സോറിയാസിസ്

സോറിയാസിസ് എന്നത് ചർമ്മത്തെ ബാധിക്കുന്ന വിട്ടുമാറാത്ത ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ്. ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയിലുണ്ടാകുന്ന താളപ്പിഴകൾ കാരണം പുതിയ ചർമ്മകോശങ്ങൾ അമിതവേഗത്തിൽ വളരുകയും, അവ ചർമ്മത്തിൽ അടിഞ്ഞുകൂടി ചുവന്ന തടിപ്പുകളും വെള്ളി നിറത്തിലുള്ള ശൽക്കങ്ങളും (scales) രൂപപ്പെടുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. തലയോട്ടി, കാൽമുട്ടുകൾ, കൈമുട്ടുകൾ എന്നിവിടങ്ങളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. പാരമ്പര്യം, മാനസിക സമ്മർദ്ദം, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ രോഗം വർദ്ധിക്കാൻ കാരണമാകാറുണ്ട്. 

ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ പ്രധാനമായും അഞ്ചായി തരംതിരിച്ചിരിക്കുന്നു. ചുവന്ന തടിപ്പുകൾക്ക് മുകളിൽ വെള്ളി നിറത്തിലുള്ള ശൽക്കങ്ങൾ കാണപ്പെടുന്ന പ്ലാക്ക് സോറിയാസിസ്, ബാക്ടീരിയൽ ഇൻഫെക്ഷനുകളെത്തുടർന്ന് ചെറിയ ചുവന്ന പൊട്ടുകളായി പ്രത്യക്ഷപ്പെടുന്ന ഗട്ടേറ്റ് സോറിയാസിസ്, മടക്കുകളുള്ള ചർമ്മഭാഗങ്ങളിൽ ശൽക്കങ്ങളില്ലാതെ കാണപ്പെടുന്ന ഇൻവേഴ്സ് സോറിയാസിസ്, പഴുപ്പ് നിറഞ്ഞ കുമിളകളോട് കൂടിയ പസ്റ്റുലാർ സോറിയാസിസ്, ശരീരമാസകലം കടുത്ത ചുവപ്പും ചൊറിച്ചിലുമുണ്ടാക്കുന്ന അപകടകരമായ എറിത്രോഡെർമിക് സോറിയാസിസ് എന്നിവയാണവ.

ആയുർവേദത്തിൽ ത്വക്ക് രോഗങ്ങളെ പൊതുവായി കുഷ്ഠം എന്നാണ് വിളിക്കുന്നത്. എല്ലാ കുഷ്ഠരോഗങ്ങളിലും ത്രിദോഷങ്ങളുടെയും (വാതം, പിത്തം, കഫം) സാന്നിധ്യമുണ്ടെങ്കിലും, അവയിൽ മുന്നിട്ടുനിൽക്കുന്ന ദോഷങ്ങളുടെ അടിസ്ഥാനത്തിലാണ് മഹർഷിമാർ ഇവയെ തരംതിരിച്ചിരിക്കുന്നത്. ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്ന ആചാര്യ സുശ്രുതൻ ത്വക്ക് രോഗങ്ങളിൽ രക്തം ദുഷിക്കുന്നതിന് വലിയ പ്രാധാന്യം നൽകുന്നു. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം സോറിയാസിസിനെ പ്രധാനമായും വാത-കഫ ദോഷങ്ങൾ കോപിച്ചുണ്ടാകുന്ന ഏകകുഷ്ഠം, കിടിഭം എന്നീ ക്ഷുദ്ര കുഷ്ഠങ്ങളായാണ് കണക്കാക്കുന്നത്. ചർമ്മത്തിൽ വിയർപ്പില്ലാതിരിക്കുക (അസ്വേദനം), വലിയ വിസ്തൃതിയിൽ രോഗം പടരുക (മഹാവാസ്തു), മത്സ്യത്തിന്റെ ചെതുമ്പൽ പോലെയുള്ള ശൽക്കങ്ങൾ കൊഴിഞ്ഞു വീഴുക (മത്സ്യശകലോപമം) എന്നിവയാണ് വാത-കഫ പ്രധാനമായ ഏകകുഷ്ഠത്തിന്റെ ലക്ഷണങ്ങൾ. 

ആചാര്യ വാഗ്ഭടനാകട്ടെ അഷ്ടാംഗഹൃദയത്തിൽ ഏകകുഷ്ഠത്തിനും കിടിഭത്തിനും പുറമെ സോറിയാസിസിന്റെ ചില അവസ്ഥകളെ വാത-പിത്ത അല്ലെങ്കിൽ വാത-കഫ പ്രധാനമായ സിദ്ധ്മം എന്ന കുഷ്ഠവുമായും താരതമ്യം ചെയ്യുന്നു. ദോഷങ്ങൾ ശരീരത്തിലെ രസ, രക്ത, മാംസ, ലസിക എന്നീ ധാതുക്കളിലേക്ക് ആഴത്തിൽ ഇറങ്ങുമ്പോഴാണ് സോറിയാസിസ് വിട്ടുമാറാത്ത രോഗമായി മാറുന്നതെന്ന് വാഗ്ഭടൻ വിശദീകരിക്കുന്നു.
രോഗം ശരീരത്തിൽ ആഴത്തിൽ വേരൂന്നിയതിനാൽ കേവലം പുറമെ പുരട്ടുന്ന മരുന്നുകൾ കൊണ്ട് മാത്രം ഇത് പൂർണ്ണമായി മാറുകയില്ല. അതിനാൽ ദോഷങ്ങളെ ശരീരത്തിൽ നിന്നും വേരോടെ പുറന്തള്ളുന്നതിനായുള്ള ആയുർവേദത്തിലെ പ്രധാന ചികിത്സാ രീതിയായ പഞ്ചകർമ്മ ചികിത്സയ്ക്കാണ് ഇവിടെ പ്രഥമ പരിഗണന നൽകുന്നത്. 

