തെങ്ങ് (Cocos nucifera)


തെങ്ങ് (Cocos nucifera)

തെങ്ങെന്നു കേൾക്കുമ്പോൾ ഇളനീർ മുതൽ കള്ളുവരെ നമ്മുടെ ചിന്തയിൽ വരുന്നതു കൊണ്ടാണ് തെങ്ങിനെ കൽപ്പവൃക്ഷം എന്നു വിളിക്കുന്നത്. അരിക്കേസിയേ (ARECACEAE) കുടുംബാംഗമായ തെങ്ങ ഒരുപാട് ഔഷധഗുണങ്ങൾ ഉള്ളതാണ്.  

തെങ്ങിൻവേര്: ഉഷ്ണവാതം ശമിപ്പിക്കും. കരൾവീക്കത്തിൻ്റെഫലമായി ഉണ്ടായ മഹോദരം, സ്ത്രീകളിലെ കാരണങ്ങളൊന്നും കണ്ടുപിടിക്കാത്തവന്ധ്യത തുടങ്ങിയ അവസ്ഥകളിൽ ഇളംവേരുകൾ കഷായം വച്ച് ആവണക്കെണ്ണചേർത്ത് നൽകിയാൽ ഫലം ലഭിക്കും.

മൂത്രതടസംമാറാൻ വെള്ളരിക്കുടലും, ഇളയ തെങ്ങിൻവേരും അരച്ചിട്ടാൽ മതിയാകും.

തടി / തടിയിലെ തൊലി
കർക്കിടക കഞ്ഞിയിൽ 3 ദിവസം തെങ്ങിൻ്റെ തൊലി (അകത്തെ ചുവന്നഭാഗം) നിർബന്ധമായും ഉപയോഗിക്കാറുണ്ട് .

മടൽ / ഈർക്കിലി

പഴുത്തമടലിട്ടുതിളച്ചവെള്ളം ചർമ്മരോഗങ്ങൾക്ക് ഹിതമാണ്.

വിഷുചിക രോഗത്തിൽ പറയുന്ന പച്ചീർക്കിൽ, മലര് ,ഉലുവ, ചുക്ക്, കൂവളത്തിൻ വേര് ഇവ ചേർന്ന ആമകേരീർക്കിലാദികഷായം ഇന്നും വയറുകടിയ്ക്കുത്തമം.

ചൊട്ട:

തെങ്ങിൻ പൂക്കലാമൃതം കഴിക്കാത്ത സ്ത്രീകൾ ഉണ്ടാകില്ല. പ്രസവരക്ഷയായും, കുമാരിമാർക്ക് ദേഹരക്ഷയായും, നടുവേദനയകറ്റാനുമൊക്കെ കുറുക്കായും, ലേഹ്യമായുമൊക്കെ ചൊട്ട/ പൂക്കുല ഉപയോഗിക്കാം.

തെങ്ങിൻ പൂക്കുലയരി അരച്ച് പാലിൽ കുടിച്ചാൽ സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാർക്കും സ്വപ്ന സ്ഖലനം , ശീഘ്രസ്ഖലനം ഇവയ്ക്ക് നന്ന്.

ഇളനീർ: മാവില ഇളനീരിലരച്ച് ചില മഞ്ഞപ്പിത്തരോഗങ്ങളിൽ നൽകാം
നീരു കുറയാനും, കഫം കുറയാനും, വയറു രോഗമുള്ളപ്പോഴും, ക്ഷീണമുള്ളപ്പോഴും , ശർദ്ദിയുള്ളപ്പോഴും ഇളനീർ പ്രാണജലമാണ്.

കുട്ടികൾക്ക് മരുന്നിൻ്റെ അരുചി ഇല്ലാതെ നൽകാൻ കരിക്കു കഷായമുണ്ടാക്കുന്ന പതിവ് പഴയ വൈദ്യന്മാർക്ക് ഉണ്ടായിരുന്നു.
ചതവ്, ഉളുക്ക് തുടങ്ങിയവയ്ക്കുള്ള ലേപങ്ങൾ ( പുറമെ പുരട്ടുന്നവ) കരിക്കിൻ തൊണ്ടു ചതച്ച നീരിലാണ് ഇടാറ്.

തേങ്ങാവെള്ളം :
വൃഷ്യമാണ് (ധാതുപുഷ്ടി ഉണ്ടാക്കും) വസ്തിശുദ്ധി ചെയ്യുന്നതായതിനാൽ മൂത്രം പോകാത്ത അവസ്ഥയിൽ ഏലത്തരി 4 എണ്ണം ഒരു തുടം തേങ്ങാവെള്ളത്തിൽ നൽകാം.

ചിരട്ട : മാംസം വേവിക്കുമ്പോൾ മൃദുത്വം കിട്ടാൻ രണ്ടു ചെറിയ കഷണം ചിരട്ടയിടാം. 
തേങ്ങാപ്പാൽ: കുറുക്കി ഉരുക്കു വെളിച്ചെണ്ണയുണ്ടാക്കിയാൽ കുട്ടികളെ തേച്ചു കുളിപ്പിക്കാൻ വേറെ ഒന്നും വേണ്ട. ചർമ്മ രോഗങ്ങൾക്കുള്ള പല മരുന്നുകളും തേങ്ങാപ്പാലിലിടാൻ നിർദ്ദേശം ഉണ്ട്.
മാങ്ങ അധികം തിന്നാലുള്ള കട്ടിന് തേങ്ങ തിന്നാൽ മതിയാകും.
മധു: മധുരക്കള്ള് / നീര
മധു: മധുരക്കള്ള് പോഷകമാണ്, ലഹരിപ്പ് വരും മുൻപ് ഉപയോഗിക്കണം. ക്ഷയരോഗാവസ്ഥയിൽ ഉപയോഗിക്കാം.


Comments