ഞെരിഞ്ഞിൽ

ഞെരിഞ്ഞിൽ:

ഗോക്ഷുര, ഗോഖുരി ,കണ്ട പത്രി, എന്ന് സംസ്കൃതത്തിലും, ഞെരിഞ്ഞി, സിറുഞെരിഞ്ഞി, എന്ന് തമിഴിലും അറിയപ്പെടുന്ന ഞെരിഞ്ഞിൽ, വരണ്ട പ്രദേശങ്ങളിൽ നിലംപറ്റിത്തഴച്ചു വളരുന്നതും, തമിഴ്നാട്, കർണ്ണാടക, ആന്ത്ര പ്രദേശ് സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ ധാരാളമായി കണ്ടുവരുന്നതും, കേരളത്തിൽ അപൂർവ്വവുമാണ്. എന്നാൽ ഇതിന്റെ അപരനായി കൃഷി ചെയ്തു പോരുന്ന മറ്റൊന്ന് കൂടി ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു .

ആയൂർവ്വേദ ഔഷധങ്ങളിലെ അനേക യോഗങ്ങളിൽ ഞെരിഞ്ഞിൽ ചേരുവയാണ്. ഗ്രന്ഥങ്ങൾ തുറന്ന് നോക്കിയാൽ പറഞ്ഞു തീർക്കാൻ കഴിയാത്ത തരത്തിൽ യോഗ വർണ്ണനകളുടെ രേഖപ്പെടുത്തലുകൾ ഉണ്ട്, അത് ഏവർക്കും അറിവുള്ളതുമാണ്. അതു കൊണ്ട് മറ്റു ചില പ്രാദേശീക അറിവുകളാണ് ഇതിൽ വിശദമാക്കുന്നത്. 

പച്ചക്കായ ചതച്ച് മുള്ളൊതുക്കി ചവച്ച് കവിൾകൊള്ളുന്നത് വായ്പ്പുണ്ണ് മാറ്റുവാനും,
പച്ചയില പുളി വെള്ളത്തിലിട്ട് അല്പനേരത്തിനു ശേഷം, നിലക്കടല ചേർത്ത് വേവിച്ച് കഴിക്കുന്നത്, കരൾവീക്കത്തിനു ശമനമുണ്ടാക്കുന്നതും, കുടവയർ കുറയ്ക്കുന്നതുമാണ്. 

സമൂലം പാലിൽ ഇട്ട് തിളപ്പിച്ച് കൊഴുപ്പും കയ്പുമുള്ള പാൽ കുടിച്ച് അല്പനേരം കഴിഞ്ഞ് പനം ചക്കര ചവച്ചിറക്കുന്നത് ബീജ ദോഷമകറ്റുവാനും, ബീജവർദ്ധനവിനും, ലൈംഗീക താല്പര്യത്തെയുണർത്തുവാനും,
ശരീരതാപത്തെ കുറയ്ക്കുവാനും നന്ന്.

ഇലയും,പച്ചക്കായയും അരച്ച് വയറിൽ പുരട്ടുന്നത് സുഖപ്രസവത്തിനും, അരച്ച് ഉരുട്ടിയതിൽ നാലിലൊന്ന് കുരുമുളകും ചേർത്ത് പ്രസവശേഷം മൂന്ന് ദിവസം കഴിക്കുന്നത് വിശേഷമെന്ന്,പ്രാദേശീക തമിഴ് ചികിത്സകർ ഞെരിഞ്ഞിലിന്റെ പ്രയോഗരീതിയായി വിവരിക്കുന്നു.

ഇലയും തണ്ടും വെള്ളത്തിലിട്ടാൽ നിമിഷം കൊണ്ട് തന്നെ വെള്ളത്തിന് നല്ല കൊഴുപ്പും ഊറിയ കയ്പുമുണ്ടാകും, ഉടൻ തന്നെ ആ വെള്ളംകുടിക്കയെങ്കിൽ, മൂത്രാശയ രോഗങ്ങൾക്ക് ശമനമുണ്ടാകുകയും, അസ്ഥി സ്രാവരോഗങ്ങളും, ചില ലൈംഗികരോഗങ്ങളും ശമിക്കും.

 ലഭ്യതയുള്ളദേശങ്ങളിലൊക്കെയും, ചികിത്സകർ ഞെരിഞ്ഞിൽ പച്ചയായിത്തന്നെ പല വിധവ്യാധി ക്കും ഔഷധങ്ങളായി ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിലും, കേരളത്തിൽ വിരളമായതിനാൽ, ഉണങ്ങിയ ഞെരിഞ്ഞിൽ കായയുടെ ഉപയോഗങ്ങൾ മാത്രമായി മാറുന്നു.

Comments