ഈ കഷായത്തിന്റെ ഔഷധമൂല്യം അതിലടങ്ങിയിരിക്കുന്ന ഓരോ ദ്രവ്യങ്ങളുടെയും ശാസ്ത്രീയ സവിശേഷതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിലെ പ്രധാന ചേരുവയായ ഭദ്ര(ചെറൂള) ശരീരത്തിലെ നീർക്കെട്ട് (Inflammation) കുറയ്ക്കാനും പേശികൾക്ക് ആവശ്യമായ ബലം നൽകാനും സഹായിക്കുന്നു. പുനർനവ (തഴുതാമ) വളരെ മികച്ച ഒരു ഡൈയൂററ്റിക് (Diuretic) ആയി പ്രവർത്തിക്കുകയും ഗർഭകാലത്ത് സാധാരണയായി ഉണ്ടാകുന്ന കൈകാൽ നീര് കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ ഇതിലെ ആന്റിഓക്സിഡന്റ് ഘടകങ്ങൾ വൃക്കകളുടെ സുഗമമായ പ്രവർത്തനത്തിനും രക്തയോട്ടം വർദ്ധിപ്പിക്കാനും ഉത്തമമാണ്. ബല (കുറുന്തോട്ടി) ഞരമ്പുകൾക്കും പേശികൾക്കും കരുത്തുനൽകുകയും അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ ഊർജ്ജം പ്രധാനം ചെയ്യുകയും ചെയ്യുന്ന മികച്ച ഒരു ന്യൂറോപ്രൊട്ടക്റ്റീവ് (Neuroprotective) ഔഷധമാണ്.
ഉണക്കമുന്തിരി (ദ്രാക്ഷ) ഇരുമ്പിന്റെയും കാൽസ്യത്തിന്റെയും മികച്ച സ്രോതസ്സായതിനാൽ ഗർഭകാലത്തെ വിളർച്ചയെ (Anemia) തടയാൻ സഹായിക്കുന്നു. കൂടാതെ മലബന്ധം ഇല്ലാതാക്കാനും കുഞ്ഞിന്റെ ശരിയായ പോഷണത്തിനും ഇത് അത്യാവശ്യമാണ്. ഞെരിഞ്ഞിൽ (ഗോക്ഷുര) മൂത്രാശയ സംബന്ധമായ അണുബാധകൾ (UTI) തടയുകയും ജനനേന്ദ്രിയ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ജീരകം ദഹനപ്രക്രിയയെ സുഗമമാക്കുന്നതിനൊപ്പം ഗ്യാസ്, അസിഡിറ്റി, കുടലിലെ വേദന എന്നിവ ശമിപ്പിക്കാനും വാതത്തെ കീഴ്പോട്ട് നയിക്കാനും (Carminative action) സഹായിക്കുന്ന ഒന്നാണ്.
ഈ ഔഷധങ്ങളുടെയെല്ലാം ശാസ്ത്രീയമായ കൂട്ടായ്മ ഗർഭിണികൾക്ക് മികച്ച പ്രതിരോധശേഷി നൽകുന്നതിനൊപ്പം ശാരീരികമായ അസ്വസ്ഥതകളെ ലഘൂകരിക്കുകയും ചെയ്യുന്നു. കൂടാതെ ഇത് ഗർഭപാത്രത്തിന് ആവശ്യമായ ബലം നൽകി അലസൽ (Miscarriage) വരാനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നു. സാധാരണയായി 15 മില്ലി കഷായം 45 മില്ലി തിളപ്പിച്ചാറിയ വെള്ളത്തിൽ ചേർത്ത് രാവിലെയും വൈകുന്നേരവും ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപായി വെറുംവയറ്റിൽ സേവിക്കാവുന്നതാണ്. രോഗിയുടെ ശാരീരിക അവസ്ഥയും ദഹനശേഷിയും ഗർഭാവസ്ഥയുടെ കാലയളവും പരിഗണിച്ച് ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശാനുസരണം കൃത്യമായ മാത്രയിൽ വേണം ഈ ഔഷധം ഉപയോഗിക്കാൻ.
ഡോ.പൗസ് പൗലോസ്
(അസോസിയേറ്റ് പ്രൊഫസർ)
No comments:
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW