ചണ്ണക്കൂവ - CHANNAKOOVA

ചണ്ണക്കൂവ - CHANNAKOOVA

കേരളത്തിലെ കാലാവസ്ഥയില്‍ വളരെ ആര്‍ത്തു വളരുന്ന ഒരു ഔഷധച്ചെടിയാണ് ചണ്ണക്കൂവ. നമ്മുടെ പാതയോരങ്ങളില്‍ ഈ ചെടി കാണാത്തവര്‍ ചുരുക്കമായിരിക്കും വളരെ പെട്ടന്ന് പടര്‍ന്നു പിടിക്കുന്ന ഇനമായ ഈ ചെടി ഔഷധഗുണത്തിലും മുന്‍പന്തിയിലാണ്. ധൃതരാഷ്ട്രപ്പച്ച എന്നറിയപ്പെടുന്ന ഒരു വിദേശ സസ്യത്തിന്റെ ആക്രമണത്തില്‍ വംശനാശ ഭീഷണിയിലാണ് നമ്മുടെ നാട്ടില്‍ ഈ ചെടി. 
Costus speciosus എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ ചെടി ഇഞ്ചികുലത്തിലെ (Zingiberaceae family) അംഗമാണ്. സംസ്കൃതത്തില്‍ ചണ്ഢാ എന്നറിയപ്പെടുന്ന ഇത് ആംഗലേയത്തില്‍ crepe ginger എന്നും അറിയപ്പെടുന്നു. ഒരു ചിരസ്ഥായി സസ്യമായ ഇതിന്റെ ഭൂമിക്കടിയിലുള്ള പ്രകന്ദത്തിൽ നിന്നും തണ്ടുകളായി കാണ്ഡങ്ങള്‍ വളരുന്നു. പച്ചിലകൾ ചെടിത്തണ്ടിൽ വര്‍ത്തുള്ള രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പൂക്കള്‍ വലുതും മനോഹരങ്ങളുമാണ്. ഇലകള്‍ പറിച്ചുമണത്താല്‍ പ്രത്യേകഗന്ധവുമുണ്ടാകും. 
വിത്തുകിഴങ്ങ് മുറിച്ചു നട്ടാണ് ഇതിന്റെ കൃഷി ചെയ്യുന്നത്. ഇത്തരം കിഴങ്ങിൻ കഷണങ്ങൾ മണ്ണും മണലും ഇലപ്പൊടിയും കലർത്തിയ മിശ്രിതം നിറച്ച ചട്ടിയിൽ ഒരിഞ്ചു താഴ്ത്തി നട്ട് ആനക്കൂവ വളർത്തുന്നു. തണ്ട് മുറിച്ചുനട്ടും ആനക്കൂവ വളർത്താവുന്നതാണ്. സാധാരണ കൂവപ്പൊടി ഉണ്ടാക്കുന്നതു പോലെ ഇതിന്റെ വേരില്‍ നിന്നു പൊടി ഉണ്ടാക്കി ഭക്ഷണമായി ഉപയോഗിക്കുകയും ചെയ്യാം. 
ചെടി മുഴുവനും ഔഷധഗുണങ്ങളാല്‍ സമ്പന്നമാണ്. വിവിധ രോഗങ്ങളുടെ ചികിത്സക്ക് ഒറ്റമൂലിയായി ഈ ചെടി ഉപയോഗിക്കാം. പനി വന്നാല്‍ ഇലകള്‍ പറിച്ച് അരച്ചു കുഴമ്പുപോലാക്കി തുണിയില്‍ തേച്ച് നെറ്റിയിലിടുക, ഇത് ഇട്ട് വെന്ത വെള്ളത്തില്‍ കുളിക്കുക. 
ശരീരമാസകലം വരുന്ന ചുട്ടുനീറ്റലിന് ഇതിന്റെ വേരരച്ച് തേക്കുക. കൃമിശല്യത്തിന് വേര്‍ചൂര്‍ണ്ണം ഫലപ്രദമാണ്. 
വേര്‍ ഇല കഷായം പ്രമേഹം കുറയ്കുന്നു. (ഇന്‍സുലിന്‍ പച്ച എന്നറിയപ്പെടുന്ന ചെടി ഇതിന്റെ അടുത്ത ബന്ധുവാണ്).ലൈംഗികശേഷി കൂടാനായി വേര്‍ ചൂര്‍ണ്ണം അമുക്കുരചൂര്‍ണ്ണം ചേര്‍ത്തു രാത്രി കഴിക്കുക. 


Comments