ച്യവനപ്രാശം

ആയുർവേദ ശാസ്ത്രത്തിലെ ഏറ്റവും ശ്രേഷ്ഠവും പരക്കെ അംഗീകരിക്കപ്പെട്ടതുമായ ഒരു രസായന ഔഷധമാണ് ച്യവനപ്രാശം. പുരാതന കാലം മുതൽക്കെ ഉപയോഗിച്ചുവരുന്ന ഈ ലേഹ്യം, ആധുനിക വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലും മികച്ച ഒരു പ്രതിരോധശേഷി വർദ്ധിനിയായി കണക്കാക്കപ്പെടുന്നു. കേവലം രോഗം വന്നതിനുശേഷം കഴിക്കാനുള്ള ഒരു മരുന്ന് എന്നതിലുപരി, ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു ഉത്തമ ആഹാരപൂരകമാണിത്. വാർദ്ധക്യത്തെ അകറ്റി യൗവനം നിലനിർത്താൻ സഹായിക്കുന്ന ഒരു ഉത്തമ ഔഷധമായാണ് ഇതിനെ ശാസ്ത്രം വിലയിരുത്തുന്നത്.

വളരെ സൂക്ഷ്മവും ശാസ്ത്രീയവുമായ ഒരു നിർമ്മാണ പ്രക്രിയയിലൂടെയാണ് ച്യവനപ്രാശം തയ്യാറാക്കുന്നത്. ഇതിന്റെ പ്രധാന ചേരുവയായ പച്ചനെല്ലിക്ക ജീവകം സിയുടെയും ആന്റിഓക്സിഡന്റുകളുടെയും ഒരു വലിയ കലവറയാണ്. കൂവളത്തിൻവേര്, കുറുന്തോട്ടിവേര്, അമൃത്, കാട്ടുതിപ്പലി, അമുക്കുരം, ശതാവരിക്കിഴങ്ങ്, മുന്തിരിങ്ങാപ്പഴം തുടങ്ങി നാല്പതിലധികം ഔഷധസസ്യങ്ങളുടെ സത്താണ് ഇതിൽ അടങ്ങിയിരിക്കുന്നത്. നിർമ്മാണവേളയിൽ ഈ ഔഷധങ്ങൾ വെളളത്തിൽ തിളപ്പിച്ച് കുറുക്കി കഷായമാക്കുന്നതിലൂടെ അവയിലെ ജലത്തിൽ ലയിക്കുന്ന സജീവ ഘടകങ്ങൾ വേർതിരിച്ചെടുക്കുന്നു. തുടർന്ന് കുരു മാറ്റിയ നെല്ലിക്ക നെയ്യിലും നല്ലെണ്ണയിലും മൂപ്പിച്ചെടുക്കുമ്പോൾ, കൊഴുപ്പിൽ ലയിക്കുന്ന ഔഷധഗുണങ്ങൾ ശരീരത്തിന് എളുപ്പത്തിൽ വലിച്ചെടുക്കാൻ കഴിയുന്ന രൂപത്തിലാകുന്നു. 

പിന്നീട് കൽക്കണ്ടം അല്ലെങ്കിൽ ശർക്കര, തിപ്പലി, ഇലവർങ്ഗം, കൂവനൂറ് തുടങ്ങിയവ ചേർത്ത് ലേഹ്യപാകത്തിലാക്കുന്നു. മിശ്രിതം പൂർണ്ണമായും തണുത്തതിനുശേഷം മാത്രം തേൻ ചേർക്കുന്നത് ആയുർവേദത്തിലെയും ആധുനിക ശാസ്ത്രത്തിലെയും ഒരു സുപ്രധാന തത്വമാണ്. ചൂടുള്ള പദാർത്ഥങ്ങളിൽ തേൻ ചേർത്താൽ അതിലെ ഗുണകരമായ എൻസൈമുകൾ നശിച്ചുപോകാൻ സാധ്യതയുണ്ട് എന്നതാണ് ഇതിന് പിന്നിലെ ശാസ്ത്രം.

ശരീരത്തിലെ വിവിധ വ്യവസ്ഥകളെ പോഷിപ്പിക്കുന്നതിലും രോഗങ്ങൾ ശമിപ്പിക്കുന്നതിലും ഈ ഔഷധത്തിന് സവിശേഷമായ കഴിവുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കുള്ള ഏറ്റവും മികച്ച പ്രതിവിധിയാണിത്. ഇതിലെ ഔഷധങ്ങൾ ശ്വാസകോശ നാളികളിലെ നീർക്കെട്ട് കുറയ്ക്കുകയും ആസ്ത്മ, വിട്ടുമാറാത്ത ചുമ എന്നിവ ശമിപ്പിക്കുന്നതിനും സഹായിക്കുന്നു. ഉരഃക്ഷതം അഥവാ നെഞ്ചിലെ അണുബാധകളോ ക്ഷതമോ ഉള്ളവർക്ക് ഇത് വളരെ ഗുണകരമാണ്. കൂടാതെ, കുട്ടികളിൽ ശാരീരിക വളർച്ചയെ ഉത്തേജിപ്പിക്കാനും, വാർദ്ധക്യസഹജമായ പേശീക്ഷയത്തെ തടയാനും ശാരീരികമായി ക്ഷീണിച്ചവർക്ക് ഊർജ്ജം നൽകാനും ഇത് ഫലപ്രദമാണ്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിലൂടെ അകാല വാർദ്ധക്യത്തെ തടയുകയും, കോശങ്ങൾക്ക് യൗവനം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. 

നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നത് വഴി ഓർമ്മശക്തിയും ബുദ്ധിശക്തിയും മെച്ചപ്പെടുന്നു. ദഹനപ്രക്രിയയെ സുഗമമാക്കാനും, ഉപാപചയ പ്രവർത്തനങ്ങൾ കൃത്യമാക്കാനും ഇതിലെ ഔഷധങ്ങൾ സഹായിക്കും. സ്വരഭ്രംശം, ഹൃദ്രോഗങ്ങൾ, രക്തവാതം, അമിതമായ ദാഹം, പ്രമേഹം, മൂത്ര സംബന്ധമായ ബുദ്ധിമുട്ടുകൾ, ശുക്ളദോഷങ്ങൾ എന്നിവയെ ശമിപ്പിക്കാനും ഇതിന് കഴിവുണ്ട്. ചുരുക്കത്തിൽ, പഞ്ചേന്ദ്രിയങ്ങൾക്ക് ബലം നൽകുകയും, ശാരീരിക കാന്തിയും ഓജസ്സും വർദ്ധിപ്പിക്കുകയും വാതത്തെ പ്രതിരോധിക്കുകയും ചെയ്യുന്ന സമഗ്രമായ ഒരു ആരോഗ്യദായിനിയാണിത്.

ച്യവനപ്രാശത്തിന്റെ ഉപയോഗക്രമവും അളവും ഓരോ വ്യക്തിയുടെയും ദഹനശേഷിയെയും അഥവാ അഗ്നിബലത്തെയും ശാരീരിക പ്രകൃതത്തെയും അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കേണ്ടത്. കൃത്യമായ അളവെന്നത് ഓരോരുത്തരുടെയും അഗ്നിബലത്തിന് അനുസൃതമായിരിക്കണം എന്നതാണ് പ്രധാന നിയമം. ദഹനശേഷി കുറഞ്ഞവർ ചെറിയ അളവിൽ തുടങ്ങി പിന്നീട് അളവ് വർദ്ധിപ്പിക്കുന്നതാണ് ഉചിതം. 

കൃത്യമായ പത്ഥ്യാനുഷ്ഠാനങ്ങളോടുകൂടി ഇത് സേവിച്ചാൽ മാത്രമേ പൂർണ്ണമായ ഫലം ശരീരത്തിന് ലഭിക്കുകയുള്ളൂ. ഇത് കഴിച്ചതിനുശേഷം ഒരു ഗ്ലാസ് ഇളം ചൂടുള്ള പാലോ തിളപ്പിച്ചാറ്റിയ വെള്ളമോ കുടിക്കുന്നത് ഈ ലേഹ്യത്തിലെ ഔഷധഗുണങ്ങൾ ശരീരത്തിൽ വേഗത്തിൽ ആഗിരണം ചെയ്യപ്പെടാൻ സഹായിക്കും. വാതത്തെ ശമിപ്പിച്ച് ശരീരത്തിന് യൗവനവും ആരോഗ്യവും പ്രദാനം ചെയ്യാൻ ചിട്ടയായുള്ള ച്യവനപ്രാശ ഉപയോഗം ഏതൊരാളെയും സഹായിക്കുന്നതാണ്.

     ഡോ.പൗസ് പൗലോസ് 
(അസോസിയേറ്റ് പ്രൊഫസർ)

Comments