Random Post

സൈബർ കോൺഡ്രിയ

സൈബർ കോൺഡ്രിയ
_______________________

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു ടെക്നോളജി അഡിക്റ്റ് ആയ 'സൈബർ കോൺഡ്രിയാക്' രോഗിയുമായി സംവദിക്കാൻ കഴിഞ്ഞു അതാണ് ഈ ലേഖനം എഴുതാൻ ഉൾപ്രേരകമായത്. വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരം കാരണം നമ്മുടെ യുവതലമുറയെ ബാധിച്ചിരിക്കുന്ന ഒരു അസുഖമാണ് സൈബര്‍ കോണ്‍ഡ്രിയ (cyberchondria) അഥവാ ഇന്‍റര്‍നെറ്റിനെ അമിതമായി വിശ്വസിച്ചത് മൂലമുള്ള സംശയരോഗങ്ങൾ. പുതിയ കണക്കുകൾ പ്രകാരം ഗൂഗിളില്‍ തിരയുന്ന വിവരങ്ങളില്‍ 20ല്‍ ഒന്ന് സ്വന്തം രോഗത്തെക്കുറിച്ച അന്വേഷണങ്ങളാണ്, ഇവയില്‍ ലഭിക്കുന്നതിലേറെയുമാകട്ടെ തെറ്റായ ഉത്തരങ്ങളും. ഈ ഗൂഗിൾ ഡോക്ടർ എന്നു പറയുന്നത് ഒരു മുറിവൈദ്യൻ ആണെന്നുള്ള കാര്യം എപ്പോഴും മനസ്സിലാക്കുക നമ്മുടെ നാട്ടിൽ ഒരു പഴഞ്ചൊല്ല് ഉണ്ടല്ലോ "മുറി വൈദ്യൻ ആളെ കൊല്ലും" അതൊരു യാഥാർത്ഥ്യമാണ്.

ബുദ്ധി കൂടിയതുകൊണ്ട് ഈ കാലഘട്ടത്തിൽ ഡോക്ടറെ കാണാനുള്ള സാമ്പത്തികച്ചെലവും സമയലാഭവും പരിഗണിച്ച് എളുപ്പത്തില്‍ പ്രതിവിധി കണ്ടത്തൊമെന്ന പ്രതീക്ഷയില്‍ ഇൻറർനെറ്റിൽ പരതി തുടങ്ങുന്നവര്‍ അവസാനം സംശയരോഗത്തിലേക്ക് വഴുതി വീഴുന്ന കാഴ്ച വളരെ ദയനീയമാണ്. പിന്നീട് ചികിത്സയും പരിശോധനകളുമായി കാര്യങ്ങള്‍ തിരിച്ചറിഞ്ഞുവരുമ്പോഴേക്ക് സമയവും സമ്പത്തും മാത്രമല്ല, മനസ്സിന്‍െറ ആരോഗ്യവും നഷ്ടമാകുന്നു.

പരിചയസമ്പന്നനായ ഡോക്ടര്‍ക്ക് പകരം ഗൂഗിൾ ഡോക്ടറെ ശരണം പ്രാപിക്കുന്ന വരെ കാത്തിരിക്കുന്നത് രണ്ട് അപകടങ്ങളാണ്. ഒന്ന് രോഗം ബാധിച്ചെന്ന തെറ്റായ ആധിയാണ് മറ്റൊന്ന് തെറ്റായ വിവരം പൂർണ്ണമായി വിശ്വസിച്ച് ശിഷ്ടജീവിതം ഉത്കണ്ഠയുമായി കഴിയാനാകും ഇവര്‍ക്കു യോഗം.

നിസ്സാരമായ തലവേദനയും ചുമയും വരുമ്പോഴേക്ക് മാരകരോഗങ്ങളായ ബ്രെയിന്‍ ട്യൂമറോ ശ്വാസകോശ കാന്‍സറോ ആണെന്ന് സംശയിക്കുന്നവരാണ് നമുക്കിടയില്‍ നാലുമുതല്‍ ഒമ്പത് ശതമാനം പേരെന്ന് എന്നത് തികച്ചും അമ്പരപ്പിക്കുന്ന ഒന്ന് തന്നെയാണ്. ഇത്തരം രോഗികള്‍ക്ക് ഒന്നു തുമ്മിയാലും മൂക്കൊലിച്ചാലുമൊക്കെ ഉടന്‍ പരിശോധന വേണം. രോഗമില്ലെന്ന് ഉറപ്പാക്കാന്‍ തീര്‍ത്തും അനാവശ്യമായ പരിശോധനകള്‍ക്ക് ഇവര്‍ ലാബുകളില്‍ കയറിയിറങ്ങും അതിനുവേണ്ടി ഡോക്ടര്‍മാരെ നിര്‍ബന്ധിക്കും ഇതൊക്കെയാണ് ഇവരുടെ വിചിത്രമായ രീതികൾ.

