വേനൽക്കാലത്ത് കരിഞ്ഞുണങ്ങി പൂർണ്ണമായും നശിച്ചാലും വർഷകാലത്ത് തളിർത്ത് പടർന്നു പന്തലിച്ചു വളരുന്ന ഒരു ചെടിയുണ്ട്. വീണ്ടും തളിർക്കുന്നത് എന്ന അർത്ഥത്തിൽ ആയുർവേദാചാര്യന്മാർ അതിനെ പുനർനവ എന്നു പേരിട്ടു. വയസായവരെ വീണ്ടും തളിർപ്പിക്കാനുള്ള മരുന്നാക്കി (രസായന ഔഷധം എന്ന് ശാസ്ത്രീയമായി പറയാം ) . ആധുനികശാസ്ത്രം ലാബുകളിൽ പരിശോധിച്ച് ഫലമറിഞ്ഞ് ഇന്നതിനെ പല മരുന്നുകളിലും ഉപയോഗിക്കുന്നു. മലയാളത്തിൽ അതിന്റെ പേര് തഴുതാമ , പുനർനവ എന്നൊക്കെയാണ്. ബൊറാവിയ ഡിഫ്യൂസ (Boerhavia diffusa ) എന്നാണ് ശാസ്ത്രീയ നാമം . നിക്ടാജിനേസിയേ (Nyctaginaceae) കുടുംബാംഗമാണ്.
ചുവപ്പ് വെള്ളനിറങ്ങളിൽ 2തരം തഴുതാമ ഉണ്ട് . നീല, പച്ച നിറത്തിലുള്ള തഴുതാമ ഉണ്ട് എന്ന് നാട്ടുവൈദ്യം പറയുന്നുണ്ട് എങ്കിലും കണ്ടവരില്ല. രാജനിഘണ്ടുവിൽ നീല ഇനത്തെ പറയുന്നുണ്ട്. നീല, പച്ച പൂക്കളുള്ള തഴുതാമ അറിവുള്ളവർ ഫോട്ടോ കമന്റ് ചെയ്താൽ ഉപകാരമായിരിക്കും.
രസ, ഗുണ, വീര്യ, വിപാകങ്ങൾ
കഷായ തിക്ത മധുരരസങ്ങൾ ആണ് ഈ ചെടിക്കുള്ളത്. അതിനാൽ പിത്തശമനമായിരിക്കും എന്ന ധാരണ തിരുത്തി ഉള്ളിൽ ചെന്നാൽ ലഘു രൂക്ഷഗുണങ്ങളാൽ ദഹനശേഷം എരിവു രസമായി മാറി ഉഷ്ണത്തെ ഉണ്ടാക്കി കഫത്തെയും , വാതത്തേയും ശമിപ്പിക്കുന്ന തലതിരിഞ്ഞ ഒരു ചെടിയാണിത്. അതുകൊണ്ടു തന്നെ നീര്, വിഷം, ഹെർണ്ണിയ , സ്പ്ലീനോമെഗാലി, ഹൃദ്രോഗം, ശ്വാസരോഗം, വൃക്കരോഗങ്ങൾ എന്നിവയിലെല്ലാം അവസ്ഥാനുസരണം പുനർനവ ഉപയോഗിക്കാം.
പടർന്നു പന്തലിച്ചു വളരുന്ന ബഹുവർഷി ക്രീപ്പറാണ്. വേര് തടിച്ചതും, കട്ടിയുള്ളതുമാണ്. ഇത് പൊടിച്ച് ഉപയോഗിക്കുന്നത് സമൂലം (whole plant) ഉപയോഗിക്കുന്നതിനേക്കാൾ ഗുണം ചെയ്യും. ഈ ചെടി ഇലകൾ ഓപ്പോസിറ്റായി , ചെറിയ പൂക്കളോടെയും , ഉരുണ്ട ചെറിയ കായ്കളോടെയും ഇന്ത്യയിലെവിടെയും കാണാൻ കഴിയും.
മൂത്രതടസത്തിന് വെള്ളം തിളപ്പിച്ച് ഉപയോഗിക്കാറുണ്ട് എങ്കിലും ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയ ചെടിയായതിനാൽ
പ്രായമുള്ളതും, സോഡിയം / പൊട്ടാസ്യം താഴുന്നതുമായ രോഗികൾക്ക് കൊടുക്കാതിരിക്കുന്നതാണ് നല്ലത്.
ഇല തോരനാക്കി / ഉപ്പേരിയാക്കി കഴിക്കുന്നതാവും കൂടുതൽ അപായരഹിതമായ ഉപയോഗം.
അർശസിന് ഹിതകരമായ മരുന്നാണ്.
വിശപ്പുവർദ്ധിപ്പിക്കും. സ്ത്രീകളുടെ പലരോഗങ്ങളിലും നാട്ടുവൈദ്യം ഈ മരുന്ന് ഉപയോഗപ്പെടുത്തിക്കണ്ടിട്ടുണ്ട്. ഉറക്കക്കുറവിന് തഴുതാമവേര് കഷായം ഗുണകരമാണ്.
കരളിൻ്റെ ആരോഗ്യംവർദ്ധിപ്പിക്കുന്ന ഒരു ഔഷധസസ്യമായ ഇത്
രക്തത്തെ വർദ്ധിപ്പിക്കുന്നതു കൂടിയാണ്.
പുനർനവാദി കഷായം, പുനർനവാസവം, പുനർനവമണ്ടുരം ഗുളിക എന്നിവ പ്രസിദ്ധയോഗങ്ങളാണ്.