രാസ്നാദി മഹാത്മ്യം


ഈ അടുത്തിടെ ഉത്തരേന്ത്യയിൽ ഉള്ള ഒരു ആയുർവേദ ഡോക്ടറുമായുള്ള സൗഹൃദ സംഭാഷണത്തിൽ ഞാൻ അദ്ദേഹത്തോട് രാസ്നാദി ചൂർണ്ണത്തെ കുറിച്ച് സംസാരിച്ചു. ഇവിടെ വളരെയധികം പ്രാക്ടീസ് ഉള്ള അദ്ദേഹം രാസ്നാദി ചൂർണ്ണം ഇതുവരെ കേട്ടിട്ടുമില്ല ഉപയോഗിച്ചിട്ടില്ല. സത്യം പറഞ്ഞാൽ അതുകേട്ടപ്പോൾ ഞാൻ മൂക്കത്ത് വിരൽ വെച്ചു പോയി എന്ന് വേണമെങ്കിൽ പറയാം. പിന്നീട് ഞാൻ രാസനാദി ചൂർണ്ണത്തിൻ്റെ ഗുണങ്ങളെക്കുറിച്ച് അദ്ദേഹത്തോട് വളരെ അധികം നേരം വർണ്ണിച്ചു അതിൽ പുളകിതനായ സുഹൃത്ത് അടുത്തദിവസം ഒരു നൂറു ബോട്ടിൽ രാസ്നാദി ചൂർണ്ണത്തിന് ഓൺലൈൻ ഓർഡർ കൊടുത്തു.

അപ്പോൾ എനിക്ക് തോന്നി രാസ്നാദി ചൂർണ്ണത്തിൻ്റെ ഗുണങ്ങളെക്കുറിച്ച് നിങ്ങളോടും പങ്കുവെക്കണമെന്ന്. രാസ്നാദി ചൂർണ്ണം നിറുകയിൽ തിരുമ്മുക എന്ന് പറയുന്നത് നമ്മുടെ നാട്ടിലെ ഒരു ശീലമായിരുന്നു ഇപ്പോഴും പല ആളുകളും അത് തുടർന്നുകൊണ്ടേയിരിക്കുന്നു ഞാനും അത് സ്ഥിരമായി ചെയ്യുന്നു. ഒരു ബോട്ടിൽ രാസ്നാദി ചൂർണ്ണം നമ്മുടെ വീട്ടിൽ ഈ കോവിഡ് സമയത്ത് സ്റ്റോക്ക് ചെയ്ത് കഴിഞ്ഞാൽ ഏതൊക്കെ തരത്തിലുള്ള രോഗത്തിൽ നിന്ന് മുക്തി ലഭിക്കും എന്ന് നോക്കാം. 

രാസ്നാദി ചൂർണ്ണം എന്നുപറയുന്നത് 24 തരം മരുന്നുകൾ ചേർന്നതാണ് ചെറിയൊരു അളവ് രാസ്നാദി ചൂർണ്ണം നെറുകയിൽ തിരുമ്മിയാലും വളരെയധികം ഫലം പ്രാപ്തി തരുന്ന ഒരു മരുന്നാണിത്. ഏതൊക്കെ തരത്തിലുള്ള രോഗികൾക്കാണ് രാസ്നാദി ചൂർണം ഉപയോഗിക്കാൻ പറ്റുന്നത് എന്ന് നമുക്ക് നോക്കാം.  

ഒരു വയസ്സിനു ശേഷമുള്ള കുട്ടികൾക്കാണ് രാസ്നാദി ചൂർണ്ണം നിറുകയിൽ തിരുമ്മുന്നത് ഒരു വയസ്സു വരെ നമുക്ക് രാസ്നാദി ചൂർണ്ണതിന് പകരം കച്ചൂരാവും,കരിഞ്ചീരകവും വറുത്തു പൊടിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ കുട്ടികൾക്ക് നെറുകയിൽ ഉപയോഗിക്കാൻ കച്ചൂരാദി ചൂർണ്ണം ആണ് നല്ലത്.

കുളി കഴിഞ്ഞതിനുശേഷം രാസ്നാദി ചൂർണ്ണം നെറുകയിൽ തിരുമ്മിയാൽ നീരിറക്കം മൂലമുണ്ടാകുന്ന ജലദോഷം, കഫക്കെട്ട്, കഴുത്തുവേദന മുതലായവ ശമിക്കും. വെളിച്ചെണ്ണ തലയിൽ തേച്ച് കുളിക്കുന്നത് മൂലം ഉണ്ടാകുന്ന നീരിറക്കം മാറാൻ രാസ്നാദി ചൂർണ്ണം ഉപയോഗിക്കുന്നത് വളരെ ഉത്തമമാണ് 

ജലദോഷം, തലവേദന മുതലായ രോഗങ്ങൾ ഉണ്ടെങ്കിൽ പനിക്കൂർക്കയും, തുളസിയും വാട്ടിപ്പിഴിഞ്ഞ നീരിനോട് ഒപ്പം രാസ്നാദി ചൂർണ്ണം നിറുകയിൽ ഒരു രൂപ വട്ടത്തിൽ തളം വയ്ക്കുന്നത് നല്ലതാണ്. തലവേദനയ്ക്ക് രാസ്നാദി ചൂർണ്ണം ചെറുനാരങ്ങാനീരിൽ കുറുക്കി നെറ്റിയിൽ പുരട്ടുന്നത് തലവേദന മാറ്റുന്നതിന് നല്ലതാണ്. 

അതുപോലെതന്നെ ടോൺസിലൈറ്റിസ് ഉള്ളവർ മുയൽചെവിയൻ വാട്ടിപ്പിഴിഞ്ഞ് നീരെടുത്ത് രാസ്നാദി ചൂർണ്ണം ചേർത്ത് കുറുകി കഴുത്തിലും, തൊണ്ടയുടെ ഭാഗത്തും ലേപം ഇടുന്നത് നല്ലതാണ്. സർവിക്കൽ സ്പോണ്ടിലോസിസ് കൊണ്ടുള്ള വേദനയ്ക്കും വാതസംബന്ധമായ നീർക്കെട്ടും വേദനയും ഉള്ളവർ അരിക്കാടി, നാരങ്ങനീര് എന്നിവ രാസ്നാദി ചൂർണ്ണം ചേർത്ത് കുറുക്കി വേദനയും, നീർകെട്ടും ഉള്ള ഭാഗത്ത് ലേപം ചെയ്തു ഏകദേശം അരമണിക്കൂറിനു ശേഷം അത് ചൂടുവെള്ളത്തിൽ കഴുകി കളയുക ഇത് ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടും വേദനയും മാറുന്നതിന് വളരെ ഉത്തമമാണ്. ഇങ്ങനെ രാസ്നാദി ചൂർണ്ണത്തിൻ്റെ മഹാത്മ്യം പറയാൻ തുടങ്ങിയാൽ ഒരുപാട് പറയാനുണ്ട് എന്തായാലും നിങ്ങളും ഈ മാഹാത്മ്യം മനസ്സിലാക്കിയ സ്ഥിതിക്ക് ഒരു ബോട്ടിൽ രാസ്നാദി ചൂർണ്ണം വാങ്ങി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

❤️

ഡോ.പൗസ് പൗലോസ്

Comments