഫല), മധുകം എന്നിവ ഇളനീരിൽ പാകപ്പെടുത്തി അഷ്ടഭാഗം മാത്രം ശേഷിപ്പിച്ച് കഷായമാക്കി, പിന്നീട് സാന്ദ്രമാക്കുന്നു. ഇതിലേക്ക് ശശി (കർപ്പൂരം), സൈന്ധവം (സൈന്ധവലവണം), മാക്ഷികം (തേൻ) എന്നിവ ചേർത്ത് നേത്രോപയോഗയോഗ്യമാക്കുന്നതാണ് ഇളനീർ കുഴമ്പിന്റെ പരമ്പരാഗത തയ്യാറാക്കൽ രീതി. ഈ സംയോജനം പിത്തരക്ത ദോഷങ്ങളെ ശമിപ്പിക്കുന്ന ശക്തമായ ശീതളഗുണം കൈവരുത്തുന്നു.

ക്ലിനിക്കൽ നിലയിൽ, ഇളനീർ കുഴമ്പ് നേത്രദാഹം, നേത്രരക്തിമ, കൺജങ്ക്ടിവൈറ്റിസ്, കോർണിയൽ അൾസർ, വ്രണം, അർമ്മം (പ്റ്റീരിജിയം), തിമിരത്തിന്റെ ആരംഭഘട്ടങ്ങൾ തുടങ്ങിയ അവസ്ഥകളിൽ പ്രയോജനകരമായി കാണപ്പെടുന്നു. ദീർഘസമയം സ്ക്രീനുകൾക്കുമുന്നിൽ ജോലി ചെയ്യുന്നവരിൽ ഉണ്ടാകുന്ന കണ്ണുനീർ, ചൂട്, ക്ഷീണം എന്നിവ കുറയ്ക്കുന്നതിലും ഇത് സഹായകരമാണ്. ഇളനീരിന്റെ സ്വാഭാവിക ശീതളതയും ദാർവിയുടെയും മധുകത്തിന്റെയും ശമന രോപ്പണഗുണങ്ങളും ചേർന്ന് നേത്രപാളികളെ ശുദ്ധീകരിക്കുകയും ദൃഷ്ടിയുടെ വ്യക്തത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഉപയോഗരീതിയിൽ സാധാരണയായി ഓരോ കണ്ണിലും 1 മുതൽ 2 തുള്ളി വരെ മാത്രമാണ് നിർദേശിക്കുന്നത്. മരുന്ന് ഇട്ടതിന് ശേഷം 1–2 മിനിറ്റ് വരെ കുത്തുന്നോ ചൂടുപിടിക്കുന്നോ ചെയ്യുന്ന അനുഭവം ഉണ്ടാകാം; ഇത് ഔഷധപ്രവർത്തനത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. കണ്ണുകൾ അടച്ച് കുറച്ച് സമയം വിശ്രമിക്കുന്നത് മരുന്നിന്റെ പ്രഭാവം മെച്ചപ്പെടുത്തും. സാധാരണയായി പ്രഭാതത്തിൽ അല്ലെങ്കിൽ രാത്രി ഉറങ്ങുന്നതിന് മുമ്പാണ് ഉപയോഗം ശുപാർശ ചെയ്യുന്നത്.

എങ്കിലും, നേത്രത്തിൽ നേരിട്ട് ഉപയോഗിക്കുന്ന ഔഷധമായതിനാൽ ഇളനീർ കുഴമ്പ് വൈദ്യോപദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ടതാണ്. തുറന്ന മുറിവുകൾ, അത്യധികമായ അലർജി, അല്ലെങ്കിൽ ഗുരുതരമായ നേത്രവ്യാധികൾ ഉള്ള സാഹചര്യങ്ങളിൽ സ്വമേധയാ ഉപയോഗം ഒഴിവാക്കണം. തുറന്നശേഷം ഔഷധത്തിന് കുറച്ച് മാസങ്ങൾ മാത്രമേ ശേഖരണകാലാവധി ഉണ്ടാകാറുള്ളൂ എന്നതിനാൽ കാലഹരണ തീയതി നിർബന്ധമായും ശ്രദ്ധിക്കണം. ശരിയായ നിർദേശത്തോടെയും സൂക്ഷ്മതയോടെയും ഉപയോഗിക്കുമ്പോൾ, ഇളനീർ കുഴമ്പ് പിത്തജന്യ നേത്രരോഗങ്ങളിൽ അത്യന്തം ഫലപ്രദമായ ഒരു പരമ്പരാഗത ആയുർവേദ ഔഷധമായി നിലകൊള്ളുന്നു.

      ഡോ.പൗസ് പൗലോസ് 
(അസോസിയേറ്റ് പ്രൊഫസർ)

Comments