ആശാളി

 കടുകിന്റെ വലിപ്പമുള്ള ചുവന്ന നിറമുള്ള ചന്ദ്രശൂര എന്ന സംസ്കൃത നാമമുള്ള ആശാളിയാണ്.

ഏകവർഷിയായ ഒരു ഓഷധിയാണ് ലിപ്പിഡിയം സറ്റൈവം എന്ന ശാസ്ത്രീയനാമമുള്ള ക്രൂസിഫെറെ കുടുംബക്കാരൻ . ബൃഹത് ത്രയികൾ എന്നറിയപ്പെടുന്ന ചരകസംഹിത സുശ്രുതസംഹിത അഷ്ടാംഗഹൃദയം എന്നിവയിലൊന്നും ഈ ദ്രവ്യത്തെ കാണാൻ കഴിയില്ല. 

അധിനിവേശ കാലത്ത് മുസ്ലിം ചക്രവർത്തിമാരാണ് ഈ മരുന്ന് ഭാരതീയർക്ക് പരിചയപ്പെടുത്തിയത്.
പള്ളിക്കഞ്ഞിയിൽ മാത്രമല്ല കേരളത്തിന്റെ പ്രത്യേക ചികിത്സയായ കർക്കിടക ചികിത്സയിലെ മരുന്നു കഞ്ഞിയിലും ആശാളിക്ക് പ്രധാന പങ്കുണ്ട്. 

എന്തുകൊണ്ട് ആശാളി ഇവിടെ ഉപയോഗിക്കുന്നു ? എന്ന് പലരോടുമന്വേഷിച്ചെങ്കിലും പതിവ് ദീപന പാചന തിയറിയിലാണ് അതെല്ലാം എത്തി നിന്നത്. കയ്പ്, എരിവ് രുചിയുള്ള ദഹിച്ചാലും അതേ രുചിയുണ്ടാക്കുന്ന എളുപ്പം ദഹിക്കുന്ന , രൂക്ഷമായ ഈ തീഷ്ണദ്രവ്യം ശരീരത്തിന് തണുവാണെന്നും , മുലപ്പാലിനെ ഉണ്ടാക്കുന്നതുമാണെന്ന ശക്തമായ അനുഭവ സാക്ഷ്യങ്ങളെ ന്യായീകരിക്കാൻ ഈ രസഗുണവീര്യവിപാകങ്ങൾ കൊണ്ട് പറ്റാത്തതു കൊണ്ടു മാത്രം തിരച്ചിൽ തുടരുകയും ഭാവ പ്രകാശത്തിലെ ചന്ദ്രശൂരയുടെ ഗുണങ്ങളിൽ ഉത്തരം ലഭിക്കുകയും ചെയ്തു.

"ചന്ദ്രശൂരം ഹിതം ഹിക്കാ വാതശ്ലേഷ്മാതിസാരിണാം 
അസൃഗ് വാതഗദദ്വേഷി ബല പുഷ്ടി വിവർദ്ധനം. "

എന്നാണ് ശ്ലോകം . 

പകൽ മുഴുവൻ ഭക്ഷണവും വെള്ളവും ഒഴിവാക്കി വാതവർദ്ധനയുള്ള ശരീരത്തോടെ (ശരീരംകായുക എന്നു ഞങ്ങളുടെ നാട്ടുഭാഷ )
 ഉള്ള ആളിനുണ്ടാകാവുന്ന പാർശ്വശൂല (പതപ്പിനു വേദന)
 എക്കിൾ, 
അതിസാരം , 
ഊര് വേദന 
ഇവ മാറ്റുന്ന ആശാളിയെ എങ്ങനെ നോമ്പുകഞ്ഞിയിൽ ചേർക്കാതിരിക്കും. 

ഇനി കർക്കിടക കഞ്ഞിയിൽ ചേർക്കുന്ന കാര്യം. അവിടെ പട്ടിണിയില്ലെങ്കിലും കാലദോഷത്താൽ ദുഷിച്ച അഗ്‌നി അഥവാ ദഹന തകരാറുണ്ട്. തണുപ്പു കൊണ്ടുള്ള വാത വർദ്ധനവുണ്ട് , അതിലുപരി ബലവും പുഷ്ടിയുമില്ലാത്ത ശാരീരിക അവസ്ഥയുണ്ട്. അവിടേയും ആശാളിയല്ലാതെ രണ്ടാമതൊരു ചോയിസില്ല .

ചതുർബീജങ്ങൾ എന്ന ഗണത്തിൽ പെടുന്ന ആശാളി കാൽസ്യം, ഇരുമ്പ് , ഫോളിക്കാസിഡ് , മഗ്നീഷ്യം , വിറ്റാമിൻ ബി എന്നിവയുടെ കലവറയാണ്. 

ഫൈറ്റോ ഈസ്ട്രജൻ ധാരാളമുള്ളതിനാൽ ക്രമംതെറ്റിയ ആർത്തവം, അൽപ്പാർത്തവം, എന്നീ അവസ്ഥാവിശേഷങ്ങളിൽ ആഹാരത്തിലുൾപ്പെടുത്തുക ഗുണകരമാണ്. 

മുലപ്പാലില്ലായ്മയ്ക്ക് ശതാവരി പോലെ ഒരു സിദ്ധൗഷധമാണ് ആശാളി . പാലിൽ അരച്ചുകലക്കി തിളപ്പിച്ച് കുടിച്ചാൽ മതിയാകും.

 ഇടി മേടിച്ചുകൂട്ടിയ അണ്ണന്മാർക്ക് ഇത് നൽകി കണ്ടിട്ടുണ്ട് , രക്തവാതത്തിലും നന്ന്.


Comments