Random Post

മീറ പുരാണം


മീറ പുരാണം
____________
ഇന്ന് രാവിലെ ഒരു ഡോക്ടർ മീറയെ കുറിച്ച് സംശയം ചോദിച്ചപ്പോഴാണ് ഞാനും ഇതിനെക്കുറിച്ച് ഒന്ന് പരതി നോക്കിയത്. ബൈബിൾ വായിക്കുമ്പോൾ ഏറ്റവുമധികം കാണുന്ന ഒരു വാക്കാണ് മീറ അത്രമാത്രം ചരിത്രപ്രാധാന്യം സുഗന്ധദ്രവ്യത്തിനുണ്ട് എന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ക്രിസ്തുവിന് മൂവ്വായിരം വർഷം മുൻപുപോലും പുരാതന ഈജിപ്തുകാർ വലിയ അളവിൽ മീറ ഇറക്കുമതി ചെയ്തിരുന്നു.അവർ അതിനെ മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള ലേപനമായും, അണുനാശിനിയായും, മതപരമായ ബലികളിലും ഉപയോഗിച്ചിരുന്നു  ക്രിസ്തുവിന് മുൻപ് പതിനഞ്ചാം നൂറ്റാണ്ടിൽ ഫറവോൻ തൂത്ത്മോസ് മൂന്നാമന്റെ അമ്മായി ഹത്ഷേപ്സറ്റ്, അമ്മോൻ ദേവന്റെ ക്ഷേത്രത്തിനു ചുറ്റും മീറച്ചെടികൾ നട്ടുപിടിപ്പിച്ച് ദേവപ്രീതി നേടാൻ ആഗ്രഹിച്ചു. ചെടികൾ കൊണ്ടുവരാനായി അവർ സോമാലിയയിലേയ്ക്ക് ഒരു സംഘത്തെ അയച്ചു. ആ ദൗത്യത്തിന്റെ വിജയകഥ അവരുടെ സംസ്കാരസ്ഥാനത്തെ ചുറ്റി നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.

"കോമിഫോറ" ജനുസ്സിൽ പെട്ട ചിലയിനം കുറ്റിച്ചെടികളുടെ കറ ഉണക്കിയെടുത്തുണ്ടാക്കുന്ന പശിമയാർന്ന ഒരിനം സുഗന്ധദ്രവ്യമാണ് മീറ. ചുവപ്പുകലർന്ന തവിട്ടു നിറമാണിതിന്. യെമൻ‍, സൊമാലിയ, കിഴക്കൻ എത്യോപ്യ എന്നിവിടങ്ങളിൽ കാണുന്ന "കോമിഫോറാ മീറ", ജോർദ്ദാനിൽ കണ്ടുവരുന്ന "കോമിഫോറ ഗിലെയാദെൻസിസ്" എന്നീ ഇനങ്ങളാണ് ഇതിന്റെ പ്രധാന ഉറവിടങ്ങൾ. 

മീറ' എന്ന വാക്ക് മറ്റു ഭാഷകളിലെത്തിയത് എത്യോപ്യൻ, അറബി മൂലപദങ്ങളിൽ നിന്ന് ഗ്രീക്കു വഴിയാണെന്ന് കരുതപ്പെടുന്നു. മീറ എന്നർത്ഥമുള്ള അറബി വാക്കിന് കയ്പ്പുള്ളത് എന്നാണർത്ഥം. 

സുഗന്ധദ്രവ്യങ്ങളുടേയും ധൂപങ്ങളുടേയും ചേരുവയായിരുന്ന മീറ പുരാതനകാലത്ത് ഏറെ വിലമതിയ്ക്കപ്പെട്ടിരുന്നു. പലപ്പോഴും അതിന് സ്വർണ്ണത്തേക്കാൾ വിലയുണ്ടായിരുന്നു. ഗ്രീക്ക് ഭാഷയിൽ മീറ എന്നത് സുഗന്ധദ്രവ്യം എന്നതിന്റെ പര്യായം തന്നെയായി.

പുരാതന റോമിൽ കുന്തിരിക്കത്തിനായിരുന്നു കൂടുതൽ പ്രിയമെങ്കിലും, മീറയ്ക്ക് കുന്തിരിക്കത്തിന്റെ അഞ്ചിരട്ടി വിലയുണ്ടായിരുന്നു. റോമാക്കാർ ശവദാഹങ്ങളിൽ, കത്തുന്ന മൃതദേഹത്തിന്റെ ഗന്ധം മറയ്ക്കാൻ മീറ കത്തിക്കുക പതിവായിരുന്നു.  നീറോ ചക്രവർത്തി അദ്ദേഹത്തിന്റെ പത്നി പോപ്പയേയുടെ സംസ്കാരത്തിൽ, ഒരു വർഷത്തെ ആവശ്യത്തിന് തികയുമായിരുന്ന മീറ കത്തിച്ചുവെന്ന് പറയപ്പെടുന്നു. റോമിലെ എഴുത്തുകാരനായ വലിയ പ്ലിനി, മീറയെ സുഗന്ധദ്രവ്യങ്ങളുടെ ചേരുവകളിലൊന്നായി, പ്രത്യേകിച്ച് പാർത്തിയയിലെ രാജകീയ സുഗന്ധദ്രവ്യത്തിന്റെ ചേരുവയെന്ന നിലയിൽ പരാമർശിക്കുന്നു. 

വീഞ്ഞു ഭരണികളെ വീഞ്ഞു നിറക്കുന്നതിനു മുൻപ് അണുരഹിതമാക്കാൻ മീറ ഉപയോഗിച്ചിരുന്നെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. മൽക്കാത്തയിൽ നിന്ന് ക്രി. മു. പതിനാലാം നൂറ്റാണ്ടിലെ ഈജിപ്തിലെ നവരാജ്യത്തിന്റേതായി പുരാവസ്തുഗവേഷകൻമാർ കണ്ടെത്തിയ മൺചട്ടികൾക്കടിയിൽ കറുത്ത തിളങ്ങുന്ന നിറത്തിൽ അടിഞ്ഞു കാണപ്പെട്ട വസ്തുവിന്റെ വിശകലം മീറയ്ക്ക് സമാനമായ രാസസ്വഭാവം വെളിപ്പെടുത്തി. വീഞ്ഞിന് മേമ്പോടിയായി റോമാക്കാരും മീറ ചേർത്തിരുന്നതായി പറയപ്പെടുന്നു

മീറച്ചെടി മരുഭൂമിയിൽ ഒൻപതടിയോളം ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ്. ഇളം ചാരനിറമുള്ള മുഖ്യകാണ്ഡം കടുപ്പമേറിയതും, അതിൽ നിന്നാരംഭിക്കുന്ന ശാഖകൾ ഉപശാഖകളായി പിരിഞ്ഞ് കൂർത്ത മുള്ളുകളിൽ അവസാനിക്കുന്നവയുമാണ്. 

മിനുത്ത് വിളുമ്പിൽ ക്രമരഹിതമായ പല്ലുകൾ നിറഞ്ഞ ഇലകൾ ചുവട്ടിൽ അണ്ഡാകൃതിയുള്ള ഒരു ജോഡി കുഞ്ഞിലകളും മദ്ധ്യത്തിൽ ഒരു വലിയ ഇലയുമായി പിരിഞ്ഞ് കാണപ്പെടുന്നു. മഞ്ഞ നിറമുള്ള പൂക്കൾ, നീണ്ട് ശാഖകളായി പിരിഞ്ഞ ഒരു തണ്ടിൽ കുലകളായി കാണപ്പെടുന്നു. തവിട്ടു നിറത്തിൽ വലിപ്പം കുറഞ്ഞ ഫലത്തിന് അറ്റം കൂർത്ത അണ്ഡാകൃതിയാണ്.

ഗുണമേന്മയേറിയ മീറപ്പശയെ അതിന്റെ കടും നിറവും തെളിമയും കൊണ്ട് തിരിച്ചറിയാം. എന്നാൽ പശയുടെ മേന്മ നിശ്ചയിക്കാനുള്ള ഏറ്റവും വിശ്വസനീയമായ മാർഗ്ഗം, പുതുതായി അടർത്തിയ കഷണത്തിന്റെ പശിമ നോക്കി അതിലെ സുഗന്ധതൈലത്തിന്റെ അനുപാതം മനസ്സിലാക്കുകയാണ്. അസംസ്കൃതമായ മീറപ്പശയുടേയും അതിലെ എണ്ണയുടേയും ഗന്ധം രൂക്ഷവും, സുഖദായകവും, അല്പം തിക്തവും പശകളുടെ സ്വാഭാവികഗന്ധമെന്ന് പറയാവുന്നതുമാണ്. കത്തിക്കുമ്പോൾ അത് വനിലായുടെ മാധുരഗന്ധം കലർന്ന കനത്ത ധൂമം സൃഷ്ടിക്കുന്നു. മറ്റു പശകളിൽ നിന്ന് ഭിന്നമായി, കത്തുമ്പോൾ മീറ അലിഞ്ഞ് ദ്രവീകരിയ്ക്കാതെ വികസിച്ച് അലരുന്നു.

മീറ, വീഞ്ഞിൽ മേമ്പോടിയായും, ധൂപക്കൂട്ടുകളിൽ ഭൗമഗന്ധം കലർത്താനും ഉപയോഗിക്കാറുണ്ട്. വിവിധയിനം സുഗന്ധലേപനങ്ങളിലും, ദന്തധാവനക്കുഴമ്പുകളിലും, ലോഷനുകളിലും, ഇതര സൗന്ദര്യസം‌രക്ഷണവസ്തുക്കളിലും അത് ഉപയോഗിക്കാറുണ്ട്.

മൃതദേഹങ്ങളെ കേടുകൂടാതെ സൂക്ഷിക്കാനുള്ള ലേപനമായി മീറ ഉപയോഗിക്കപ്പെട്ടിരുന്നു. പതിനഞ്ചാം നൂറ്റാണ്ടുവരെ, ശവസംസ്കാരങ്ങളിലും ശവദാഹങ്ങളിലും അത് പരിഹാരധൂപമായിരുന്നു. പൗരസ്ത്യ ഓർത്തോഡോക്സ് സഭയിൽ സ്തൈര്യലേപനം, രോഗീലേപനം എന്നീ കൂദാശകളിൽ പരമ്പരാഗതമായി ഉപയോഗിക്കാറുള്ള "വിശുദ്ധ തൈലം" മീറ കൊണ്ട് ഗന്ധം ചേർത്തതാണ്. ഈ കൂദാശകളിൽ ഏതെങ്കിലും സ്വീകരിക്കുന്നതിന് "മീറ കിട്ടുക" എന്ന് പറായാറുണ്ട്.

എബ്രായ ബൈബിളിൽ, ദൈവം മോശയോട് നിർമ്മിക്കാൻ ആവശ്യപ്പെട്ട പരിശുദ്ധ അഭിഷേകതൈലത്തിന്റെ മുഖ്യചേരുവ മീറ ആയിരുന്നു:

പൂക്കുന്ന മീറാച്ചെടിയിൽ നിന്നുള്ള മീറ 500 ഷെക്കൽ തെരഞ്ഞെടുക്കുക, ... അതുപയോഗിച്ച്... വിശുദ്ധമായൊരു അഭിഷേക തൈലം നിർമ്മിക്കുക. സമ്മേളനകൂടാരത്തേയും സാക്ഷ്യപേടകത്തേയും... പുരോഹിതന്മരായി എന്നെ സേവിക്കേണ്ടവരായ അഹറോനേയും അയാളുടെ പുത്രന്മാരേയും അതുകൊണ്ട് അഭിഷേകം ചെയ്യുക.

പുതിയ നിയമത്തിലെ സുവിശേഷങ്ങളിലും മീറ പ്രത്യക്ഷപ്പെടുന്നുണ്ട്. മത്തായിയുടെ സുവിശേഷം അനുസരിച്ച്, കിഴക്കുനിന്നെത്തിയ മൂന്നു ജ്ഞാനികൾ ശിശുവായ യേശുവിന് കാഴ്ചവച്ച വസ്തുക്കളിൽ ഒന്ന് മീറ ആയിരുന്നു. കുരിശിൽ മരണത്തോടടുത്തു കൊണ്ടിരുന്ന യേശുവിന് വച്ചു നീട്ടപ്പെട്ട വേദനാശമനിയായി മർക്കോസിന്റെ സുവിശേഷത്തിലും അത് പരാമർശിക്കപ്പെടുന്നു. യോഹന്നാന്റെ സുവിശേഷം അനുസരിച്ച്, യേശുവിന്റെ മൃതദേഹത്തെ സംസ്കാരത്തിന് തയ്യാറാക്കിയപ്പോൾ പൂശിയ സുഗന്ധ തൈലങ്ങളിലൊന്ന് മീറ ആയിരുന്നു:

പിന്നെ അവർ നിക്ഷേപപാത്രങ്ങൾ തുറന്ന്, പൊന്നും, കുന്തിരിക്കവും മീറയും അവന് സമ്മാനിച്ചു. കുരിശിൽ കിടന്ന യേശുവിന് അവർ അവന് മീറ കലർത്തിയ വീഞ്ഞ് വച്ചു നീട്ടി. എന്നാൽ അവൻ അത് സ്വീകരിച്ചില്ല

നേരത്തെ രാത്രിയിൽ അവനെ സന്ദർശിച്ചിരുന്ന നിക്കദേമോസ് , നൂറു റാത്തൽ മീറയും ലവംഗവുമായി വന്നു. അവർ യേശുവിന്റെ ദേഹം എടുത്ത് യഹൂദന്മാരുടെ സംസ്കാരവിധി അനുസരിച്ച്, തുണിയും സുഗന്ധങ്ങളും കൊണ്ട് പൊതിഞ്ഞു. 

ബൈബിളിൽ മീറ അഭിക്ഷേകതൈലമായി പരാമർശിക്കപ്പെടുന്നതിനാൽ, പാശ്ചാത്യ-പൗരസ്ത്യ സഭകളിൽ ലേപനകൂദാശകളിലെ തൈലത്തിന്റേയും വിശുദ്ധകർമ്മങ്ങളിലെ ധൂപത്തിന്റേയും ചേരുവയായി മീറ ഉപയോഗിക്കപ്പെടുന്നു. റോമൻ കത്തോലിക്കാ സഭയിൽ‍, ഉയിർപ്പുതിരുനാൾ രാത്രിയിലെ ശുശ്രൂഷക്ക് ഉപയോഗിക്കുന്ന മെഴുകുതിരിയിൽ മീറ തരികൾ ചേർക്കാറുണ്ട്.

ചൈനീസ് വൈദ്യത്തിൽ മീറ തിക്തവും, സുഗന്ധവും, ഉഷ്ണമുക്തവും,  ഹൃദയം, കരൾ എന്നീ മേഖലകളെ ബാധിക്കുന്നതും ആയി കണക്കാക്കപ്പെടുന്നു. കഷായങ്ങളിലും, ലേപനങ്ങളിലും, ധൂപങ്ങളിലും അതിനോടൊപ്പം ചേർക്കാറുള്ള കുന്തിരിക്കത്തിന്റെ ഗുണങ്ങൾ തന്നെ മീറയ്ക്കും ഉള്ളതായി കരുതപ്പെടുന്നു. 

ഒന്നിച്ചുപയോഗിക്കുമ്പോൾ മീറ രക്തചംക്രമണത്തേയും കുന്തിരിക്കം ചൈനീസ് വൈദ്യത്തിൽ 'ചീ' എന്നറിയപ്പെടുന്ന ഊർജ്ജപ്രവാഹത്തേയും ബാധിക്കുന്നതിനാൽ വാതസംബന്ധമായ പ്രശ്നങ്ങളിൽ അത് ഫലപ്രദമാണ്. രക്തചംക്രമണക്ഷമത വർദ്ധിപ്പിക്കാൻ മീറയ്ക്ക് കഴിയുമെന്ന വിശ്വാസത്തിൽ, ആർത്തവവുമായും ആർത്തവവിരാമവുമായും ബന്ധപ്പെട്ട പ്രശ്നങ്ങളിലും അത് മരുന്നാക്കാറുണ്ട്.

പല്ലുവേദനയിലും ചതവ്, ഉളുക്ക് മുതലായ അവസ്ഥകളിലും മീറ പ്രയോജനകരമാണെന്ന് കരുതപ്പെടുന്നു.

രസം :തിക്തം, കഷായം, കടു

ഗുണം :സ്നിഗ്ധം, സരം

വീര്യം :ഉഷ്ണം

വിപാകം :കടു 

ഔഷധയോഗ്യഭാഗം : കറ

🙏

(ഡോ.പൗസ് പൗലോസ്)

Post a Comment

0 Comments