നടുവേദനയോ കഴുത്തുവേദനയോ വന്നാൽ

നടുവേദനയോ കഴുത്തുവേദനയോ വന്നാൽ ഉടനെ ചൂടുവെള്ളത്തിൽ കുളിച്ച്, നല്ലൊരു തൈലം വാങ്ങി ശക്തിയായി ഒന്ന് തിരുമ്മിയാൽ എല്ലാം ശരിയാകും എന്നത് സമൂഹത്തിൽ വേരുറച്ചുപോയ, എന്നാൽ ആയുർവേദത്തെക്കുറിച്ചുള്ള തീർത്തും അപകടകരമായ മറ്റൊരു പൊതുധാരണയാണ്. സന്ധിവാതങ്ങൾക്ക് വെറും എണ്ണ തടവൽ മാത്രമല്ല ചികിത്സ എന്ന് പറയുന്നതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് ഇക്കാര്യവും. കാരണം, എല്ലാ നടുവേദനയും വെറും 'വാതം' അല്ല; അവയൊന്നും എണ്ണയിട്ട് തിരുമ്മി മാറ്റാൻ കഴിയുകയുമില്ല. 

ആയുർവേദത്തിലെ ശല്യതന്ത്രം (Ayurvedic Surgery) ഈ വിഷയത്തെ വളരെ സൂക്ഷ്മമായാണ് സമീപിക്കുന്നത്. നടുവിനോ കഴുത്തിനോ അസഹനീയമായ വേദന വരുമ്പോൾ, വീട്ടിലുള്ള എന്തെങ്കിലും എണ്ണയോ കുഴമ്പോ എടുത്ത് ശക്തിയായി തിരുമ്മുകയാണ് പലരുടെയും ആദ്യത്തെ പ്രഥമശുശ്രൂഷ. എന്നാൽ ഇതിന് പിന്നിലെ യഥാർത്ഥ പാത്തോളജി എന്താണെന്ന് ആരും ചിന്തിക്കാറില്ല.

നട്ടെല്ലിന്റെ ഘടനയ്ക്കും (Spinal anatomy), ഡിസ്കുകൾക്കും (Intervertebral discs), സ്നായുക്കൾക്കും (Ligaments), നാഡികൾക്കും (Nerves) സംഭവിക്കുന്ന തകരാറുകളെ ശല്യതന്ത്രത്തിൽ പ്രധാനമായും 'അസ്ഥി-മജ്ജാഗത വാതം', 'ഗൃധ്രസി' (Sciatica), 'വിശ്വാചി' (Cervical Radiculopathy), അല്ലെങ്കിൽ 'കടിഗ്രഹം' (Lumbar Spondylosis) എന്നീ പേരുകളിലാണ് നിർവ്വചിക്കുന്നത്. സുശ്രുതസംഹിതയിൽ പറയുന്ന മർമ്മങ്ങളെ (Vital points) അടിസ്ഥാനമാക്കി ചിന്തിച്ചാൽ, നടുവിലെയും കഴുത്തിലെയും പ്രധാന മർമ്മങ്ങളായ 'കടീകതരുണം', 'കൃകാടിക' എന്നിവയ്ക്ക് ഏൽക്കുന്ന ആഘാതങ്ങൾ സ്രോതസ്സുകളിൽ കടുത്ത തടസ്സങ്ങളും (Avarana) നീർക്കെട്ടും സൃഷ്ടിക്കുന്നു. 

ഇത്തരം അവസ്ഥകളിൽ, പ്രത്യേകിച്ച് ഡിസ്ക് തെന്നിമാറി നാഡികളിൽ കടുത്ത സമ്മർദ്ദവും (Nerve compression) നീർക്കെട്ടും (Inflammation) നിൽക്കുന്ന ആദ്യഘട്ടത്തിൽ (Acute or 'Saama' stage), എണ്ണയിട്ട് തിരുമ്മുന്നത് (Forceful massage) വിപരീതഫലമാണ് ഉണ്ടാക്കുക. അത് ആവരണത്തെ വർദ്ധിപ്പിക്കുകയും നാഡികൾക്ക് കൂടുതൽ ക്ഷതം (Nerve injury) സംഭവിക്കാൻ കാരണമാവുകയും ചെയ്യും.

