പുനർന്നവാദി കഷായം

ആയുര്‍വേദ ചികിത്സയില്‍ ശോഥം (വീക്കം), ഉദരരോഗങ്ങള്‍, ശ്വാസകാസാദികള്‍ എന്നിവയുടെ നിയന്ത്രണത്തില്‍ പ്രധാന സ്ഥാനമെടുക്കുന്ന ഔഷധയോഗമാണ് പുനർന്നവാദി കഷായം. “പുനര്‍നവാ നിംബ പടോല ശുണ്ഠീ തിക്താമൃതാദാര്‍വ്യഭയാ കഷായാ…” എന്ന ശ്ലോകപ്രകാരം പുനര്‍നവ, നിംബ, പടോല, ശുണ്ഠി, തിക്ത (പുത്തരിച്ചുണ്ട), അമൃത (ചിറ്റമൃത്), ദാര്‍വി (മരമഞ്ഞള്‍), അഭയ (കടുക്കാത്തോട്) എന്നീ എട്ട് ദ്രവ്യങ്ങളാണ് ഇതിലെ പ്രധാന ഘടകങ്ങള്‍. മലയാളത്തില്‍ ഇവ തവിഴാമവേര്‍, വേപ്പിന്‍തൊലി, പടവലം, ചുക്ക്, പുത്തരിച്ചുണ്ടവേര്‍, ചിറ്റമൃത്‌, മരമഞ്ഞള്‍, കടുക്കാത്തോട് എന്നിങ്ങനെയാണ് പരിചിതം.

ഈ കഷായത്തിന്റെ പ്രധാന പ്രവര്‍ത്തനം ശരീരത്തിലെ അമിതജലം നീക്കം ചെയ്ത് ശോഥം കുറയ്ക്കുക എന്നതാണ്. പുനര്‍നവ ശക്തമായ മൂത്രവര്‍ധകവും ശോഥഹരവുമായ ദ്രവ്യമായതിനാല്‍ ശരീരവീക്കം, കാല്‍വീക്കം, മുഖവീക്കം തുടങ്ങിയ അവസ്ഥകളില്‍ ഇത് ഏറെ പ്രയോജനകരമാണ്. നിംബയും പടോലയും രക്തശുദ്ധികരവും പിത്തശമനവുമാകയാല്‍ അകത്തള ദാഹം, ചര്‍മസംബന്ധമായ അസ്വസ്ഥതകള്‍, ജ്വരാനന്തര ക്ഷീണം തുടങ്ങിയ അവസ്ഥകളിലും സഹായകമാണ്. ശുണ്ഠി ദീപന പാചന ഗുണങ്ങളിലൂടെ അഗ്നിയെ ഉത്തേജിപ്പിച്ച് ഉദരഗുരുത്വം, വാതജന്യ ശൂലം എന്നിവ കുറയ്ക്കുന്നു.

തിക്ത, അമൃത, ദാര്‍വി എന്നീ ദ്രവ്യങ്ങള്‍ ചേര്‍ന്നതോടെ ഈ കഷായത്തിന് ശക്തമായ ആമപാചനവും കരള്‍–പ്ലീഹ പ്രവര്‍ത്തന ഉത്തേജനവും ലഭിക്കുന്നു. അതിനാല്‍ മഹോദരം (അസൈറ്റിസ്), പാണ്ഡുരോഗം (അനീമിയ), ദീര്‍ഘകാല ശോഥാവസ്ഥകള്‍ തുടങ്ങിയവയില്‍ പുനര്‍നവാദി കഷായം പ്രധാന ചികിത്സായോഗമായി ഉപയോഗിക്കുന്നു. അഭയ (കടുക്കാത്തോട്) മലപ്രവൃത്തിയെ ക്രമപ്പെടുത്തുകയും ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നതിനാല്‍ സമഗ്രമായ ശുദ്ധീകരണഫലവും ഈ കഷായം നല്‍കുന്നു.

ശ്ലോകത്തിലെ ഫലശ്രുതിപ്രകാരം സര്‍വ്വാംഗശോഫം, ഉദരം, കാസം, ശൂലം, ശ്വാസം, പാണ്ഡുഗദം എന്നിവ ശമിപ്പിക്കുന്നതാണ് പുനര്‍നവാദി കഷായത്തിന്റെ മുഖ്യഗുണം. അതായത് ശരീരമാകെയുള്ള വീക്കം, വയറുവീക്കം, ചുമ, നെഞ്ചുവേദന, ശ്വാസക്കേട്, രക്തഹീനത തുടങ്ങിയ അവസ്ഥകളില്‍ ഇത് വൈദ്യോപദേശപ്രകാരം ഉപയോഗിക്കുമ്പോള്‍ മികച്ച ഫലം നല്‍കുന്നു.

ആധുനിക ജീവിതശൈലി മൂലമുണ്ടാകുന്ന ദഹനക്കുറവ്, ഉപ്പും എണ്ണയും അധികമായ ആഹാരം, ദീര്‍ഘകാല മരുന്നുപയോഗം എന്നിവ കാരണം ഇന്ന് ശോഥവും ഉദരസംബന്ധമായ പ്രശ്നങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, പുനര്‍നവാദി കഷായം പോലുള്ള പരമ്പരാഗത ആയുര്‍വേദയോഗങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. എന്നാല്‍ ഓരോ രോഗിയുടെയും ദോഷാവസ്ഥയും ബലവും രോഗാവസ്ഥയും വ്യത്യസ്തമായതിനാല്‍ ഈ കഷായം യോഗ്യനായ ആയുര്‍വേദ വൈദ്യന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ.

   
ഡോ.പൗസ് പൗലോസ് 
(അസോസിയേറ്റ് പ്രൊഫസർ)

Comments