സൈബര്‍ കോണ്‍ഡ്രിയാക് രോഗികള്‍ ഏറെയും തിരയുന്നത് എയ്ഡ്സ്, കാന്‍സര്‍ പോലുള്ള അതീവ ഗുരുതര രോഗങ്ങളാണെന്നതാണ് കൗതുകം. രോഗങ്ങൾ ഒന്നുമില്ലാത്തവന്‍ തിരഞ്ഞുതിരഞ്ഞ് കാന്‍സര്‍ രോഗിയാവും. അതുമല്ലെങ്കിൽ തിരഞ്ഞ് തിരഞ്ഞ് എയ്ഡ്സ് രോഗിയാകും പിന്നീട് മാനസിക സമ്മർദ്ദങ്ങളിൽ അടിമപ്പെട്ട് എയ്ഡ്സ് ലക്ഷണങ്ങള്‍ വരെ ‘പ്രകടിപ്പിക്കും’ എന്നത് ഒരു വിചിത്രമായ പ്രതിഭാസമാണ്. സ്വയം സങ്കല്‍പിച്ചുണ്ടാക്കുന്ന രോഗങ്ങള്‍ പിടികൂടുമോ എന്ന ആശങ്കമൂത്ത് ശരീരവേദന, ക്ഷീണം തുടങ്ങിയ പ്രാഥമിക പ്രശ്നങ്ങള്‍ക്കും ക്രമേണ മറ്റു രോഗ ലക്ഷണങ്ങള്‍ക്കും ഇതുകാരണമാകുന്നു. തുടര്‍ച്ചയായ ചിന്തകള്‍ മൂലം വിഷാദരോഗം പോലുള്ള മാനസിക പ്രശ്നങ്ങളും കണ്ടുവരാറുണ്ട്.

ഹൈപോ കോണ്‍ഡ്രിയാക്, സൈബര്‍ കോണ്‍ഡ്രിയാക് രോഗം സ്ഥിരീകരിക്കും മുമ്പായി ഡോക്ടര്‍മാര്‍ രോഗികളെ വിശദമായ പരിശോധനക്ക് വിധേയമാക്കും. രോഗഭീതിയാണ് രോഗലക്ഷണങ്ങളെക്കാള്‍ വലിയ പ്രശ്നമെന്ന് പറഞ്ഞുമനസ്സിലാക്കി മനശാസ്ത്ര ചികിത്സക്ക് പ്രേരിപ്പിക്കുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്.
രോഗിയുടെ അകാരണ ഭീതിയെയും സംശയങ്ങളെയും കുറിച്ച് ബോധവത്കരിച്ച് തങ്ങള്‍ക്ക് രോഗങ്ങൾ ഒന്നുമില്ലെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കല്‍ തന്നെയാണ് ഇതിനുപരിഹാരം.

നാം ഇന്ന് ജീവിക്കുന്ന സൈബർ യുഗത്തിൽ രോഗലക്ഷണങ്ങളെക്കുറിച്ച് വിശദമായി അറിയാൻ നെറ്റിൽ പരതുന്നതൊരു അപരാധമൊന്നുമല്ല. എന്നാൽ അങ്ങനെ ചെയ്യാനിരിക്കുമ്പോൾ കൂടെ നിർബന്ധമായും കരുതേണ്ട ഒരു സാധനമുണ്ട്.  'വിവേകം'. സെർച്ച് എഞ്ചിനുകൾ ഒരിക്കലും നമ്മുടെ ശത്രുക്കളല്ല. എന്നാൽ, അങ്ങനെ കിട്ടുന്ന വിവരങ്ങളെ  എങ്ങനെ വിലയിരുത്തണം  എന്ന വിവേചന ബുദ്ധി നമ്മൾ കൈവെടിയാൻ പാടില്ല.
🙏

(ഡോ.പൗസ് പൗലോസ്)

Post a Comment

0 Comments