ഇവിടെയാണ് ശല്യതന്ത്രത്തിലെ സവിശേഷ ചികിത്സകളായ അനുശസ്ത്ര കർമ്മങ്ങളുടെ (Parasurgical procedures) പ്രസക്തി. കടുത്ത വേദനയും മരവിപ്പും ഉള്ള അവസ്ഥകളിൽ എണ്ണ തടവുന്നതിന് പകരം, ശല്യതന്ത്രത്തിൽ നിർദ്ദേശിക്കുന്നത് സിരാവേധം, അഗ്നികർമ്മം തുടങ്ങിയ പ്രധാന ചികിത്സകളാണ്. നീർക്കെട്ടും നാഡികളിലെ അമിത സമ്മർദ്ദവും കുറയ്ക്കാൻ ആചാര്യ സുശ്രുതൻ ഗൃധ്രസിയിൽ (Sciatica) സിരാവേധം അഥവാ രക്തമോക്ഷണം പ്രത്യേകം നിർദ്ദേശിക്കുന്നുണ്ട്. ഇത് തടസ്സങ്ങൾ നീക്കി വേദനയ്ക്ക് ഉടനടി ആശ്വാസം നൽകും. 

അതുപോലെ തന്നെ, അസ്ഥി, സ്നായു, സന്ധി എന്നിവയെ ബാധിക്കുന്ന കടുത്ത വാതവ്യാധികളിൽ ഏറ്റവും ഫലപ്രദമായ ചികിത്സയായി സുശ്രുതസംഹിത എടുത്തുപറയുന്നത് അഗ്നികർമ്മമാണ് (Thermal Microcautery). "അസ്ഥിസ്നായുസന്ധിപ്രാപ്തേ വാതേ... അഗ്നികർമ്മ തത്ര കുര്യാത്" എന്ന് ആചാര്യൻ വ്യക്തമാക്കുന്നുണ്ട്. നാഡികളിലെ തടസ്സം മാറ്റി, ആധുനിക വേദന സംഹാരികളേക്കാൾ വേഗത്തിൽ ഇത് ഫലം തരുന്നു. എണ്ണയോ മറ്റ് സ്നേഹദ്രവ്യങ്ങളോ വിലക്കപ്പെട്ട അവസ്ഥകളിൽ ഇത്തരം ചികിത്സകൾ അമൃതുപോലെ പ്രവർത്തിക്കും.

നാഡിയിലെയും പേശികളിലെയും നീർക്കെട്ട് കഷായങ്ങളിലൂടെയും ഈ ശല്യതന്ത്ര ചികിത്സകളിലൂടെയും പൂർണ്ണമായി മാറിയ ശേഷം മാത്രമേ, പേശികൾക്ക് ബലം നൽകാനും സന്ധികളുടെ പ്രവർത്തനം സുഗമമാക്കാനും വേണ്ടി എണ്ണ തേച്ചുള്ള ചികിത്സകൾക്കും (അഭ്യംഗം), സ്നേഹവസ്തി പോലുള്ള മറ്റ് ചികിത്സകൾക്കും മുതിരാവൂ. ഓരോ രോഗിയുടെയും ശരീരപ്രകൃതിയും നടുവേദനയുടെ അടിസ്ഥാന കാരണവും വ്യത്യസ്തമാണ്. അത് കൃത്യമായി മനസ്സിലാക്കാതെ സ്വന്തമായി തൈലം കാച്ചിയോ, അശാസ്ത്രീയമായി തിരുമ്മിയോ സ്വയം ചികിത്സിക്കുന്നത് രോഗം വഷളാക്കും. നടുവേദനയും കഴുത്തുവേദനയും സങ്കീർണ്ണമായ അവസ്ഥകളാണ്. അതിന് കൃത്യമായ രോഗനിർണ്ണയവും, ഒരു ആയുർവേദ ഡോക്ടറുടെ മേൽനോട്ടത്തിലുള്ള ശാസ്ത്രീയമായ ചികിത്സയും തന്നെ വേണം. വെറും എണ്ണ തടവൽ പോരാ.

     ഡോ.പൗസ് പൗലോസ് 
(അസോസിയേറ്റ് പ്രൊഫസർ)

Comments