പഞ്ചകർമ്മ ചികിത്സയുടെ ആദ്യപടിയായി ശരീരത്തിലെ വിഷാംശങ്ങളെ ഇളക്കി മാറ്റുന്നതിനായി സ്നേഹപാനം (ഔഷധങ്ങൾ ചേർത്ത നെയ്യ് കുടിക്കുന്നത്) നൽകുന്നു. അതിനുശേഷം കഫ ദോഷം കൂടുതലാണെങ്കിൽ വമനവും (ഛർദ്ദിപ്പിക്കൽ), പിത്ത ദോഷം കൂടുതലാണെങ്കിൽ വിരേചനവും (വയറിളക്കൽ), വാത ദോഷം ശമിപ്പിക്കാൻ വസ്തിയും (എനിമ) ചെയ്യുന്നു. സുശ്രുതൻ പ്രത്യേകം നിർദ്ദേശിക്കുന്ന രക്തമോക്ഷണം അഥവാ അട്ടയെ ഉപയോഗിച്ച് അശുദ്ധ രക്തം കളയുന്ന ജളൂകാവചരണം സോറിയാസിസിന് ഏറ്റവും ഫലപ്രദമായ പഞ്ചകർമ്മ ചികിത്സകളിൽ ഒന്നാണ്. ഈ ശോധന പ്രക്രിയകൾക്ക് ശേഷം ദോഷങ്ങളെ ശമിപ്പിക്കാൻ ഗുളൂച്യാദി, മഞ്ചിഷ്ഠാദി തുടങ്ങിയ കഷായങ്ങളും ഗുഗ്ഗുലു തിക്തകം ഘൃതം പോലുള്ള ഔഷധങ്ങളും ഉള്ളിലേക്ക് നൽകുന്നു. പുറമെ പുരട്ടാൻ ദന്തപ്പാല തൈലം, അയ്യപ്പാല കേര തൈലം എന്നിവ ഉപയോഗിക്കുന്നതിനൊപ്പം മാനസിക സമ്മർദ്ദം കുറയ്ക്കാനും രോഗശമനത്തിനുമായി ഔഷധങ്ങൾ ചേർത്ത മോര് കൊണ്ടുള്ള തക്രധാരയും ചെയ്യാവുന്നതാണ്.

പഞ്ചകർമ്മ ചികിത്സയോടൊപ്പം തന്നെ കൃത്യമായ ഭക്ഷണക്രമവും ജീവിതശൈലിയും പാലിച്ചാൽ മാത്രമേ രോഗം പൂർണ്ണമായി ഭേദമാവുകയുള്ളൂ. രോഗികൾ നിർബന്ധമായും ശീലിക്കേണ്ട കാര്യങ്ങളെയാണ് പഥ്യം എന്ന് പറയുന്നത്. എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങൾ, പഴയ അരി, ചെറുപയർ, പാവയ്ക്ക എന്നിവ പഥ്യത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. കൂടാതെ മാനസിക സമ്മർദ്ദം കുറയ്ക്കാനായി യോഗ, ധ്യാനം എന്നിവ ശീലിക്കേണ്ടതും അത്യാവശ്യമാണ്. അതേസമയം, രോഗികൾ കർശനമായും ഒഴിവാക്കേണ്ട കാര്യങ്ങളെയാണ് അപഥ്യം എന്ന് വിളിക്കുന്നത്. വിരുദ്ധാഹാരങ്ങൾ, അതായത് പാലും മത്സ്യവും ഒന്നിച്ച് കഴിക്കുക, പാലും പുളിപ്പുള്ള പഴങ്ങളും ഒന്നിച്ച് കഴിക്കുക തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കണം. അമിതമായി പുളിയും എരിവും ഉപ്പും അടങ്ങിയ ഭക്ഷണങ്ങൾ, തൈര്, ശർക്കര, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയും ഉപേക്ഷിക്കണം. കൃത്യമായ പഞ്ചകർമ്മ ചികിത്സയും ചിട്ടയായ ജീവിതശൈലിയും ഭക്ഷണക്രമവും ഒത്തുചേർന്നാൽ ഈ രോഗത്തെ പൂർണ്ണമായും സുഖപ്പെടുത്താനും വീണ്ടും വരുന്നത് തടയാനും സാധിക്കും.

     ഡോ.പൗസ് പൗലോസ് 
(അസോസിയേറ്റ് പ്രൊഫസർ)

Comments